
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിനിടെ കൻ്റോൺമെന്റ് എസ്എച്ച്ഒയ്ക്കും എസ്ഐയ്ക്കും എതിരേ വധഭീഷണി മുഴക്കിയ സിപിഎം നേതാക്കൾക്കെതിരേ കേസ്. സിപിഎം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി. ജോയി, കടകംപുള്ളി സുരേന്ദ്രൻ എന്നിവർക്കെതിരേയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രഞ്ജിത് രവീന്ദ്രന്റെ പരാതിയിൽ പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.
കഴിഞ്ഞദിവസം നടന്ന സിപിഎമ്മിന്റെ സെക്രട്ടറിയേറ്റ് മാർച്ചിനിടെയാണ് വി ജോയിയും കടകംപള്ളി സുരേന്ദ്രനും പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ വധഭീഷണി മുഴക്കിയത്. മാർച്ചിനിടെ കന്റോൺമെന്റ് അസി. കമ്മീഷണർ ജയചന്ദ്രനോട് സംസാരിക്കുന്നതിനിടെയാണ് ഇരുവരും കന്റോൺമെന്റ് എസ്എച്ച്ഒ സതീശ്കുമാർ, എസ്ഐ ഗോകുൽ എന്നിവർക്കെതിരേ പരാമർശം നടത്തിയത്. അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഇവിടെ ഒരു കൊലപാതകം നടക്കും എന്നായിരുന്നു വി ജോയി പറഞ്ഞത്. എസ്ഐ ഗോകുലും സതീശ്കുമാറും തിരികെ വീട്ടിലെത്തി കുട്ടികളെ താലോലിക്കില്ലെന്നായിരുന്നു കടകംപള്ളിയുടെ പരാമർശം.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി വി ജോയിയും രംഗത്തെത്തി. എസ്എച്ച്ഒയോട് അല്ല, എസിപിയോടാണ് താൻ കാര്യങ്ങൾ പറഞ്ഞതെന്നായിരുന്നു ജോയിയുടെ വിശദീകരണം. ആരെയും കൊല്ലുമെന്നല്ല, മറിച്ച് പൊലീസ് ഇത്തരം പ്രവൃത്തികൾ തുടർന്നാൽ വിദ്യാർഥികളിൽ ഒരാൾ മരണപ്പെടും. അങ്ങനെ ഒരു കൊലപാതകം ഇവിടെ ഉണ്ടാകും എന്നാണ് താൻ ഉദ്ദേശിച്ചതെന്നും വി ജോയി വിശദീകരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam