
കൊച്ചി: കൊച്ചിയിൽ കെഎസ്ആർടിസി ഓപ്പൺ ഡബിൾ ഡക്കർ ബസ് സർവീസ് ആരംഭിച്ചു. ബജറ്റ് ടൂറിസത്തിന്‍റെ ഭാഗമായുള്ള കെഎസ്ആർടിസിയുടെ ഓപ്പൺ ഡബിൾ ഡക്കർ നാടാകെ ആഗ്രഹിച്ചിരുന്ന സംവിധാനമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കെഎസ്ആർടിസി ഓപ്പൺ ഡബിൾ ഡക്കർ ബസ് സർവീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരത്തും മൂന്നാറും ബജറ്റ് ടൂറിസം സംവിധാനത്തിന്‍റെ ഭാഗമായി ഡബിൾ സംവിധാനം ആരംഭിച്ചിരുന്നു. മൂന്നാറിൽ ഗ്ലാസ് ഇട്ട് കവർ ചെയ്തുകൊണ്ടുള്ള ബസ് ആണ് ഓടുന്നത്. ഇവിടെ നഗരക്കാഴ്ചകൾ കാണാം കഴിയും. ലണ്ടൻ പോലുള്ള നഗരങ്ങളിൽ ഇത്തരത്തിലുള്ള സർവീസുകൾ നമുക്ക് പരിചിതമാണ്. കൊച്ചിയിൽ ഇത്തരം ഒരു സംവിധാനം വേണമെന്ന പരിശ്രമത്തിന്‍റെ ഫലമായാണ് ഇത്തരത്തിലുള്ള സംവിധാനം യാഥാർത്ഥ്യമായത്. നഗര കാഴ്ചകൾ മുകളിലിരുന്ന് വിശാലമായി കാണാനും താഴെയിരുന്ന് ആസ്വദിക്കാനും കഴിയും.
ഇപ്പോൾ എറണാകുളത്തെ കടമക്കുടി ലോകത്തിലെ ഏറ്റവും മനോഹരമായ വില്ലേജ് ആണെന്ന് ആനന്ദ് മഹീന്ദ്ര ഉൾപ്പെടെയുള്ളവർ ട്വീറ്റ് ചെയ്തിട്ടുണ്ട്. അതിവേഗത്തിൽ വികസിക്കുന്ന കൊച്ചിയുടെ ടൂറിസത്തിന് ഡബിൾ ഡക്കർ ബസ് കൂടുതൽ സഹായകമാകും. ആഭ്യന്തര ടൂറിസത്തിനായി കേരളത്തിന് അകത്തുനിന്ന് തന്നെ കൊച്ചിയിലേക്ക് വരുന്നവർക്കും നഗര കാഴ്ചകൾ കാണാൻ ബസ് യാത്രയിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ജെട്ടി സ്റ്റാൻഡിൽ നടന്ന പരിപാടിയിൽ ടി ജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ഹൈബി ഈഡൻ എംപി, കെ ജെ മാക്സി എംഎൽഎ, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ, കെഎസ്ആർടിസി ബജറ്റ് ടൂറിസം ചീഫ് ട്രാഫിക് മാനേജർ ആർ ഉദയകുമാർ, എറണാകുളം എ.ടി.ഒ. ടി എ ഉബെെദ്, ബജറ്റ് ടൂറിസം സംസ്ഥാന കോ ഓഡിനേറ്റർ ആർ സുനിൽകുമാർ, ജില്ലാ കോർഡിനേറ്റർമാരായ പ്രശാന്ത് വേലിക്കകം, ആർ അനീഷ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഓപ്പൺ ഡബിൾ ഡക്കർ ബുക്ക് ചെയ്യാൻ
കൊച്ചിയിലെ കെഎസ്ആർടിസി ഡബിൾ ഡക്കർ യാത്രയ്ക്ക് ബുക്ക് ചെയ്യാൻ onlineksrtcswift.com എന്ന റിസർവേഷൻ സൈറ്റിൽ സ്റ്റാർട്ടിങ് ഫ്രം എന്ന ഓപ്ഷനിൽ കൊച്ചി സിറ്റി റൈഡ് (Kochi City Ride) എന്നും ഗോയിങ് ടു ഓപ്ഷനിൽ കൊച്ചി (Kochi) എന്നും സെലക്ട് ചെയ്തു സീറ്റുകൾ ഉറപ്പിക്കാവുന്നതാണ്. കൂടാതെ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 99610 42804- (ഷാലിമാർ തോമസ്, യൂണിറ്റ് കോർഡിനേറ്റർ) 8289905075 - (മനോജ്, അസിസ്റ്റൻ്റ് കോർഡിനേറ്റർ) 9447223212- (പ്രശാന്ത് വേലിക്കകം, ജില്ലാ കോർഡിനേറ്റർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ നേരിട്ട് എത്തിയും സീറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
ബസ് നിരക്ക്
ഡബിൾ ഡക്കർ ബസിന്‍റെ മുകളിലെ ഡക്കിലിരുന്ന് യാത്ര ചെയ്യുന്നതിന് 300 രൂപയും താഴത്തെ ഡക്കിലിരുന്ന് യാത്ര ചെയ്യുന്നതിന് 150 രൂപയുമാണ് യാത്രാനിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
റൂട്ട്
വൈകിട്ട് അഞ്ചുമണിക്ക് എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് ബസ് പുറപ്പെടുന്നത്. തുടർന്ന് തേവര വഴി തോപ്പുംപടി കോപ്റ്റ് അവന്യൂ വോക്ക് വേ എത്തും. കോപ്റ്റ് അവന്യൂ വോക്ക് വേ യിൽ സഞ്ചാരികൾക്ക് കായൽ തീരത്തെ നടപ്പാതയും പാർക്കും ആസ്വദിക്കുന്നതിനുള്ള സൗകര്യമുണ്ടാകും.
കോപ്റ്റ് അവന്യൂ വോക്ക് വേ വഴി ഒരു കിലോമീറ്റർ സഞ്ചരിച്ച് ഇടത്തോട്ട് തിരിയും. തുടർന്ന് തേവര വഴി മറൈൻഡ്രൈവ്, ഹൈക്കോടതി, മൂന്ന് ഗോശ്രീ പാലങ്ങൾ കയറി കാളമുക്ക് ജംഗ്ഷനിൽ എത്തിച്ചേരും. കാള മുക്ക് ജംഗ്ഷനിൽ നിന്നും തിരിച്ച് രാത്രി 8 മണിയോടെ തിരികെ ബസ് സ്റ്റാൻഡിൽ എത്തും.
സീറ്റുകൾ
ബസിന്‍റെ മുകളിലത്തെ നിലയിൽ 39 സീറ്റുകളും താഴത്തെ നിലയിൽ 24 സീറ്റുകളും ഉൾപ്പെടെ 63 സീറ്റുകളാണ് തയ്യാറായിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam