
തിരുവനന്തപുരം: നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ കഴുത്തില്‍നിന്നും ബൈക്കിലെത്തി രണ്ട് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി. വാമനപുരം ആനാകുടി പൊയ്കമുക്ക് സ്വദേശി പ്രശോഭനയുടെ മാലയാണ് കഴിഞ്ഞ ദിവസം അപഹരിച്ചത്. സംഭവത്തിൽ നെയ്യാറ്റിൻകര തൊഴുക്കൽ തൈത്തോട്ടം സ്വദേശി സാജൻ (29) കാരേറ്റ് മാടൻവിള വീട്ടിൽ സിനു (25) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.
ബുധനാഴ്ച വാമനപുരം ആനാകുടി ജംങ്ഷന് സമീപം വച്ചായിരുന്നു സംഭവം. പോസ്റ്റോഫീസിൽ പോയ ശേഷം വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു ഇവര്‍. നടക്കുന്നതിനിടെ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ട് പേര്‍ വഴി ചോദിക്കുകയും വഴി പറഞ്ഞ് കൊടുത്ത് കൊണ്ടിരിക്കുമ്പോള്‍ മാല പൊട്ടിച്ചടുത്ത് ബൈക്ക് അതിവേഗത്തില്‍ ഓടിച്ച് പോവുകയുമായിരുന്നു. വീട്ടമ്മ ഇതോടെ ബഹളം വച്ചു. ഇത് കേട്ട് നാട്ടുകാര്‍ ഓടിക്കൂടുകയും ചിലര്‍ ബൈക്കുകളില്‍ മോഷ്ടാക്കളെ പിന്തുടരുകയും ചെയ്തുവെങ്കിലും പിടികൂടാനായില്ല. തുടര്‍ന്ന് വീട്ടമ്മ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകി.
രജിസ്ട്രേഷൻ നമ്പരില്ലാത്ത ബൈക്കായിരുന്നതിനാൽ പ്രതികളെ തിരിച്ചറിയാൻ ബുദ്ധിമുട്ടി. ഒടുവിൽ പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളിലേക്ക് എത്തിയത്. കടുത്ത അക്രമസ്വഭാവം കാണിച്ച പ്രതികളെ അതിസാഹസികമായാണ് കീഴടക്കിയത്. ജയിലിൽ കിടന്നുള്ള പരിചയത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികൾ ഒന്നിച്ച് മോഷണം ആസൂത്രണം ചെയ്തതെന്നാണ് വിവരം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam