
ചേർത്തല: നഗരസഭയുടെയും നാട്ടുകാരുടെയും ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ സംരക്ഷിക്കപ്പെട്ട എ എസ് കനാലിൽ കക്കൂസ് മാലിന്യം തള്ളിയ കേസിൽ രണ്ടുപേർ പിടിയിൽ. കൊക്കോതമംഗലം കൈതക്കാട്ടുകരി ജോബി (43), മുഹമ്മ കല്ലാപ്പുറം കോളനി വിനോദ് (53) എന്നിവരെയാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെ പ്രതികളെ കനാൽ തീരത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസമാണ് എ എസ് കനാലിൽ രണ്ട് ടാങ്കറിൽ വൻതോതിൽ മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തിയത്. നഗരസഭ ഹരിതകർമസേനയും നാട്ടുകാരും ചേർന്ന് ശുചീകരിച്ച് സംരക്ഷിച്ചുവന്നിരുന്ന കനാലിലാണ് സാമൂഹ്യ വിരുദ്ധർ മാലിന്യം നിക്ഷേപിച്ചത്. സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം പൊലീസിൽ പരാതി നൽകുകയായിരുന്നു. ആരോഗ്യ വിഭാഗവും പൊലീസും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും കനാലുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാനും ചേർത്തല പൊലീസും അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam