
ചേർത്തല: റിട്ടയേര്‍ഡ് പഞ്ചായത്ത് ജീവനക്കാരിയായ ചേർത്തല വാരനാട് സ്വദേശിനി ഐഷ എന്ന ഹൈയറുമ്മയുടെ (62) കൊലപാതകക്കേസിലെ പ്രധാന പ്രതിയായ സെബാസ്റ്റ്യനെ പൊലീസ് തെളിവെടുപ്പിനായി ഐഷ താമസിച്ചിരുന്ന വീട്ടിലും പ്രതിയുടെ പെൺസുഹൃത്തിന്റെ വീട്ടിലുമെത്തിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് ചേർത്തല വാരനാട്ടുള്ള ഐഷയുടെ വീട്ടിലും സമീപത്തെ പെൺസുഹൃത്തിന്റെ വീട്ടിലുമെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയത്. സെബാസ്റ്റ്യൻ സ്ഥിരമായി പെൺസുഹൃത്തിന്റെ വീട്ടിൽ വന്നിരുന്നതായി സമീപവാസികളും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സ്ഥലം കച്ചവടവുമായി ബന്ധപ്പെട്ട് ഈ സ്ത്രീ മുഖേനയാണ് സെബാസ്റ്റ്യൻ ഐഷയെ പരിചയപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺസുഹൃത്തിന്റെ വീട്ടിലേക്ക് പോയിരുന്ന വഴികൾ സെബാസ്റ്റ്യൻ പൊലീസിന് കാണിച്ചുകൊടുത്തു.
ചോദ്യം ചെയ്യലിൽ പെൺസുഹൃത്തിനെയും സെബാസ്റ്റ്യനെയും ഒരുമിച്ചിരുത്തിയെങ്കിലും സെബാസ്റ്റ്യനെ അറിയാമെന്ന് സമ്മതിച്ചതല്ലാതെ മറ്റു വിവരങ്ങൾ നൽകാൻ അവർ തയ്യാറായില്ല. എന്നാൽ, താൻ ഈ സ്ത്രീയുടെ വീട്ടിൽ പോകാറുണ്ടായിരുന്നുവെന്ന് സെബാസ്റ്റ്യനും സമ്മതിച്ചു. പെൺസുഹൃത്ത് നൽകിയ മുൻ മൊഴിയും ഇപ്പോഴത്തെ മൊഴിയും തമ്മിൽ വ്യത്യാസങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇവരെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഐഷ കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ചേർത്തല പൊലീസ് സ്റ്റേഷൻ ഓഫിസര്‍ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.
ഏറ്റുമാനൂർ സ്വദേശിനി ജയമ്മ കൊലപാതകക്കേസിലും കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ കൊലപാതകക്കേസിലും സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തുള്ള വീട്ടിലും പരിസരത്തും ക്രൈംബ്രാഞ്ച് സംഘം കുഴിയെടുത്ത് പരിശോധന നടത്തിയിരുന്നു. മൃതദേഹാവശിഷ്ടങ്ങളുടെ കത്തിക്കരിച്ച അസ്ഥികൾ മാത്രമാണ് അന്ന് ലഭിച്ചത്. ഇതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് ഐഷയുടെ കൊലപാതകത്തിൽ സെബാസ്റ്റ്യന് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. കോടതി അനുവദിച്ച കസ്റ്റഡി കാലാവധി നാളെ ഉച്ചയോടെ അവസാനിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam