വയനാട്ടിലെ കാപ്പാട്ട് വനഗ്രാമവും ഇനി ഓര്‍മ്മകളിലേക്ക്; ഗ്രാമം വിടുന്നത് ജീവിതം ദുരിതമായതോടെയെന്ന് താമസക്കാര്‍

By Web TeamFirst Published Mar 29, 2023, 12:19 PM IST
Highlights

ഇവര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് താമസം മാറുന്നതോടെ മൂന്നുഭാഗവും വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കാപ്പാട്ട് ഗ്രാമം ഇനി ഓര്‍മ്മ മാത്രമാകും. 

സുല്‍ത്താന്‍ബത്തേരി: ഇത്രയും കാലം ജീവിതം കരുപിടിപ്പിച്ച മണ്ണ് വിട്ട് യാത്രയാകുമ്പോള്‍ അവരാരും സന്തോഷത്തിലല്ലായിരുന്നു. എങ്കിലും മക്കളെയോര്‍ത്തും സ്വന്തം ജീവനെ കരുതിയും കിടപ്പാടവും സ്വത്തുക്കളും ഇട്ടെറിഞ്ഞ് പോയേ പറ്റൂ. നൂല്‍പ്പുഴ കാപ്പാട്ട് വനഗ്രാമത്തില്‍ നിന്ന് ഏഴ് കുടുംബങ്ങള്‍ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുടെ ഭാഗമായി വീടൊഴിഞ്ഞു പോകുകയാണ്. ഇവര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് താമസം മാറുന്നതോടെ മൂന്നുഭാഗവും വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കാപ്പാട്ട് ഗ്രാമം ഇനി ഓര്‍മ്മ മാത്രമാകും. 

കാപ്പാട്ടെ ഏഴ് കുടുംബങ്ങളും സ്വയം സന്നദ്ധ പുനരധിവാസത്തിന് അപേക്ഷ നല്‍കിയിരുന്നു. കാടിനോട് തൊട്ടുചേര്‍ന്ന് കിടക്കുന്നതിനാല്‍ തന്നെ വന്യമൃഗശല്ല്യം അതിരൂക്ഷമായിട്ടുള്ള ഗ്രാമമാണിത്. തൊഴിലിനും സ്‌കൂള്‍ പഠനത്തിനുമൊക്കെയായി ഗ്രാമത്തില്‍ നിന്ന് പുറത്തുകടക്കേണ്ടത് വനത്തിലൂടെ അരകിലോമീറ്ററോളം വരുന്ന മണ്‍റോഡിലൂടെയാണ്. എന്നാല്‍ പലപ്പോഴും ഇതുവഴിയുള്ള യാത്ര ആന, കാട്ടുപോത്ത്, കടുവ തുടങ്ങിയ വന്യമൃഗങ്ങളെ പേടിച്ചാണെന്ന് ഗ്രാമവാസികള്‍ പറയുന്നു. പലരും തലനാരിഴക്കാണ് കാട്ടുപോത്തില്‍ നിന്നും ആനക്കൂട്ടത്തില്‍ നിന്നുമൊക്കെ രക്ഷപ്പെട്ടിട്ടുള്ളത്. 

പഴയ കാലങ്ങളില്‍ ഇപ്പോഴുള്ളത് പോലെയുള്ള വന്യമൃഗശല്യം ഉണ്ടായിരുന്നില്ലെന്ന് ഗ്രാമത്തിലെ പ്രായം ചെന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും സമയത്ത് ആനകള്‍ കൃഷിയിടങ്ങളിലെത്തിയാല്‍ തന്നെ പാട്ട കൊട്ടുകയോ പടക്കം പൊട്ടിക്കുകയോ ചെയ്താല്‍ കാടുകയറി പോകുമായിരുന്നു. എന്നാലിപ്പോള്‍ ഇത്തരം വിദ്യകള്‍ കൊണ്ടൊന്നും വന്യമൃഗങ്ങളെ തുരത്താന്‍ കഴിയാതെ വന്നിരിക്കുകയാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

ഉള്ളുനീറി ഊരുകൾ: അജ്ഞത മുതലെടുത്ത് ചൂഷണം; ആദിവാസികൾ ഇപ്പോഴും ദുരിതത്തിൽ

വന്യമൃഗങ്ങള്‍ പകലും രാത്രിയുമില്ലാതെ വീട്ടുമുറ്റത്തും ഇവരുടെ കൃഷിയിടങ്ങളിലും എത്തുന്നത് പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് നൂറ്റാണ്ടുകള്‍ ജീവിച്ച മണ്ണ് വിട്ടൊഴിയാന്‍ കുടുംബങ്ങള്‍ നിര്‍ബന്ധിതരായത്. ഓരോ കുടുംബത്തിനും പതിനഞ്ച് ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ പുനരധിവാസ പാക്കേജായി നല്‍കുക. ഇതില്‍ ഏഴര ലക്ഷം രൂപ വീതം ഓരോ കുടുംബങ്ങളുടെയും എക്കൗണ്ടുകളില്‍ കഴിഞ്ഞ ദിവസമെത്തി. ഇതോടെയാണ് ഗ്രാമം വിടാനുള്ള ഒരുക്കം തുടങ്ങിയത്. പുറത്ത് സ്ഥലം വാങ്ങിയ ചിലര്‍ വര്‍ഷങ്ങളായി തങ്ങള്‍ ജീവിച്ചുവന്ന വീട് പൂര്‍ണമായും പൊളിച്ച് നീക്കുകയാണിപ്പോള്‍ ഗ്രാമത്തില്‍. അടുത്ത ദിവസങ്ങളിലായി മുഴുവന്‍ വീടുകളും പൊളിച്ചുമാറ്റും. എല്ലാവരും ഇറങ്ങുന്ന മുറക്ക് ബാക്കിയുള്ള തുക കൂടി എക്കൗണ്ടുകളിലേക്ക് നല്‍കും. ജനിച്ചു ജീവിച്ച മണ്ണിന്റെ ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കി കാപ്പാട്ട് ഗ്രാമവും ജീവിതവും എന്നേക്കുമായി ഇല്ലാതെയാവുകയാണ്. ഒരുമിച്ച് ഒരു ഗ്രാമത്തില്‍ ജീവിച്ചവര്‍ പല പ്രദേശങ്ങളിലേക്കായി യാത്രയാകേണ്ടി വരുന്ന സങ്കടത്തിലാണ് കുടുംബങ്ങള്‍.
 

click me!