
ആനയിറങ്കല്‍: ഇടുക്കി ആനയിറങ്കൽ ഹൈഡൽ ടൂറിസം സെൻററിൽ കാട്ടാനയുടെ വിളയാട്ടം. ചക്കക്കൊമ്പൻ എന്ന പേരിലറിയപ്പെടുന്ന ഒറ്റയാനാണ് ടൂറിസം സെൻറിലേക്ക് നീന്തിക്കയറിയത്. ശനിയാഴ്ച രാവിലെ എട്ടേമുക്കാലോടെയായിരുന്നു സംഭവം. ഒരു കുട്ട വഞ്ചിയും ബോർഡും ഇരിപ്പിടങ്ങളും മറ്റ് ഉപകരണങ്ങളും ആന നശിപ്പിച്ചു.
ചിന്നക്കനാൽ ഭാഗത്തു നിന്നും ആനയിറങ്കൽ ഡാം നീന്തി കയറിയാണ് ചക്കക്കൊമ്പന്‍ എത്തിയത്. ഈ സമയം വിനോദസഞ്ചാരികൾ പാർക്കിൽ ഉണ്ടായിരുന്നു. സോളാർ ഫെൻസിംഗ് ഉണ്ടായിരുന്നതിനാൽ ആനയ്ക്ക് സഞ്ചാരികളുടെ അടുത്തേക്ക് എത്താനായില്ല. ഇതിനാല്‍ ആളപായമുണ്ടായില്ല. സ്ഥലത്തുണ്ടായിരുന്ന വകുപ്പ് വാച്ചർമാർ ശബ്ദം ഉണ്ടാക്കി ആനയെ തുരുത്തി ഓടിക്കുകയായിരുന്നു. പ്രദേശത്ത് മുമ്പും ചക്കക്കൊമ്പൻറെ ആക്രമണമുണ്ടായിട്ടുണ്ട്. ചക്ക സീസണിൽ പ്ലാവുകളിൽ നിന്നും ചക്ക പറിച്ചു തിന്നുന്നതിനാലണ് ആനക്ക് ഈ പേരു വീണത്.
അതേസമയം പാലക്കാട് ധോണിയിലിറങ്ങിയ പി ടി 7 എന്ന കാട്ടാനയെ തുരത്താനുള്ള പ്രത്യേക സംഘത്തിന്‍റെ ശ്രമം തുടരുകയാണ്. ശനിയാഴ്ച പുലര്‍ച്ചെയും പി ടി 7 ധോണിയിലെത്തിയിരുന്നു. ലീഡ് കോളേജിന് സമീപത്താണ് ആന എത്തിയത്. കഴിഞ്ഞ ദിവസം കൂട്ടിന് രണ്ട് ആനകളുമായാണ് പി ടി സെവന്‍ ധോണിയിലെത്തിയത്. പി ടി സെവനെ തിങ്കളാഴ്ചയ്ക്ക് ശേഷം വെടിവയ്ക്കുമെന്നാണ് വിവരം. ധോണ ിയിലെ കയറ്റിറക്കങ്ങൾ നിറഞ്ഞ ഭൂപ്രകൃതിയാണ് പി ടി സെവനെ പിടികൂടുന്നതില്‍ വെല്ലുവിളിയാവുന്നതെന്നാണ് ദൌത്യത്തിന്‍റെ ഏകോപന ചുമതലയുള്ള എസിഎഫ് ബി രഞ്ജിത്ത് വിശദമാക്കിയത്.
ദിവസങ്ങളായി സുൽത്താൻ ബത്തേരി ടൗണിൽ ജനങ്ങളെ ഭയപ്പെടുത്തി വിലസിയ കാട്ടുകൊമ്പൻ പിഎം 2-വിനെ വനംവകുപ്പ് പിടികൂടിയിരുന്നു. കുപ്പാടി വനമേഖലയ്ക്ക് സമീപത്ത് വച്ചാണ് പി.എം. 2-ന് മയക്കുവെടിയേറ്റത്. വനമേഖലയിലും ഇടയ്ക്ക് ജനവാസമേഖലയിലുമായി അതിവേഗം നീങ്ങുകയായിരുന്ന പിഎം ടുവിനെ നിരന്തര നിരീക്ഷണത്തിന് ശേഷമാണ് പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam