
സുല്‍ത്താന്‍ബത്തേരി: ബസ് കാത്തിരിക്കാന്‍ നിര്‍മ്മിക്കുന്ന ഷെഡുകളെ വെറുതെ ഉണ്ടാക്കി വെക്കുന്നതിന് പകരം ആകര്‍ഷണീയമായ രീതിയില്‍ സംവിധാനം ചെയ്യുന്ന രീതി ചിലയിടങ്ങളിലെങ്കിലുമുണ്ട്. അത്തരത്തില്‍ ആരും കണ്ണെടുക്കാതെ നോക്കി നിന്നു പോകുന്ന ഒരു ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ട് വയനാട്ടില്‍.
സുൽത്താൻ ബത്തേരി-പാട്ടവയല്‍ റോഡിലെ നമ്പിക്കൊല്ലി അങ്ങാടിയിലെ ബസ് കാത്തിരിപ്പുകേന്ദ്രമാണ് യാത്രക്കാരെയെല്ലാം ആകര്‍ഷിച്ച് ശ്രദ്ധാകേന്ദ്രമാകുന്നത്. ആസ്ബസ്റ്റോസ് ഷീറ്റുമേഞ്ഞ കാത്തിരിപ്പുകേന്ദ്രത്തിന്‍റെ മേല്‍ക്കൂരയാകെ റോസും വയലറ്റും നിറങ്ങള്‍ ചേര്‍ന്ന പൂക്കളാണ് പൊതിഞ്ഞിരിക്കുകയാണ്.
വൈല്‍ഡ് ഗാര്‍ലിക് വൈന്‍ ഇനത്തില്‍പ്പെട്ടതെന്ന് തോന്നിക്കുന്ന വള്ളിച്ചെടിയാണ് ബസ് സ്റ്റോപ്പിന്‍റെ മേൽക്കൂരയിൽ പൂത്തുലഞ്ഞ് നമ്പിക്കൊല്ലിയുടെ ഐക്കണ്‍ ആയി മാറുന്നത്. മേല്‍ക്കൂരയാകെ പൂക്കള്‍ നിറഞ്ഞതോടെ യാത്രക്കാര്‍ ഇവിടെയിറങ്ങി ഫോട്ടോയും സെൽഫിയുമെടുത്താണ് പോകുന്നത്. ചിലരാകട്ടെ വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുമുണ്ട്.
നമ്പിക്കൊല്ലിക്കാരനായ കൂട്ടുങ്കര ജോയിയാണ് 12 വര്‍ഷം മുന്‍പ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായി വള്ളിച്ചെടി നട്ടത്. പടര്‍ന്ന് പന്തലിക്കുന്ന ചെടിയായതിനാല്‍ കാത്തിരിപ്പുകേന്ദ്രത്തിന്‍റെ മുകളിലേക്ക് ഇതിനെ ക്രമേണ പടര്‍ത്തി. അങ്ങാടിയിലെ വ്യാപാരികളും ടാക്‌സി ഡ്രൈവര്‍മാരും ചേര്‍ന്ന് വളമിട്ടും വെട്ടിയൊതുക്കിയും പരിപാലിച്ചു. അങ്ങനെയാണ് ഈ കാണുന്ന വിധം പൂക്കള്‍ നിറഞ്ഞത്.
വര്‍ഷത്തില്‍ ഒരു തവണയാണ് ചെടി നിറഞ്ഞ് പൂക്കാറുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ആറുവര്‍ഷമായി ചെടി ഇത്തരത്തില്‍ പൂത്ത് നില്‍ക്കാറുണ്ട്. വള്ളിച്ചെടിയുടെ ഇല ഉരച്ചാല്‍ വെളുത്തുള്ളിയുടെ ഗന്ധമാണ്. അതിനാല്‍ ഇഴജന്തുക്കളെ പേടിക്കാതെ എവിടെയും വളര്‍ത്താമെന്നും പാമ്പ് അടക്കമുള്ളവ വരില്ലെന്നുമാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. പൂക്കള്‍ കാണാന്‍ ഫോട്ടോ പകര്‍ത്താനും ഇറങ്ങുന്ന ചില യാത്രക്കാര്‍ ചെടിയുടെ ഭാഗം നട്ടുപിടിപ്പിക്കാനായി കൊണ്ടുപോകുന്നുണ്ട്. മനോഹരമായ ഈ ബസ് സ്റ്റോപ്പ് സാമൂഹിക മാധ്യമങ്ങളിലടക്കം ഇപ്പോള്‍ വൈറലാണ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam