Asianet News MalayalamAsianet News Malayalam

വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസിന്‍റെ വേഗം 97.2 കി.മി, അപകട കാരണം അമിത വേഗതയെന്ന് മന്ത്രി

സ്കൂള്‍ അധികൃതര്‍ക്കും വീഴ്ച പറ്റി. യാത്രയുടെ വിവരങ്ങള്‍ ഗതാഗത വകുപ്പിനെ മുന്‍ കൂട്ടി അറിയിച്ചില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Vadakancherry bud Accident Minister say high speed was the cause of the accident
Author
First Published Oct 6, 2022, 8:19 AM IST


പാലക്കാട്: വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നതാണ് അപകട കാരണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. അമിത വേഗതയിലെത്തിയ ബസ് കാറിനെ മറികടക്കവേയാണ് അപകടം സംഭവിച്ചത്. ഈ സമയം ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.2 കിലോമീറ്റര്‍ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. സ്കൂള്‍ അധികൃതര്‍ക്കും വീഴ്ച പറ്റിയെന്നും മന്ത്രി പറഞ്ഞു. യാത്രയുടെ വിവരങ്ങള്‍ ഗതാഗത വകുപ്പിനെ മുന്‍ കൂട്ടി അറിയിച്ചില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അതിമ വേഗതയില്‍ പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് വാളയാര്‍ വടക്കാഞ്ചേരി മേഖലയിലെ അഞ്ചുമൂര്‍ത്തി മംഗലത്ത് കൊല്ലത്തറ ബസ് സ്റ്റാന്‍റിന് സമീപത്ത് വച്ച് കാറിനെ മറികടക്കാന്‍ ശ്രമിക്കവേയാണ് കെഎസ്ആര്‍ടിസി ബസിന്‍റെ പിന്നിലിടിച്ചത്. ബസ് അമിതവേഗതയിലാണെന്ന് സ്ഥലം സന്ദര്‍ശിച്ച എംവിഡി ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. അപകടം നടന്ന സ്ഥലത്ത് മോട്ടോർ വെഹിക്കിൾ സംഘം പരിശോധന നടത്തുകയാണ്. അപകട സമയം ചാറ്റല്‍ മഴ പെയ്തിരുന്നത് അപകടത്തിന്‍റെ വ്യാപ്തി കൂട്ടി. 

അപകടത്തിന് കാരണം സ്കൂൾ കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗമാണെന്ന് ദൃക്സാക്ഷികളും പറയുന്നു. അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്‍റെ പുറകിലിടിച്ച ശേഷം തലകീഴായി മറിഞ്ഞു. ഇടിച്ചയുടെ ആഘാതത്തില്‍ നിരങ്ങി നീങ്ങിയ ബസ് ചതുപ്പിലേക്ക് മറിഞ്ഞു. വരുന്ന വഴി മറ്റ് വാഹനങ്ങളേയും മറികടന്നാണ് ടൂറിസ്റ്റ് ബസ് പാഞ്ഞെത്തിയതെന്നും ദൃക്സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിന്‍റെ ഒരു ഭാഗം ടൂറിസ്റ്റ് ബസിനുളളിലായി. 

ഇതിനിടെ ബസ് ഡ്രൈവര്‍ക്കെതിരെ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ അച്ഛനമ്മമാര്‍ രംഗത്തെത്തി. വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെയാണ് സ്കൂളിന്‍റെ ഓട്ടം ഏറ്റെടുത്തതെന്ന് ഒരു വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. വിയർത്ത് ക്ഷീണിതനായാണ് ഡ്രൈവറെ ബസിൽ കണ്ടത്. സംശയം തോന്നി ചോദിച്ചപ്പോള്‍ ശ്രദ്ധിച്ച് പോകാമെന്നും ഭയക്കേണ്ടെന്നും ബസില്‍ രണ്ട് ഡ്രൈവർ ഉണ്ടെന്നും വിനോദയാത്ര സംഘത്തിലെ വിദ്യാര്‍ത്ഥിയുടെ അമ്മയായ ഷാന്‍റിയോട് ഡ്രൈവര്‍ പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുണ്ട്. 

അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് മറ്റ് വാഹനങ്ങൾക്കും ഭീതിയുണ്ടാക്കിയാണ് അവിടേക്ക് എത്തിയതെന്ന് മറ്റൊരു ദൃക്സാക്ഷി കൂട്ടിചേര്‍ത്തു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് കെഎസ്ആർടിസി ബസിന്‍റെ പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചതെന്നും ഇയാള്‍ പറയുന്നു. എന്നാല്‍, രാത്രിയില്‍ മുന്നില്‍ പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസിനെ ഒരാള്‍ കൈകാണിച്ചെന്നും ഇതേ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോള്‍ പിന്നാലെ അമിതവേഗതയിലെത്തിയ ടൂറിസ്റ്റ് ബസ്  ബ്രേക് ചവിട്ടിയെങ്കിലും നിർത്താൻ പറ്റിയില്ലെന്നും രക്ഷപ്രവർത്തനത്തിന് എത്തിയ സുധീഷ്, ജിജോ എന്നിവർ പറയുന്നു. 

അപകടത്തിന് പിന്നാലെ വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ ഉണ്ടായത്. അപകട സ്ഥലത്തേക്ക് ആംബുലന്‍സും ക്രെയിനുമടക്കമുള്ളവ എത്തിയത് ഏറെ ബുദ്ധിമുട്ടിയാണ്. ക്രെയിന്‍ ഉപയോഗിച്ച് ടൂറിസ്റ്റ് ബസ് ഉയര്‍ത്തിയാണ് കുട്ടികളെ പുറത്തെടുത്തത്. കെഎസ്ആര്‍ടിസി ബസിന്‍റെ പിന്നിലേക്ക് ഇടിച്ച് കയറിയ പിന്നാലെ ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞതോടെ കുട്ടികള്‍ ബസിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഇതേ തുടര്‍ന്ന് ബസ് വെട്ടിപ്പൊളിച്ചാണ് പല വിദ്യാര്‍ത്ഥികളെയും പുറത്തെത്തിച്ചത്. 

 

 

Follow Us:
Download App:
  • android
  • ios