
ആറന്മുള: വഴിയിൽ കളഞ്ഞുകിട്ടിയ താലിമാല സത്യസന്ധമായി ജ്വല്ലറിയിൽ ഏൽപ്പിച്ച് മാതൃക കാട്ടിയ അജ്ഞാതയായ പെൺകുട്ടിയെ കാത്തിരിക്കുകയാണ് താലിമാല തിരികെ ലഭിച്ച യുവതി. ആറന്മുള സ്വദേശിനിയായ അഞ്ജലിയാണ് തന്‍റെ കളഞ്ഞുപോയ താലിമാല തിരികെ കിട്ടിയ സന്തോഷത്തിൽ, ഈ സത്യസന്ധതയ്ക്ക് ഉടമയായ പെൺകുട്ടിക്ക് സമ്മാനം നൽകാനായി കാത്തിരിക്കുന്നത്. താലിമാല നഷ്ടപ്പെട്ടതിനെ തുടർന്ന് പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു അഞ്ജലി.
എന്നാൽ, പരാതി നൽകാനെത്തിയ ഉടമയെ കാത്തിരുന്നത് അവിശ്വസനീയമായ സന്തോഷമായിരുന്നു. വഴിയിൽനിന്ന് കളഞ്ഞുകിട്ടിയ താലിമാല ഒരു പെൺകുട്ടി സമീപത്തെ ജ്വല്ലറിയിൽ ഏൽപ്പിച്ചിരുന്നു. ജ്വല്ലറി അധികൃതർ ഇത് പൊലീസിന് കൈമാറുകയും ചെയ്തു. അടയാളങ്ങൾ കൃത്യമായി പറഞ്ഞപ്പോൾ, കൈവശമുള്ള മാലയുടെ ഉടമ അജ്ഞലിയാണെന്ന് പൊലീസിന് മനസിലായി. ഒട്ടും വൈകാതെ പോലീസ് താലിമാല അഞ്ജലിക്ക് കൈമാറി. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പരാതി നൽകാനെത്തിയ അഞ്ജലി സ്റ്റേഷനിൽനിന്ന് നിറഞ്ഞ പുഞ്ചിരിയോടെയാണ് ഇറങ്ങിയത്.
സ്വർണത്തിന് വിലയേറി വരുന്ന ഈ കാലത്ത്, വഴിയിൽനിന്ന് കിട്ടിയ താലിമാല ഉടമയ്ക്ക് തിരികെ കിട്ടാൻ സഹായിച്ച ഈ കുട്ടിയുടെ സത്യസന്ധമായ പ്രവർത്തി എല്ലാവർക്കും മാതൃകയാണ്. കുട്ടിയെ കാണാനും നന്ദി അറിയിക്കാനും കാത്തിരിക്കുകയാണ് അഞ്ജലിയും പൊലീസും. ആ കുട്ടിയുടെ സത്യസന്ധത വിലമതിക്കാനാവാത്തതാണ്. ആ പെൺകുട്ടി വന്നാൽ തീർച്ചയായും ഒരു സമ്മാനം നൽകി ആദരിക്കുമെന്ന് അഞ്ജലി പറയുന്നു. കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.