
കൊച്ചി: അപകടത്തിൽപ്പെട്ടയാൾക്ക് രക്ഷകനായി ഒപ്പം കൂടിയ ശേഷം ഭീഷണിപ്പെടുത്തി പണം പിടിച്ചുപറിച്ച കേസിൽ രണ്ടുപേർ പിടിയിൽ. മട്ടാഞ്ചേരി പുതിയ റോഡിൽ പനച്ചിക്കൽപ്പറമ്പിൽ വീട്ടിൽ ഇക്ക്രൂ എന്ന് വിളിക്കുന്ന ഷാജഹാൻ (28), മട്ടാഞ്ചേരി കമ്മ്യൂണിറ്റി ഹാൾ റോഡിൽ അഭിലാഷ് (25) എന്നിവരെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് ഞാറയ്ക്കൽ ഗവ. ആശുപത്രിയ്ക്ക് സമീപത്തായിരുന്നു സംഭവം.
മോട്ടോർ സൈക്കിൾ സ്കിഡ് ചെയ്ത് അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനെ ആശുപത്രിയിൽ എത്തിച്ച ശേഷം ഇയാളെ ഭീഷണിപ്പെടുത്തി പണവും, വില കൂടിയ ഹെൽമെറ്റും കവർച്ച ചെയ്യുകയായിരുന്നു. മാളയ്ക്കു സമീപം പുത്തൻചിറ സ്വദേശി അർജ്ജുൻ (19) നാണ് ബൈക്കപകടത്തിൽ പരിക്ക് പറ്റിയത്. തേവര കോളേജിൽ പഠിക്കുന്ന അർജ്ജുൻ കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി കാളമുക്ക് മല്ലികാർജ്ജുന ക്ഷേത്രത്തിന് സമീപം വച്ച് മഴമൂലം സ്കിഡ് ചെയ്ത ബൈക്കിൽ നിന്ന് വീഴുകയായിരുന്നു. തൊട്ടുപിറകെ സ്കൂട്ടറിൽ വരികയായിരുന്ന പ്രതികൾ അർജ്ജുനെ ഹോസ് പിറ്റലിൽ എത്തിക്കുകയായിരുന്നു.
തുടർന്നാണ് പണം തട്ടിയെടുത്തത് കൂടുതൽ പണം ആവശ്യപ്പെട്ടാണ് വില കൂടിയ ഹെൽമെറ്റും കവർന്നത്. റൗഡി ലിസ്റ്റിൽ ഉള്ളവരും മയക്കുമരുന്ന് കേസുകളടക്കം നിരവധി കേസുകളിൽ പ്രതികളുമാണ് ഷാജഹാനും, അഭിലാഷും. ഇൻസ്പെക്ടർ എ.എൽ. യേശുദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐമാരായ സി. രഞ്ജുമോൾ, സി.ആർ. വന്ദന കൃഷ്ണൻ, സി.പി.ഒ മാരായ വി.എസ്.സ്വരാഭ്, എസ്. ദിനിൽ രാജ് എന്നിവരാണ് ഉണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam