
എറണാകുളം: മൂവാറ്റുപുഴ കടാതിയിൽ ടോറസ് ലോറി വാഹന ഷോറൂമിലേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് രാവിലെ 6.15 നായിരുന്നു അപകടം നടന്നത്. മൂവാറ്റുപുഴ ഭാഗത്തുനിന്നും മെറ്റലുമായി കോലഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയാണ് നിയന്ത്രണം വിട്ട് കടാതിയിലെ ഇരുചക്ര വാഹന ഷോറൂമിലേക്ക് ഇടിച്ചുകയറി മറിഞ്ഞത്. ഏഴ് ഇരുചക്ര വാഹനങ്ങൾക്കും, ടെസ്റ്റ് ഡ്രൈവിന് ഉപയോഗിക്കുന്ന കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരൻ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം പത്തനംതിട്ടയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു അപകടവാർത്ത കിഴവള്ളൂരിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് 17 പേർക്ക് പരിക്കേറ്റു എന്നതാണ്. കെ എസ് ആർ ടി സി ബസിന്റെയും കാറിന്റെയും ഡ്രൈവർമാരടക്കം മൂന്ന് പേരുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്. കാറും കെ എസ് ആർ ടി സി ബസും അമിത വേഗത്തിലെത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പറഞ്ഞത്. പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിനുള്ളിലുണ്ടായിരുന്ന 15 പേർക്കും കാർ യാത്രക്കാര രണ്ട് പേർക്കുമാണ് പരിക്കേറ്റത്. കെ എസ് ആർ ടി സി ബസിന്റെ ഡ്രൈവറാ പിറവന്തൂർ സ്വദേശി അജയകുമാർ മുൻ സീറ്റിലുണ്ടായിരുന്ന കോന്നി മാങ്ങാരം സ്വദേശി ഷൈലജ, കാർ ഡ്രൈവർ ജെറോം ചൗദരി എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. രണ്ട് ഡ്രൈവർമാരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവർ പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ്. കെ എസ് ആർ ടി സിയുടെ പത്തനാപുരം ഡിപ്പോയിലെ വണ്ടിയാണ് അപകടത്തിൽപ്പെട്ടത്.