
മാന്നാർ(ആലപ്പുഴ): രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും അപ്പർ കുട്ടനാടൻ മേഖലയിൽ മഴക്കെടുതി രൂക്ഷമാകുന്നു. മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് പമ്പാ നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ മാന്നാറിന്റെ പടിഞ്ഞാറൻ മേഖലകൾ കടുത്ത വെള്ളപ്പൊക്ക ഭീഷണിയിലായി. നദീതീരങ്ങളോട് ചേർന്ന് താമസിക്കുന്ന നിരവധി കുടുംബങ്ങൾ കടുത്ത ആശങ്കയിലാണ്.
മാന്നാറിലെയും സമീപ പ്രദേശങ്ങളിലെയും താഴ്ന്ന ഇടങ്ങളിൽ ഇതിനോടകം വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. മാന്നാർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ വള്ളക്കാലി വാലേൽ, ചെറ്റാള പറമ്പ്, അങ്കമാലി ഭാഗം, മാന്തറ, വൈദ്യൻ നഗർ, ഇടത്തേ ഭാഗം, ഇരമത്തൂർ, പൊതുവൂർ, കൊച്ചുതറ ഭാഗം, മണപ്പുറം ഭാഗം എന്നിവിടങ്ങൾ പൂർണമായും വെള്ളപ്പൊക്ക ഭീഷണിയിലാണ്. പാവുക്കര, വള്ളക്കാലി ഭാഗങ്ങളിലെ ചില ഇടറോഡുകളിൽ ഇന്നലെ രാവിലെയോടെ വെള്ളം കയറിത്തുടങ്ങി.
പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മാന്നാർ കുരട്ടിക്കാട് ആംബുലൻസ് പാലത്തിന്റെ പരുമല ഭാഗത്തെ അപ്രോച്ച് റോഡിൽ വെള്ളം കയറിയത് ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമാക്കി. തോരാത്ത മഴയും കിഴക്കൻ വെള്ളത്തിന്റെ ശക്തമായ ഒഴുക്കും തുടരുന്നതിനാൽ വരും മണിക്കൂറുകളിലും ജലനിരപ്പ് കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയെ കൂടുതൽ ഭീതിയിലാഴ്ത്തുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam