
തിരുവനന്തപുരം : കോവളം ബീച്ചിന് സമീപം കടലിൽ അജ്ഞാതനായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. 30 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്‍റെ മൃതദേഹം കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെയാണ് കണ്ടെത്തിയത്. ബീച്ചിലെത്തിയ വിനോദ സഞ്ചാരികളാണ് കടലിൽ എന്തോ ഒഴുകി നടക്കുന്നത് ശ്രദ്ധിച്ചത്. പിന്നാലെ പ്രദേശവാസികളെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ വാർഡൻമാരും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് കടലിൽ ഒഴുകി നടക്കുകയായിരുന്ന മൃതദേഹം കരയ്ക്കെത്തിച്ച് തുടർ നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി.
വെളുത്ത നിറം, കറുത്ത മുടി, കറുത്ത മീശ, കുറ്റിത്താടിയുമുള്ള യുവാവിന് ഏകദേശം 30 വയസ് പ്രായം തോന്നിക്കും. വെളുത്തനിറത്തിൽ വീതിയുള്ള നീലവരകളോട് കൂടിയതും കോളർ ലേബലിൽ medium B 12 made in India എന്ന് രേഖപ്പെടുത്തിയിട്ടുള്ളതുമായ ഷർട്ട്, കറുത്ത ബെൽറ്റ്, കറുത്ത പാന്‍റ് എന്നവയാണ് വേഷം. യുവാവിന്‍റെ വലത് നടുവിരലിൽ വീതി കുറഞ്ഞ സ്റ്റീൽ മോതിരം, അരയിൽ നാണയത്തിന്റെ രൂപത്തിലുള്ള ഏലസ് എന്നിവയും ധരിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് ഏതെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്‌റ്റേഷനിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam