
പാലക്കാട്: മോഷണ പോയ ബൈക്കുമായി പോകുന്ന കള്ളനെ സാഹസികമായി പിടികൂടി വാഹന ഉടമ. പാലക്കാട് വള്ളിക്കോട് സ്വദേശി രാധാകൃഷ്ണനാണ് സ്വന്തം ബൈക്കുമായി പോവുകയായിരുന്ന കള്ളനെ സാഹസികമായി പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ബൈക്ക് മോഷണം പോയത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകി തിരിച്ചുവരുന്നതിനിടെയാണ് കണ്‍മുന്നിൽ മോഷണ പോയ ബൈക്ക് ഓടിച്ച് ഒരാള്‍ പോകുന്നത് രാധാകൃഷ്ണൻ കണ്ടത്. ഉടനെ തന്നെ പുറകെ ഓടി ബൈക്ക് തള്ളിയിട്ട് കള്ളനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരു്നു. മുട്ടികുളങ്ങര ആലിൻചോട് സ്വദേശി രാജേന്ദ്രൻ ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നിരവധി മോഷണകേസുകളിൽ പ്രതിയായ രാജേന്ദ്രൻ മദ്യലഹരിയിലാണ് ബൈക്ക് മോഷ്ടിച്ചതെന്നാണ് പൊലീസ് പറയുന്നത്. ബൈക്ക് മോഷണം നടത്താൻ സഹായിച്ച മറ്റൊരാള്‍ക്കായി ഹേമാംബിക പൊലീസ് അന്വേഷണം തുടരുകയാണ്.
16 വർഷമായി രാധാകൃഷ്ണൻ കൂടെ കൊണ്ടുനടക്കുന്ന പ്ലാറ്റിന ബൈക്ക് ആണ് മൂന്നു ദിവസം മുമ്പ് മോഷണം പോയത്. പുതുപ്പരിയാരം ഹെൽത് സെൻററിൽ ഡോക്ടറെ കാണാനെത്തിയതായിരുന്നു രാധാകൃഷ്ണൻ. ആശുപത്രിക്ക് മുന്നിൽ ബൈക്ക് നിർത്തി ഡോക്ടറെയും കണ്ട് തിരിച്ചിറങ്ങിയപ്പോൾ ബൈക്ക് കാണാതാവുകയായിരുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകി റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് രാധാകൃഷ്ണൻ തന്‍റെ ബൈക്ക് മറ്റൊരാള്‍ ഓടിച്ച് പോകുന്നത് കണ്ടത്. പിന്നാലെ ഓടി ബൈക്ക് പിടിച്ചു നിർത്തി നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നുവെന്ന് രാധാകൃഷ്ണൻ പറഞ്ഞു. മോഷ്ടിച്ച ബൈക്കുമായി കള്ളൻ പോകുന്നതിന്‍റെയും പിടികൂടുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.