Asianet News MalayalamAsianet News Malayalam

തൃശൂരിൽ മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു; ആശങ്കയായി വര്‍ധിക്കുന്ന കണക്കുകള്‍, പേവിഷബാധ മരണവും കൂടി

ഈ വർഷം ഇതുവരെ 18 പേരാണ് പേവിഷ ബാധയേറ്റു മരിച്ചത്

Dog bites and rabies deaths also increased in the state
Author
First Published Aug 25, 2022, 10:39 AM IST

തൃശൂർ: തൃശൂരിൽ മൂന്നുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. തൃശൂർ എരുമപ്പെട്ടി തയ്യൂർ റോഡിൽ ആണ് മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റത്. 12 വയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. നായയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല

കഴിഞ്ഞ ദിവസം കോട്ടയത്തും തെരുവ് നായയുടെ ആക്രമണം ഉണ്ടായിരുന്നു. വെള്ളൂരിൽ ഉണ്ടായ തെരുവുനായ ആക്രമണത്തിൽ രണ്ടു സ്ത്രീകൾക്ക് ആണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

കോട്ടയത്ത് ഇക്കഴിഞ്ഞ 18-ാം തീയതിയും തെരുവ് നായ ആക്രമണം ഉണ്ടായിരുന്നു . വൈക്കം തലയോലപ്പറമ്പിൽ രണ്ട് സ്ത്രീകളടക്കം ഏഴു പേർക്ക് ആണ് അന്ന് കടിയേറ്റത്. തെരുവ് നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സംശയിക്കുന്നുണ്ട് . ഒരാൾക്ക് മുഖത്തും മറ്റൊരാൾക്ക് വയറിനും ആണ് കടിയേറ്റത്. മറ്റ് അഞ്ച് പേ‍ര്‍ക്ക് കൈയ്ക്കും കാലിനുമാണ് പരുക്ക്. 

തെരുവിലെ മറ്റ് നായകളെയും വളർത്തു നായകളെയും ഈ നായ കടിച്ചു. നാട്ടുകാര്‍ ഓടിച്ച നായ പിന്നീട് വാഹനമിടിച്ച് ചത്തു. തലയോലപ്പറമ്പിലെ മാര്‍ക്കറ്റിന് സമീപത്ത് വെച്ചാണ് നായയുടെ ആക്രമണമുണ്ടായത്. നേരത്തെ രണ്ട് ആഴ്ചമുമ്പ് വൈക്കത്ത് പേവിഷമബാധയേറ്റ മറ്റൊരു നായ നിരവധി നായകളെ കടിച്ചിരുന്നു. അക്കൂട്ടത്തിൽപ്പെട്ടതാണോ ഈ നായയുമെന്നാണ് സംശയിക്കുന്നത്. 

അതസമയം സംസ്ഥാനത്ത് സ്വൈര്യജീവിതത്തിന് ഭീഷണി ആയി മാറുകയാണ് തെരുവ് നായ ശല്യം. നായകൾ പെറ്റു പെരുകുന്നത് തടയാൻ വന്ധ്യംകരണ പദ്ധതി ഉണ്ടെങ്കിലും പല തദ്ദേശ സ്ഥാപനങ്ങളിലും അത് നടക്കുന്നില്ല. ശാസ്ത്രീയമായ രീതിയിൽ നായകളെ പിടികൂടാൻ ആളില്ലാത്തതും വന്ധ്യംകരണത്തിനും നായ്ക്കളുടെ തുടർന്നുള്ള പരിചരണത്തിനും ഫണ്ട് ഇല്ലെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ വിശദീകരണം.

നായകളുടെ കടിയേൽക്കുന്നവരുടെയും പേവിഷബാധയേറ്റ് മരിക്കുന്നവരുടെയും എണ്ണം ഓരോ വർഷവും ക്രമാതീതമായി കൂടുന്നുവെന്നാണ് കണക്കുകളും.

നായയുടെ കടിയേറ്റവരുടെ എണ്ണം 2017 മുതൽ

2017 - 1,35,749

2018 - 1,48,899

2019 - 1,61,055

2020 - 1,60,483

2021 - 2,21,379

2022 - 1,47,287

മരണകണക്കും കുതിച്ചുയർന്നു

ഈ വർഷം ഇതുവരെ 18 പേരാണ് പേവിഷ ബാധയേറ്റു മരിച്ചത്. 2021ൽ 11 മരണങ്ങളാണ് പേവിഷ ബാധയേറ്റ് സംഭവിച്ചത്.  2020ൽ അഞ്ചു മരണങ്ങളും

Follow Us:
Download App:
  • android
  • ios