
മലപ്പുറം: കുരിയാടംപൊയില്‍ അല്‍ഹുദ ജുമാ മസ്ജിദില്‍നിന്ന് മൊബൈല്‍ ഫോണും പണവും മോഷ്ടിച്ച കേസില്‍ രണ്ട് പ്രതികളെ വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടൂര്‍ ശാന്തിനഗര്‍ അരമനയില്‍ മുഹമ്മദ് ഷിഫില്‍ (23), മമ്പാട് പുള്ളിപ്പാടം അറബിക്കുന്നുമ്മല്‍ ഫിദല്‍ ഹമീദ് (23) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 14ന് ഉച്ചയ്ക്ക് 3.30നും നാലിനും ഇടയിലായിരുന്നു മോഷണം നടന്നത്.
പള്ളിയുടെ മുകള്‍നിലയിലെ മുറിയില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്ന 15,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും ബാഗില്‍ സൂക്ഷിച്ചിരുന്ന 12,000 രൂപയുമാണ് മോഷണം പോയത്. സംഭവത്തിന് പിന്നാലെ പള്ളി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് ഷിഫിലിനെ തൃശൂരില്‍ റെയില്‍വേ പൊലീസ് തടഞ്ഞുവെച്ചതിനെ തുടര്‍ന്നാണ് വണ്ടൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ക്കെതിരെ ട്രെയിനുകളിലെ മോഷണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളും ഒരു പോക്‌സോ കേസും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
തുടര്‍ന്ന് പള്ളിയിലെ നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങളും ഒന്നാം പ്രതിയുടെ മൊഴിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂട്ടുപ്രതിയായ ഫിദല്‍ ഹമീദിനെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. മോഷണത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അറസ്റ്റിലായ പ്രതികളെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മോഷണം നടന്ന സാഹചര്യവും പ്രതികള്‍ മറ്റ് മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam