Asianet News MalayalamAsianet News Malayalam

ധോണിയെ വിറപ്പിച്ച പിടി സെവൻ, കീഴടങ്ങും വരെ കൺമുന്നിൽ കണ്ട കഥയിങ്ങനെ...

ഇതിനിടയിൽ ആനയുടെ കണ്ണ് കറുത്ത തുണികൊണ്ട് മറച്ചിരുന്നു. ഉറക്കത്തിലാണെങ്കിലും ആന കണ്ണടയ്ക്കില്ല. ചുറ്റുമുള്ളതെല്ലാം കണ്ടാൽ, പാതിമയക്കത്തിലേക്ക് വരുമ്പോൾ ആന പരിഭ്രാന്തി ഉണ്ടാക്കാം. അതിനു പുറമെ വെയിൽ കണ്ണിലടിക്കാതിരിക്കാൻ കൂടിയുള്ള മുൻകരുതലായിരുന്നു അത്.

how pt seven captured suhail ahemmed writes
Author
First Published Jan 23, 2023, 4:05 PM IST

പാലക്കാട് ജില്ല. ധോണി മേഖല. അരിമണി എസ്റ്റേറ്റിലെ കോർമ ഭാഗം. പുലർച്ചെ നാലരയ്ക്ക്  ദൗത്യസംഘം പാലക്കാട് ടസ്കർ ഏഴാമനെ ട്രാക്ക് ചെയ്തു. റബർ എസ്റ്റേറ്റും വനവും അതിരിടുന്ന സ്ഥലത്ത് ഒരു മോഴ ആനയ്ക്കൊപ്പം നാട്ടിൽ സ്വതന്ത്രവിഹാരം നടത്തിയ കൊമ്പൻ. ചീഫ് വെറ്റിനറി ഓഫീസർ ഡോ. അരുൺ സക്കറിയയ്ക്ക് കാട്ടിനകത്ത് നിന്നും ആദ്യ അറിയിപ്പ്. പിടി സെവൻ സ്പോട്ടഡ്. ധോണി ക്യാമ്പിൽ നിന്ന് മൂന്ന് വാഹനങ്ങൾ അതിവേഗം ചീറിപ്പാഞ്ഞു. 

ഡോ. സക്കറിയയും സംഘവും ഉൾപ്പെട്ടെ കോൺവോയ്ക്ക് പിന്നാലെ, ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ പ്രിയ ഇളവള്ളി മഠവും ക്യാമറാമാൻ പ്രശാന്ത് കുനിശ്ശേരിയും. വാഹനങ്ങൾ പാഞ്ഞുചെന്ന് നിന്നത് അരിമണി എസ്റ്റേറ്റിലെ കോർമ ഭാഗത്ത്. 

how pt seven captured suhail ahemmed writes

ദൗത്യസംഘത്തിലെ വെറ്ററിനറി ടീം വാഹനത്തിൽ നിന്ന് ഇറങ്ങി പുറത്ത് കാത്തു നിൽക്കുന്നു. ഡോ. സക്കറിയ ഏതോ ഒരു വിവരത്തിന് കാതോർത്തു നിന്നപോലെ... ധോണി മേഖലയിൽ കിട്ടാവുന്ന മെച്ചപ്പെട്ട സ്ഥലത്താണ് പിടി സെവനെന്ന സന്തോഷ സന്ദേശവും ഡോ. സക്കറിയയുടെ കാതിലെത്തി. സഹായികൾ  മരുന്ന് കൂടഴിച്ചു.  സൈലൻസിൽ ഹൈഡ്രോ ക്ലോറൈഡും കെറ്റാമിനും ചേർത്തുളള കോക്ടയിൽ. ഡോ. സക്കറിയ കൊമ്പനെ, ഏഴാമനെ മയക്കാൻ മാന്ത്രിക കൂട്ടൊരുക്കി. 

സിറിഞ്ചുകൾ അതിവേഗം പായിക്കുന്ന തോക്കിൻകുഴലിലേക്ക് നിറച്ചു വച്ചു. അനുഭവവും വഴക്കവും തഴക്കവുമുള്ള വെറ്ററിനറി ടീമിനൊപ്പം പിടി സെവനെ കണ്ടിടത്തേക്ക്, കാട്ടിനകത്തേക്ക് കാൽനടയായി യാത്ര. അപ്പോഴേക്ക്  സമയം ആറ് മണി കഴിഞ്ഞിരുന്നു. ഇരുട്ടു മാറുംവരെ കാത്തിരിപ്പ്. പിടി സെവന് ചുറ്റം അകലമിട്ട്  ദൗത്യസംഘം നിലയുറപ്പിച്ചു. 

ആദ്യ മയക്കുവെടിയുടെ ആദ്യ സൂചനകൾ കിട്ടിയത് ധോണി ക്യാമ്പിൽ നിന്നായിരുന്നു. ഏഴുമണിയോട് അടുത്ത നേരം. ക്യാമ്പിന് പുറത്തുണ്ടായിരുന്ന ക്രെയിൻ പിടിയെ പൂട്ടാനുള്ള കൂട്ടിനടുത്തേക്ക്. ആനയെ മയക്കുവെടിവച്ച് പിടിച്ച് കൊണ്ടുവന്നാൽ കയറ്റുന്നതിന് മുമ്പ്, യൂക്കാലിപ്സ് ഇഴചേർത്തുണ്ടാക്കിയ അഴികൾ അഴിച്ചുമാറ്റണം. ക്രെയിൻ സഹായത്തോടെയാണ് ഇത് ചെയ്യുക. ക്യാമ്പിന് മുന്നിൽ നമസ്തേ കേരളത്തിന് ലൈവ് നിന്ന എനിക്കിതൊരു ശുഭസൂചനയായി തോന്നി. 

പക്ഷേ, അപ്പോഴും ക്യാമ്പിന് അകത്തുണ്ടായിരുന്ന ലോറികൾ അനങ്ങിയില്ല. (ലോറിയല്ല, ശരിക്കും അനിമൽ ആംബുലൻസ് ആണ്, കേരളത്തിലുള്ളത് രണ്ടെണ്ണം, രണ്ടും വയനാട്ടിലേത് തന്നെ). ഏഴേകാലോടെ, അനിമൽ ആംബുലൻസ് ഡ്രൈവർ ഡെൽജിത്ത് വി.എസ്  ലോറിക്ക് അരികിലേക്ക്. ലോറി എടുത്ത് ധോണി ക്യാമ്പിന് പുറത്തേക്ക്. പിടി സെവനെ മയക്കുവെടി വയ്ക്കാതെ ലോറി എടുക്കില്ലെന്ന നിരീക്ഷണം ശരിയായി. പിന്നീട് ഔദ്യോഗിക അറിയിപ്പിനുള്ള കാത്തിരിപ്പ്.

7.03 AM പിടി സെവൻ്റെ ലൈഫ് ചേഞ്ചിങ് മൊമൻ്റ്

വെളിച്ചം വീണതോടെ തോക്കിൻ കുഴലിലൂടെ ദൗത്യസംഘം കൊമ്പനെ നോക്കി. സമയം ഏഴുമണി കഴിഞ്ഞ് മൂന്നു മിനിറ്റ്. കൺസർവേഷൻ ബയോളജിസ്റ്റ് വിഷ്ണുവിൻ്റെ തോക്കിൻ കുഴലിന് 50 മീറ്റർ അകലെ പിടി സെവനെ കിട്ടി. തൊട്ടുപിറകെ ചീഫ് വെറ്ററിനറി സർജൻ അരുൺ സക്കറിയയുടെ ആന പിടുത്തത്തിലെ ഭാഗ്യം നിറഞ്ഞ ഷോട്ട്, പിടി സെവൻ്റെ കഴുത്തിൽ. ആനപേലും അറിയാതെ... ആദ്യ സർപ്രൈസ് ഷൂട്ടിങ് സക്സസ്. പിടി സെവൻ്റെ ലൈഫ് ചേഞ്ചിങ് മൊമൻ്റ്. പിടി സെവൻ മയങ്ങിത്തുടങ്ങി.

ദൗത്യ സംഘം പിടി സെവനെ ട്രാക്ക് ചെയ്തപ്പോൾ ഒരു മോഴ കൂടി ഒപ്പമുണ്ടായിരുന്നു. പിടി സെവന് മയക്കുവെടികൊണ്ട് അത് മയങ്ങിത്തുടങ്ങിയതോടെ, മോഴ പിൻവലിഞ്ഞു. തൊട്ടുപിന്നാലെ കുംകികളെ കൂടി കണ്ടതോടെ, മോഴ കാട്ടിനകത്തേക്ക് മറഞ്ഞു. മയക്കുവെടി കൊണ്ടാൽ സാധാരണയായി കാട്ടാനകൾ മയങ്ങാൻ 45 മിനിറ്റ് വരെ എടുക്കാം. അതിനിടിൽ പരിഭ്രാന്തി സൃഷ്ടിക്കാം, അപായങ്ങളുണ്ടാക്കാം, ആക്രമിക്കാം. പക്ഷേ, പിടി സെവൻ ഇരുന്നൂറ് മീറ്ററിനപ്പുറം നീങ്ങിയതു പോലുമില്ല. തൊട്ടുപിന്നാലെ, കുംകികളെ എത്തിച്ച് പിടി സെവന് ചുറ്റും വിന്യസിച്ചു. 

പെട്ടെന്ന് എന്തെങ്കിലും അനുസരണക്കേട് കാണിച്ചാൽ തളയ്ക്കുകയായിരുന്നു ഭരത്, വിക്രം, കോന്നി സുരേന്ദ്രൻ എന്നിവരുടെ ദൗത്യം. പക്ഷേ, അനുസരണയുള്ള കുട്ടിയെപ്പോലെ പിടി സെവൻ മയങ്ങിനിന്നു. 

നേരോടെ ആദ്യവിവരം, ആദ്യചിത്രം, ആദ്യദൃശ്യം, നിർഭയം ആദ്യം സ്ഥലത്ത്, നിരന്തരം വ്യക്തതയോടെ വിവരണം 

ലോറി കാട്ടിനകത്തേക്ക് പോകുമ്പോൾ വഴിവെട്ടാനായി മുന്നിൽ ജെസിബി കൂടി നീങ്ങി. അപ്പോൾ ചുറ്റുംകൂടിയ നാട്ടുകാരിൽ ചിലരോട്, പ്രദേശത്തെ ഭൂപ്രകൃതിയെ കുറിച്ച് തിരക്കി. വനത്തിലൂടെ മലയിലേക്ക് രണ്ട് കിലോമീറ്ററിൽ താഴെ മാത്രമേ ദൂരമുള്ളൂ എന്ന് നാട്ടുകാർ വ്യക്തതയോടെ പറഞ്ഞു. ഒരു കിലോമീറ്റർ കഴിഞ്ഞാൽ കയറ്റിറക്കങ്ങളാണ് എന്ന് സൂചിപ്പിച്ചു. ഇത് രണ്ടും നിർണായക വിവരമായിരുന്നു. കയറ്റിറക്കമുള്ള സ്ഥലത്ത് വച്ച് ഒരിക്കലും പിടി സെവനെ മയക്കുവെടി വയ്ക്കില്ലെന്ന് ഡോ. സക്കറിയയും റേഞ്ചർ രൂപേഷുമൊക്കെ പലപ്പോഴായി വ്യക്തമാക്കിയിരുന്നു. കാരണം മയക്കുവെടി കൊണ്ട് ആന ചരിവിലൂടെ ഓടിയാൽ വീഴാൻ സാധ്യത കൂടുതലാണ്. നെഞ്ചിടിച്ചാണ് ആന വീഴുന്നതെങ്കിൽ ജീവൻ തന്നെ പോയേക്കാം. ജനവാസ മേഖലയിൽ നിന്ന് അധികം ദൂരമില്ലാത്തിടത്താണ് കൊമ്പനെ തളച്ചതെന്ന് ഉറപ്പിച്ചു. 

ലോറി പോയ ദിശയിലേക്ക് ജനവാസ മേഖലിൽ നിന്ന് കാടിൻ്റെ അരികുപറ്റി ഞാനും ക്യാമറാമാൻ അനൂപ് കൃഷ്ണയും നടന്നു. അര കിലോമീറ്റർ നടക്കുമ്പോഴേക്ക് കേരളം കാത്തിരുന്ന ആദ്യ ദൃശ്യം ഏഷ്യാനെറ്റ് ന്യൂസിൻ്റെ ക്യാമറിൽ പതിഞ്ഞു. റബ്ബർ എസ്റ്റേറ്റും വനവും അതിർത്തി പങ്കിടുന്നിടത്ത്, വെറും 60 മീറ്റർ ദൂരത്തിൽ മൂന്ന് കുംകികളുടെ വലയത്തിൽ പിടി സെവൻ. ക്യാമറ പല ദിശയിലേക്ക് മാറ്റിയപ്പോൾ, കറുത്ത തുണി കൊണ്ട് മുഖം മറച്ച് പിടി സെവൻ പൂർണ മയക്കത്തിൽ. 

മൂന്ന് തവണ മയക്കി, കറുത്ത തുണിയിലും കാര്യമുണ്ട് 

രാവിലെ 7.03 -നാണ് ആദ്യം ആനയെ മയക്കുവെടി വച്ചത്. സക്കറിയ ഉണ്ടാക്കിയ കോക്ടെയിൽ ഒരു കിലോയ്ക്ക് ദശാംശം ഒരു ഗ്രാം എന്ന നിലയ്ക്കാണ് നൽകുക. 3500 കിലോയാണ് പിടി സെവൻ്റെ തൂക്കം. ഡോ. സക്കറിയയുടെ കണക്കിൽ പ്രായം 16 -നും 19 -നും ഇടയിൽ. കണക്കൊപ്പിച്ച്, കൃത്യം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ, രണ്ടാമത്തെ മയക്കുവെടിയും വച്ചു. 8.03 -ന് ആയിരുന്നു അത്. ഇത്തവണയും ആനയുടെ തുടയിൽ ആയിരുന്നു മയക്കുവെടി വച്ചത്. ആദ്യം ഉന്നംപിടിച്ച കൺസർവേഷൻ ബയോളജിസ്റ്റ് വിഷ്ണു തന്നെ. മയക്കത്തിലുള്ള ആന ചെറുതായി കൂർക്കം വലിക്കും. പക്ഷേ, മയക്കം നീങ്ങിത്തുടങ്ങിയാൽ, തുമ്പിക്കൈ പതിയെ ചലിപ്പിക്കും, ചെവികൾ ആട്ടും. ഇതെല്ലാം നിരീക്ഷിച്ചാണ് രണ്ടാമതും മയക്കുവെടി വച്ചത്. 

ഇതിനിടയിൽ ആനയുടെ കണ്ണ് കറുത്ത തുണികൊണ്ട് മറച്ചിരുന്നു. ഉറക്കത്തിലാണെങ്കിലും ആന കണ്ണടയ്ക്കില്ല. ചുറ്റുമുള്ളതെല്ലാം കണ്ടാൽ, പാതിമയക്കത്തിലേക്ക് വരുമ്പോൾ ആന പരിഭ്രാന്തി ഉണ്ടാക്കാം. അതിനു പുറമെ വെയിൽ കണ്ണിലടിക്കാതിരിക്കാൻ കൂടിയുള്ള മുൻകരുതലായിരുന്നു അത്. എട്ടുമണിയോടെ തന്നെ ആന പൂർണ നിയന്ത്രണത്തിലായിട്ടും ആനയെ കൂട്ടിലാക്കുന്നത് വൈകി. എന്തുകൊണ്ട് ?

ഉറപ്പുള്ള മണ്ണ്, ലോറിയിലേക്ക് റാമ്പ് ഒരുക്കാൻ താമസം 

എട്ടരയോടെ തന്നെ ലോറി പിടി സെവനെ മയക്കിയതിന് 100 മീറ്റർ അകലെ എത്തിയിരുന്നു. പക്ഷേ, ലോറിയിലേക്ക് ആനയെ കയറ്റണമെങ്കിൽ ലോറിയുടെ ബോഡിയിലേക്ക് ആനയെ കയറ്റാൻ പാകത്തിന് റാമ്പ് ഒരുക്കണം. സ്ഥലത്തെ മണ്ണ് ഉറച്ചതിനാൽ ജെസിബി ആയിരുന്നിട്ട് പോലും അതിന് കഴിഞ്ഞില്ല. രണ്ട് മണിക്കൂർ വേണ്ടിവന്നു റാമ്പ് നിർമാണം പൂർത്തിയാക്കാൻ. ഇതിനിടയിൽ ഒരിക്കൽ പോലും പിടി സെവൻ പരിഭ്രാന്തി സൃഷ്ടിച്ചില്ല. എല്ലാം ദൗത്യസംഘം വരച്ചവരയിൽ നിന്നു. പത്തരയോടെ, ആനയുടെ കണ്ണിലെ തുണി മാറ്റി. പതിയെ ലോറി റാമ്പിലേക്ക് ഇറക്കി.

വീണ്ടും ഉണർച്ചയിലേക്ക് വന്നുതുടങ്ങിയ പിടി സെവന് ബൂസ്റ്റർ ഡോസ് കൂടി നൽകി. പിന്നാലെ, കുംകികളെ ഉപയോഗിച്ച് ലോറിയിലേക്ക് ഭദ്രമായി കയറ്റാൻ തുടങ്ങി. വലത്തും ഇടത്തും ഭരത്, വിക്രം എന്നീ കുംകികളും പിറകിൽ ആന സുരേന്ദ്രനും നിലയുറപ്പിച്ചു. മയക്കത്തിലുള്ള കുംകിയെ താങ്ങി വീഴാതെ, അപായമില്ലാതെ, പരിഭ്രാന്തി സൃഷ്ടിക്കാതെ ലോറിയിലേക്ക്. താത്കാലികമായി യൂക്കാലിപ്സ് കൊണ്ടുണ്ടാക്കിയ ക്രൌണിലേക്ക് പിടി സെവനെ സുരക്ഷിതമായി കയറ്റി. ആനയെയും കൊണ്ടുള്ള അനിമൽ ആംബുലൻസ് അതിവേഗം പ്രധാന റോഡിലേക്ക്.

വിലസിയ മനുഷ്യർക്ക് മുന്നിലൂടെ മെരുങ്ങിയുള്ള യാത്ര

പിടി സെവനെ ധോണിയിലെ കൂട്ടിലേക്ക് കൊണ്ടുപോകുന്നത് കാണാൻ റോഡിൻ്റെ ഇരുവശങ്ങളിലും നാട്ടുകാർ കൂട്ടം കൂടി നിന്നിരുന്നു. യാത്രാ തടസ്സങ്ങൾ  ഒഴിവാക്കാൻ പൊലീസ് വഴിയൊരുക്കി. അരിമണിയിലെ കല്ലിട്ട, റോഡിലൂടെ പൊടി പാറിച്ച് പിടി സെവനേയും കൊണ്ടുള്ള അനിമൽ ആംബുലൻസ് ചീറിപ്പാഞ്ഞു. അതുവരെ വിലസിയ മനുഷ്യർക്ക് മുന്നിലൂടെ മെരുങ്ങിയുള്ള കൊമ്പൻ്റെ യാത്ര. 

അതുവരെ നമ്മൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നത് ആനയേയും കൊണ്ടുള്ള വാഹനം പതിയെ മാത്രമേ പോവുകയുള്ളൂ എന്നായിരുന്നു. പക്ഷേ, അങ്ങനെയായിരുന്നില്ല. ഡ്രൈവർ കുതിച്ചുപാഞ്ഞു. ദൗത്യശേഷം ഇതേ കുറിച്ച് നേരിട്ടു ചോദിച്ചു. അപ്പോഴാണ്, ഇത് ലോറിയല്ലെന്നും അനിമൽ ആംബുലൻസ് ആണെന്നും പറഞ്ഞു തന്നത്. മയക്കത്തിലുള്ള ആനയെ എത്രയും വേഗം കൂട്ടിലെത്തിക്കുക എന്നതാണ് ദൗത്യം. അതിന് വേഗനിയന്ത്രണമില്ലെന്നും ഡ്രൈവർ ഡെൽജിത്ത് വി.എസ് മനസ്സിലാക്കി തന്നു. 

വഴിയിലൂടനീളം മൊബൈൽ ക്യാമറകളുമായി നാട്ടുകാർ നിറഞ്ഞു നിന്നു. അരിമണി എസ്റ്റേറ്റ് റോഡിൽ നിന്ന് വാഹനം ഹൈവേയിൽ കയറിയതോടെ, വീണ്ടും ചീറിപ്പാഞ്ഞു. പെട്ടെന്ന് ലോറി നിർത്തി. എന്താണ് സംഭവിച്ചത് എന്നായി ആകാംക്ഷ. പിടി സെവൻ ഉണർന്നോ, വല്ല കുറുമ്പും കാട്ടിയോ എന്നായിരുന്നു ചിന്ത. പക്ഷേ, ലോറിയുടെ മുൻവശത്തെ ചില്ല് തകർന്നിരുന്നു. ചില്ലുകൾ എടുത്തൊഴിവാക്കാൻ  ഒരുമിനിറ്റ് സാവകാശം. പിന്നാലെ, മുട്ടിക്കുളങ്ങരയ്ക്ക് അപ്പുറത്തുള്ള ഇടറോഡിലൂടെ ധോണി ക്യാമ്പിലേക്ക് അനിമൽ ആുംബലൻസ് കുതിച്ചെത്തി. 

how pt seven captured suhail ahemmed writes

ചൂടകറ്റാൻ ദേഹത്തേക്ക് വെള്ളമൊഴിച്ചു. ഡോ. സക്കറിയ മയക്കം മാറാനുള്ള യൊഹിമ്പിൻ നൽകി. പുറത്തു ആൾക്കൂട്ടം ഒഴുകിയെത്തി. ദൗത്യസംഘത്തിന് കയ്യടി. മന്ത്രിമാരെത്തി, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെത്തി, പൊന്നാടയിട്ടും മാലയണിയിച്ചും ധോണിയിലെ ആശ്വാസം പ്രകടമാക്കി. പിന്നാലെ വനംവകുപ്പ് മന്ത്രിയെത്തി. ധോണിയെ വിറപ്പിച്ച കൊമ്പൻ ഏഴാമന് ധോണിയെന്ന് പേരിട്ടു. ഇവൻ ധോണിയെ പോലെ ഇനി കാടിറങ്ങും കൊമ്പന്മാരെ അടിച്ചു പറത്തട്ടെയെന്ന് ദൗത്യത്തിൻ്റെ ഏകോപന ചുമതലയുണ്ടായിരുന്ന എസിഫ് കമൻ്റടിച്ചു.

ഒമ്പത് മണിക്കൂർ ദൗത്യത്തിന് അതോടെ തിരശ്ശീല!‌ 

Follow Us:
Download App:
  • android
  • ios