
കോഴിക്കോട്: നാദാപുരം പുളിയാവില്‍ ചുഴലിക്കാറ്റിന് സമാനമായ രീതിയിലുണ്ടായ ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടം. ഇന്ന് പുലര്‍ച്ചെയോടെയാണ് ഏതാനും നിമിഷം നീണ്ടു നിന്ന ശക്തമായ കാറ്റുണ്ടായത്. ചെക്യാട് പഞ്ചായത്തിലെ പുളിയാവിലായിരുന്നു സംഭവം. നിരവധി വൃക്ഷങ്ങള്‍ കടപുഴകി വീഴുകയും വീടുകളും വൈദ്യുതി പോസ്റ്റുകളും തകരുകയും ചെയ്തിട്ടുണ്ട്.
ചെറുവാതുക്കല്‍ മഹ്‌മൂദിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് മേല്‍ക്കൂരയിലെ ഓടുകള്‍ തകര്‍ന്നു. സമീപത്ത് താമസിക്കുന്ന അന്ത്രുവിന്റെ വീടിന് മുകളിലേക്ക് പുളിമരം വീണ് ഷീറ്റ് തകര്‍ന്ന നിലയിലാണ്. പാലക്കൂല്‍ സമീറിന്റെ വീടിന് മുകളില്‍ മരം വീണ് മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. ആവുക്കല്‍ പറമ്പിലെ നിരവധി വീടുകള്‍ക്കും സമാന രീതിയില്‍ കേടുപാട് സംഭവിച്ചിട്ടുണ്ട്. പല വീടുകളിലും കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച പൈപ്പ് ലൈന്‍ മരം വീണ് തകര്‍ന്ന നിലയിലാണ്.
എട്ടോളം വൈദ്യുതി പോസ്റ്റുകള്‍ കാറ്റിലും മരം വീണും നിലം പൊത്തിയതോടെ പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായി. തീര്‍ത്തും അപ്രതീക്ഷിതവും ആദ്യത്തെ അനുഭവവുമാണ് തങ്ങള്‍ക്കുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. പലരും അപകടത്തില്‍ നിന്നും തലനാരിഴയ്ക്കാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. വൈദ്യുതിയും കുടിവെള്ളവും പെട്ടെന്ന് തന്നെ പുനസ്ഥാപിക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam