കായംകുളത്ത് ലൈസൻസില്ലാത്ത ഹോം നഴ്‌സിങ് സ്ഥാപനത്തിന്റെ മറവിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ യുവതി അറസ്റ്റിലായി.

കായംകുളം: ഹോം നഴ്‌സിങ് സ്ഥാപനത്തിന്റെ മറവിൽ നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവതിയെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കീരിക്കാട് വില്ലേജിൽ കീരിക്കാട് തെക്ക് മുറിയിൽ ആലുംമൂട്ടിൽ പുതുവൽ വീട്ടിൽ അമൃത (22) ആണ് പിടിയിലായത്. 'കൃഷ്ണ ഹോം നഴ്‌സിങ്' എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ലൈസൻസില്ലാതെ നടത്തിവന്നിരുന്ന സ്ഥാപനം വഴി ഹോം നഴ്സായി ജോലി ചെയ്താൽ പ്രതിമാസം 15,000 രൂപ മുതൽ 30,000 രൂപ വരെ ശമ്പളം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി സ്ത്രീകളെ വീടുകളിൽ ജോലിക്കു നിർത്തിയിരുന്നത്. തുടർന്ന് ഇവർക്ക് നൽകാനുള്ള ശമ്പളം വീട്ടുകാരിൽനിന്ന് വാങ്ങിയെടുത്ത ശേഷം ജോലി ചെയ്തവർക്ക് നൽകാതെ ചതിച്ചെടുക്കുകയായിരുന്നു ഇവരുടെ രീതി. ഇത്തരത്തിൽ നിരവധി പേരെ കബളിപ്പിച്ചതായി പരാതി ഉയർന്നതിനെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. കായംകുളം എസ്ഐ സജിത് മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അമൃതയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.