Wild Elephant Attack : ആനക്കലിയില്‍ തീരുന്ന ആദിവാസി സ്വപ്‌നങ്ങള്‍, പൊലിഞ്ഞത് 20 ഓളം ജീവനുകൾ

By Web TeamFirst Published Jan 28, 2022, 1:13 PM IST
Highlights

20ഓളം ആദിവാസികള്‍ക്കാണ് ഇതിനകം കാട്ടാനകളുടെ പരാക്രമത്തില്‍ ജീവന്‍ പൊലിഞ്ഞത്. വനം ഉദ്യോഗസ്ഥരും ഇതര സംസ്ഥാനക്കാരും കര്‍ഷകരും പ്രദേശവാസികളുമുള്‍പ്പെടെ ജീവന്‍ നഷ്ടമായത് 40ലേറെ വരും.

നിലമ്പൂര്‍: ഉള്‍വനത്തില്‍ തന്നെ അധിവസിക്കുന്ന ആദിവാസികള്‍ക്ക് കാട്ടാനകള്‍ ഉപദ്രവിക്കില്ലെന്നൊരു വിശ്വാസമുണ്ട്. എന്നാല്‍ അടുത്ത കാലത്തായി ആനകളുടെ ആക്രമണത്തിൽ കാടിന്റെ മക്കളും ഇരയാകുകയാണ്. ബുധനാഴ്ച ജീവന്‍ പൊലിഞ്ഞ കരുളായി വനത്തിലെ മാഞ്ചീരി അളയിലെ കരിമ്പുഴ മാതനാണ് അവസാന ഇര.

20ഓളം ആദിവാസികള്‍ക്കാണ് ഇതിനകം കാട്ടാനകളുടെ പരാക്രമത്തില്‍ ജീവന്‍ പൊലിഞ്ഞത്. വനം ഉദ്യോഗസ്ഥരും ഇതര സംസ്ഥാനക്കാരും കര്‍ഷകരും പ്രദേശവാസികളുമുള്‍പ്പെടെ ജീവന്‍ നഷ്ടമായത് 40ലേറെ വരും. പരുക്കുകളോടെ രക്ഷപ്പെട്ടവര്‍ നൂറിലധികം പേരാണ്. 2001ല്‍ പാലക്കയം മുതുവാന്‍ കോളനിയിലെ ബാലകൃഷ്ണനാണ് കാട്ടാനക്ക് ഇരയായ ആദ്യ വനവാസി. 

2020 സെപ്തംബര്‍ 30ന് മുണ്ടേരി വനത്തില്‍ തണ്ടംകല്ല് ആദിവാസി കോളനിയിലെ ജയനും ജീവന്‍ നഷ്ടമായി. അമ്പുമല, വെറ്റിലക്കൊല്ലി, അളക്കല്‍, പുഞ്ചക്കൊല്ലി, തണ്ടന്‍ക്കല്ല്, കുമ്പളപ്പാറ, ഇരുട്ടുകുത്തി, മാഞ്ചീരി തുടങ്ങിയ ഭാഗങ്ങളിലെ ആദിവാസി കുടുംബങ്ങള്‍ കാട്ടാനപ്പേടിയില്‍ താമസസ്ഥലം മാറി.

ഇപ്പോള്‍ കാട്ടാനശല്യം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നതും   ആദിവാസികളാണ്. 55 വനവകാശ കോളനികളാണ് നിലമ്പൂര്‍ മേഖലയിലുള്ളത്ത്. കാട്ടാനകള്‍ വിഹരിക്കുന്ന വനപാതയിലൂടെയല്ലാതെ ഇവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ മറ്റ് മാര്‍ഗങ്ങളില്ല. ജീവന്‍ പണയംവെച്ചാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആദിവാസികളുടെ യാത്ര.

നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് ഡിവിഷനുകളും സൈലന്റ് വാലി കരുതല്‍ മേഖലയും ഉള്‍പ്പെടുന്നതാണ് ജില്ലയിലെ വനമേഖല. നോര്‍ത്തില്‍ 440ഉം സൗത്തില്‍ 320 ചതുരശ്ര കിലോമീറ്ററും വനമാണുള്ളത്. ഏഷ്യന്‍ ആനകളുടെ ഏറ്റവും വലിയ ആവാസവ്യവസ്ഥയെന്നറിയപ്പെടുന്ന നീലഗിരി ബയോസ്ഫിയറിലാണ് ഈ സംരക്ഷിത വനമേഖലകള്‍ ഉള്‍പ്പെടുന്നത്. 

നിലമ്പൂര്‍ വനത്തില്‍ കാട്ടാനകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുന്നുമുണ്ട്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന നിലമ്പൂര്‍ കാട്ടില്‍ ആനകളുടെ പോക്കുവരവ് ഏറെയാണ്. നിലമ്പൂര്‍ താലൂക്കിലെ ഒട്ടുമിക്ക പഞ്ചായത്തുകളും വനാതിര്‍ത്തി പങ്കിടുന്നവയാണ്. ഇവിടങ്ങളിലെല്ലാം കാട്ടുമൃഗശല്യം രൂക്ഷവുമാണ്. വനമേഖലയില്‍ ജീവന്‍ നഷ്ടത്തിനൊപ്പം കൃഷി നാശവും വ്യാപകമാണ്.

click me!