
കൽപ്പറ്റ: കാട്ടുമൃഗങ്ങള്‍ (Wild Animal) കൃഷിയിടത്തിലെത്താതിരിക്കാന്‍ എല്‍.ഇ.ഡി ലൈറ്റ് പരീക്ഷണാര്‍ഥം സ്ഥാപിച്ച വടക്കനാട് പ്രദേശം വീണ്ടും ആനകള്‍ അടക്കമുള്ള വന്യമൃഗങ്ങളുടെ പിടിയില്‍. വിളകള്‍ പകല്‍ പോലും നശിപ്പിക്കപ്പെടുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. ആനകളടക്കമുള്ളവ ജനവാസ കേന്ദ്രങ്ങളിലെത്തുന്നതോടെ എപ്പോള്‍ വേണമെങ്കിലും വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയാവാമെന്നും അരക്ഷിതാവസ്ഥയിലാണ് തങ്ങള്‍ കഴിയുന്നതെന്നും ജനങ്ങള്‍ പറയുന്നു.
ആനകളും മാന്‍, പന്നിക്കൂട്ടങ്ങള്‍ക്ക് പുറമെ കുരങ്ങുകളുടെയും ശല്യം രൂക്ഷമായിരിക്കുകയാണ്. കൊയ്ത്തു കഴിഞ്ഞതോടെയാണ് തോട്ടങ്ങളിലേക്ക് വന്യമൃഗങ്ങളെത്താന്‍ തുടങ്ങിയിരിക്കുന്നത്. തെങ്ങും കമുകും വാഴയും കാപ്പിയുമെല്ലാം വീട്ടുകാര്‍ക്ക് ഭക്ഷിക്കാനുള്ളത് പോലും അവശേഷിപ്പിക്കാതെയാണ് നശിപ്പിച്ചിരിക്കുന്നത്. ഒരു മാസമായി ഒറ്റയാനെ പേടിച്ചാണ് വടക്കനാട്ടുകാരുടെ ജിവിതം. കര്‍ഷകര്‍ കൂട്ടം ചേര്‍ന്ന് ശബ്ദമുണ്ടാക്കി കൃഷിയിടങ്ങളില്‍നിന്ന് തുരത്താന്‍ ശ്രമിച്ചാലും ഒറ്റയാന്‍ പിന്തിരിയാറില്ലെന്നു പറയുന്നു.
കഴിഞ്ഞദിവസം ആന പ്രദേശവാസികളായ പുത്തന്‍കുടി വിനീത്, മംഗളാലയം ബിജു, സിജു, പുതുക്കുടി വര്‍ഗീസ് എന്നിവരുടെ കൃഷിയിടങ്ങള്‍ നശിപ്പിച്ചതാണ് ഒടുവിലുണ്ടായ സംഭവം. ഒറ്റയാന്‍ ആയതിനാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെടുത്തേണ്ടി വരുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കായ്ഫലമുള്ള തെങ്ങുകളും കമുകുകളുമാണ് നശിപ്പിച്ചതിലേറെയും. വീനിതിന്റെ തോട്ടത്തിലുണ്ടായിരുന്ന നാല്‍പ്പതോളം കായ്ഫലമുള്ള തെങ്ങുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷംകൊണ്ട് പൂര്‍ണമായും ആനകള്‍ നശിപ്പിച്ചതായി പറയുന്നു.
ഇത്രയും കാലം കൊണ്ട് ഒരു തെങ്ങ് മാത്രമാണ് വിനീതിന്റെ പറമ്പില്‍ ബാക്കിയുള്ളത്. കഴിഞ്ഞ ദിവസം വടക്കനാട് ആര്‍.സി. പള്ളിപ്പറമ്പിലെ വാഴകളും കാട്ടാന നശിപ്പിച്ചു. അതിനിടെ വന്യമൃഗങ്ങളാല്‍ വരുന്ന കാര്‍ഷിക നഷ്ടം നികത്താന്‍ അപേക്ഷിച്ച് ഒരു വര്‍ഷമായിട്ടും പണം ലഭിച്ചിട്ടില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു. വനംവകുപ്പില്‍ പരാതിപ്പെട്ട് മടുത്തെന്നും ശല്യം തുടര്‍ന്നാല്‍ ബഹുജനപ്രക്ഷോഭം അടക്കമുള്ളവയെ കുറിച്ച് ആലോചിക്കുകയാണെന്നും കൃഷിക്കാര്‍ വ്യക്തമാക്കി. വനംവകുപ്പും കര്‍ഷകരും തമ്മിലുള്ള സംഘര്‍ഷമുണ്ടായ സ്ഥലം കൂടിയാണ് വടക്കനാട്.