
കൊച്ചി: ദേശീയപാതയിൽ അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഇരിങ്ങാലക്കുട കാറുവന്നൂർ പൊറത്തോട് പുരയാറ്റുപറമ്പിൽ മനോജിന്റെ മകൻ ഗോകുൽ കൃഷ്ണ (27), തൃശ്ശൂർ ആറാട്ടുപുഴ കൊക്കിരിപ്പളം വട്ടപ്പറമ്പിൽ ശിവരാമന്റെ മകൻ അശ്വിൻ (24) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 7.15ഓടെ കേരള ആയുർവേദ ഫാർമസിക്ക് സമീപത്തായിരുന്നു അപകടം. ആലുവ ഭാഗത്ത് നിന്ന് അങ്കമാലിയിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരും സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മീഡിയനിലെ വൈദ്യുതിത്തൂണിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റ അശ്വിനെ ദേശത്തെ സ്വകാര്യ ആശുപത്രിയിലും ഗോകുൽ കൃഷ്ണയെ അങ്കമാലി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരും അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളികളാണ്. ഇന്നലെ ഗോകുൽ കൃഷ്ണയുടെ ജന്മദിനവുമായിരുന്നു. ഗോകുൽ കൃഷ്ണയുടെ മാതാവ് ബിന്ദുവും സഹോദരി ഗൗരി കൃഷ്ണയുമാണ്. അശ്വിന്റെ മാതാവ് അജിതയും സഹോദരങ്ങൾ അഞ്ജലി, അനന്തു എന്നിവരാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. ഗോകുൽ കൃഷ്ണയുടെ സംസ്കാരം ഇന്ന് രാവിലെ 9.30നും, അശ്വിന്റെ സംസ്കാരം രാവിലെ 10 മണിക്കും ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ നടക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam