ഡോക്ടറുടെ നിർദേശം അവഗണിച്ച് വീട്ടിൽ പ്രസവം: മൂന്നാംനാൾ തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

By Web TeamFirst Published Aug 9, 2022, 9:27 AM IST
Highlights

അക്യുപങ്ചറിസ്റ്റുകളായ മാതാപിതാക്കൾ തന്നെയാണ് സ്വന്തം ഇഷ്ടപ്രകാരം വീട്ടിൽ സ്വയം പ്രസവമെടുത്തത്.

മലപ്പുറം: ഡോക്ടറുടെ നിർദേശം അവഗണിച്ച്  വീട്ടിൽ 'സുഖപ്രസവത്തിൽ' ജനിച്ച കുട്ടി മൂന്നാംനാൾ മരിച്ചു. മലപ്പുറം ജില്ലയിലെ തലക്കാട് പഞ്ചായത്ത് വെങ്ങാലൂർ സ്വദേശികളുടെ മുന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് ജനിച്ച് മൂന്നാം ദിവസം മരിച്ചത്. ഡോക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച് വീട്ടിൽ വെച്ചായിരുന്നു യുവതിയുടെ പ്രസവം. അക്യുപങ്ചറിസ്റ്റുകളായ മാതാപിതാക്കൾ തന്നെയാണ് സ്വന്തം ഇഷ്ടപ്രകാരം വീട്ടിൽ സ്വയം പ്രസവമെടുത്തത്. ഈ മാസം അഞ്ചാം തിയ്യതിയായിരുന്നു യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയരുന്നു.

മാതാപിതാക്കൾ വീട്ടിൽ വച്ച് തന്നെ പ്രസവമെടുക്കരുതെന്ന് തലക്കാട് കുടുംബാരോഗ്യ മെഡിക്കൽ ഓഫീസർ നേരത്തെ അറിയിച്ചിരുന്നു.  ഇവർക്ക് ആവശ്യമായ ബോധവൽക്കരണം നടത്തുകയും ചെയ്തിരുന്നു. മുൻപുണ്ടായ മൂന്ന് പ്രസവങ്ങളും സിസ്സേറിയനായതിനാൽ സ്വമേധയാ പ്രസവമെടുക്കുന്നത് അപകടകരമാണെന്നും ഡോക്ടർ മാതാപിതാക്കളെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് വൈദ്യസഹായം ആവശ്യമില്ലെന്നായിരുന്നു വീട്ടുകാരുടെ മറുപടി. തിങ്കളാഴ്ച പുലർച്ചെയാണ് കുട്ടിയുടെ മരണം. കാരത്തൂരിലെ സ്വകാര്യ ഡോക്ടറാണ് മരണം സ്ഥിരീകരിച്ചത്. പിന്നാലെ രാവിലെ 10 മണിയോടെ കുഞ്ഞിന്‍റെ മൃതദേഹം സംസ്‌കരിച്ചു.

തിങ്കളാഴ്ച രാവിലെ 10 മണിയോടെ വെങ്ങാലൂർ ജുമുഅ മസ്ജിദിൽ ഖബറടക്കി. വിവരമറിഞ്ഞ് പ്രദേശത്തെ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നുകാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്  തിരൂർ പൊലീസ് സംഭവ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. എസ്.ഐ. ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലാണ് പൊലീസ് വീട്ടുകാരുടെ മൊഴിയെടുത്തത്. മരണത്തില്‍ സംശയമോ പരാതിയോ ഇല്ലെന്നാണ് വീട്ടുകാര്‍ മൊഴി നല്‍കിയത്. കുഞ്ഞിനെ പരിശോധിച്ച് മരണം സ്ഥിരീകരിച്ച ഡോക്ടറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയതാണ് മരണകാരണമായി ഡോക്ടർ പൊലീസിനോട് പറഞ്ഞത്.

Read More : കള്ളനോട്ടും ലോട്ടറിയും അച്ചടിക്കും, വ്യാജനെ കൊടുത്ത് ചില്ലറയാക്കും; 2000 രൂപയുടെ വ്യാജന് പിന്നില്‍ വന്‍ സംഘം

click me!