ഭിന്ന ശേഷിക്കാരിയായ ഒന്നരവയസുകാരിക്ക് പുതുജീവിതം നല്‍കി അമേരിക്കയിൽ നിന്നുളള ദമ്പതിമാർ

Published : May 01, 2022, 05:04 PM ISTUpdated : May 01, 2022, 06:37 PM IST
ഭിന്ന ശേഷിക്കാരിയായ ഒന്നരവയസുകാരിക്ക് പുതുജീവിതം നല്‍കി അമേരിക്കയിൽ നിന്നുളള ദമ്പതിമാർ

Synopsis

കരുതലും പരിചരണവും ഒരുപാട് വേണ്ടവരെ   കുഞ്ഞു പ്രായത്തിലേ ഉപേക്ഷിക്കുന്നവരുടെ കണ്ണുതുറപ്പിക്കുകയാണ് ഒഹായോവിൽ നിന്നുളള മാത്യുവും മിൻഡിയും. 

കോഴിക്കോട്:  കടൽകടന്നൊരു സാന്ത്വനത്തിന്‍റെ കരുതലാവുകയാണ് മാത്യുഫഗാനും മിൻഡിയും . ജനിക്കുമ്പോൾ ശാരീരിക -മാനസിക വെല്ലുവിളികളുണ്ടാവുന്നു എന്ന ഒറ്റക്കാരണത്താൽ രക്ഷിതാക്കൾ  ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുജീവനുകളേറെയുണ്ട് നമുക്കുചുറ്റും. അത്തരത്തിലൊരു കുരുന്നിനെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തുകയാണ് ഓഹായോവിൽ നിന്നുളള മാത്യുവും ഭാര്യ മിൻഡിയും.  

ഓട്ടിസം ബാധിച്ച് ജന്മനാതന്നെ ഭിന്നശേഷി ക്കാരിയായ കുരുന്നിനെയാണ് ഇവർ ഒപ്പം കൂട്ടിയത്.  
മാതാപിതാക്കൾ ആരെന്നുപോലും അറിയാതെ, ഉപേക്ഷിക്കപ്പെട്ട ഇവളെ നമുക്ക് പ്രതീക്ഷയെന്ന പേരിട്ടുവിളിക്കാം. പ്രത്യേക പരിചരണം വേണ്ട ഈ കുഞ്ഞ്, കോഴിക്കോട് കൊയിലാണ്ടിയിലെ ഭിന്നശേഷിക്കാരുടെ പരിചരണ കേന്ദ്രമായ നെസ്റ്റിലായിരുന്നു ഇത്രയും നാൾ. ആരോരുമില്ലാത്തവരെ ദത്തെടുക്കാൻ ആളുകളുണ്ടാകുമെങ്കിലും പ്രത്യേക പരിചരണം ആവശ്യമുളള ഇത്തരം കുരുന്നുകളെ നോക്കാനാളുണ്ടാകില്ല എന്ന തിരിച്ചറിവ്  മാത്യുവിനെ  കേരളത്തിലേക്കെത്തിച്ചു.  

അമേരിക്കൻ വൈമാനികനായ മാത്യുഫഗാന്, ഇന്ത്യയും കേരളുമല്ലാം നേരത്തെതന്നെ കേട്ടറിയാം. ഒരുപാടിഷ്ടപ്പെടുന്ന നാട്ടിൽ നിന്നുതന്നെ തന്‍റെ  സന്ദേശവും കാഴ്ചപ്പാടും വ്യക്തമാക്കണമെന്ന നിർബന്ധവും മാത്യുവിനുണ്ടായിരുന്നു. അങ്ങിനെ, കുഞ്ഞുങ്ങളുളള മാത്യുവും ഭാര്യ മിൻഡിയും  ഭിന്നശേഷിക്കാരായ കുരുന്നുകളെ ദത്തെടുക്കാനുളള സർക്കാർ സംവിധാനം വഴി അപേക്ഷ നൽകി. വിദേശിയായതിനാൽ മാസങ്ങൾ നീണ്ട നടപടിക്രമങ്ങളുടെ സങ്കീർണത. ഒടുവിൽ കോഴിക്കോട് കുടുംബകോടതി സാക്ഷിയാക്കി ഒന്നരവയസ്സുകാരിയെ  മാത്യുവും മിൻഡിയും ചേർന്ന് മക്കൾക്കൊപ്പം കൂടെകൂട്ടി.  

ഈ ദത്തെടുക്കലിന് പിന്നിൽ മറ്റൊരു കഥകൂടിയുണ്ടെന്ന് മാത്യു. തന്റെ പിതാവ് ഒരു റഷ്യൻ കുരുന്നിനെ ജീവിതത്തോടൊപ്പം ചേർത്തിരുന്നു. അവൻ വളർന്നതും പഠിച്ചതുമെല്ലാം മാത്യുഫഗാൻ ഉൾപ്പെടുന്ന കുടുംബത്തിനൊപ്പം. പിതാവ് കാണിച്ചുതന്ന  സഹജീവി സ്നേഹത്തിന്‍റെ മാതൃക പിന്തുടരുകമാത്രമാണ് താൻ ചെയ്തതെന്നു മാത്രമാണ്  മാത്യുപറയുന്നത്. ദൈവത്തിന്റെ കരങ്ങളല്ല, സാഹോദര്യവും പാരസ്പര്യവുമാണ് ഇവരെ തിരിച്ചുപിടിക്കാനുണ്ടാവേണ്ടതെന്നും.   
ഇനി മറ്റുചില യാഥാർത്ഥ്യങ്ങൾ കൂടി പരിശോധിക്കാം. മറ്റേതൊരു കുരുന്നിനെയും പോലെ, താരാട്ടും തലോടലും ആഗ്രഹിക്കുന്നവരെങ്കിലും, ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ യഥാർത്ഥ അവസ്ഥ അങ്ങിനെയല്ല. 

രക്ഷിതാക്കളുടെ മരണമുൾപ്പെടെയുളള പലപല കാരണങ്ങളാൽ മുതിർന്ന ഭിന്നശേഷിക്കാർ ഒറ്റപ്പെടുമ്പോൾ, കുരുന്നിന് അവശകതളുണ്ടെന്ന് തിരിച്ചറിയുമ്പോൾതന്നെ ഉപേക്ഷിപ്പെടുന്ന കുരുന്നുകളുടെ എണ്ണവും സംസ്ഥാനത്ത് കൂടിവരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നു .   സാമൂഹ്യ നീതി വകുപ്പ് 2015ല്‍ നടത്തിയ കണക്കെടുപ്പ് പ്രകാരം  കേരളത്തിലാകെ 7,93,937 പേർ ഭിന്നശേഷിക്കാരാണ്. കേരളജനസംഖ്യയുടെ 2.32 ശതമാനം വരുമിത്. ഇവരിൽ 1,30,798 പേർ 19 വയസില്‍ താഴെ പ്രായമുള്ളവർ.  ഇതില്‍ 18,114 പേർ വിവിധ  സന്നദ്ധ സംഘടനകൾ നടത്തുന്ന  സ്ഥാപനങ്ങളിലാണ് കഴിയുന്നത്.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്