വെളിനെല്ലൂർ കോഴി മാലിന്യ പ്ലാന്റ്; കോൺഗ്രസിൽ കോഴ ആരോപണം, കെപിസിസി ഭാരവാഹിക്കെതിരെ കെ എസ് യു നേതാവ്

By Web TeamFirst Published Oct 2, 2021, 7:50 AM IST
Highlights

കെ എസ് യു സംസ്ഥാന ഭാരവാഹി ആദർശ് ഭാർഗവനാണ് കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പരാതി നൽകിയത്. എന്നാൽ സമരം പൊളിക്കാനായി തനിക്കെതിരെ കളളപ്പരാതി നൽകിയിരിക്കുകയാണെന്ന് ആരോപണ വിധേയനായ കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ പ്രതികരിച്ചു.

കൊല്ലം: കൊല്ലം വെളിനെല്ലൂരിൽ കോഴി മാലിന്യ പ്ലാന്റിനെതിരായ സമരത്തെ ചൊല്ലി കോൺഗ്രസിൽ പോര്. സമരത്തിൽ നിന്ന് പിൻമാറാൻ കെപിസിസി ജനറൽ സെക്രട്ടറി കോഴ വാങ്ങിയെന്ന ആരോപണവുമായി കെ എസ് യു നേതാവ് കെപിസിസി പ്രസിഡന്റിന് പരാതി നൽകി. എന്നാൽ സമരം പൊളിക്കാനായി തനിക്കെതിരെ കളളപ്പരാതി നൽകിയിരിക്കുകയാണെന്ന് ആരോപണ വിധേയനായ കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ പ്രതികരിച്ചു.

കെ എസ് യു സംസ്ഥാന ഭാരവാഹി ആദർശ് ഭാർഗവനാണ് കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പരാതി നൽകിയത്. വെളിനെല്ലൂർ പഞ്ചായത്തിലെ മുളയറചാലിൽ നിർമാണം നടക്കുന്ന കോഴിമാലിന്യ സംസ്കരണ പ്ലാൻറ് ഉടമകളിൽ നിന്ന് 15 ലക്ഷം രൂപ കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ ആവശ്യപ്പെട്ടെന്നും 5 ലക്ഷം രൂപ വാങ്ങിയെന്നും ആണ് ആദർശിന്റെ പരാതി. ബാക്കി പണം നൽകാത്തതിന്റെ പേരിൽ നസീറിന്റെ നേതൃത്വത്തിൽ സമരം തുടരുകയാണെന്നും പരാതിയിൽ പറയുന്നു. എന്നാൽ ജനജീവിതം ദുസഹമാക്കുന്ന പ്ലാന്റിനെതിരെ സമരം നടത്തിയതിന്റെ പേരിൽ നസീറിനെതിരെ കള്ളപ്പരാതി ഉന്നയിക്കുകയാണെന്ന പരാതിയുമായി കോൺഗ്രസ് പ്രാദേശിക നേതാക്കളും കെപിസിസിയെ സമീപിച്ചിട്ടുണ്ട്.

പ്ലാന്റുടമകളിൽ നിന്ന് എം എം നസീർ കോഴ ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം തെളിവായി ഉണ്ടെന്നും കെ എസ് യു നേതാവ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആരോപിക്കും വിധം പണം ആവശ്യപ്പെടുന്ന സംഭാഷണങ്ങളൊന്നും ഇപ്പോൾ പുറത്തു വന്ന ഫോൺ രേഖയിൽ ഇല്ല. വിവാദങ്ങൾക്കു പിന്നിൽ സിപിഎം ആണെന്നാണ് എം എം നസീറിന്റെ വിശദീകരണം. പരാതി അന്വേഷിക്കാൻ കൊല്ലത്തിന്റെ ചുമതലയുള്ള ജനറൽ സെകട്ടറി പഴകുളം മധുവിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് കെപിസിസി പ്രസിഡന്റ്.

click me!