
കോഴിക്കോട്: നഗരമധ്യത്തില്‍ നിന്നും യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിൽ ആറുപേർ പിടിയില്‍. നാല് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. കോഴിക്കോട് കാക്കൂര്‍ കൊയാളിമൂക്ക് പാറന്നൂര്‍ സ്വദേശിനി വി.പി ക്വാര്‍ട്ടേഴ്‌സില്‍ റഹ്‌മത്ത്(41), എറണാകുളം കാലടി സ്വദേശി പുളിക്കുന്നത്ത് വീട്ടില്‍ അനില്‍ കുമാര്‍ (47), അന്നശ്ശേരി സ്വദേശിനി എടവനകുഴി കോളനിയില്‍ സുഹറ(42), കല്ലായി ചക്കുംകടവ് സ്വദേശിനി ആനമാട് പറമ്പ് വീട്ടില്‍ അയിഷ(43), വെള്ളയില്‍ സ്വദേശിനി നാലുകൂടിപറമ്പ് വീട്ടില്‍ സൗദ (45), മുക്കം ചേന്നമംഗലൂര്‍ സ്വദേശി സുബിരാജ് (46) എന്നിവരെയാണ് കോഴിക്കോട് കസബ പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിലെ കെട്ടിടത്തില്‍ ശുചീകരണ ജോലി കഴിഞ്ഞു വരികയായിരുന്ന യുവതിയാണ് അതിക്രമത്തിന് ഇരയായത്. വീട്ടിലേക്ക് പോകാനായി ബസ് കാത്തു നില്‍ക്കുന്നതിനിടെ ഇവരെ പരിചയമുള്ള മോഷണ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ ഇതുവഴി വരികയും പെരിങ്ങളത്തേക്ക് പോകുകയാണെന്നും ഓട്ടോയില്‍ കയറാന്‍ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ ഓട്ടോറിക്ഷയില്‍ യാത്ര തുടങ്ങിയ ശേഷം പ്രതികള്‍ പരാതിക്കാരിയെ അക്രമിക്കുകയും മുഖത്ത് മുഷ്ടി ചുരുട്ടി ഇടിക്കുകയും ചെയ്തു. ഇവര്‍ ധരിച്ചിരുന്ന ഒന്നേകാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണചെയിനും രണ്ടര പവന്‍ വരുന്ന പാദസ്വരവും ഒരു പവന്റെ ബ്രേസ്ലെറ്റും സംഘം പൊട്ടിച്ചെടുത്തു. തുടര്‍ന്ന് ഇവര്‍ യുവതിയെ ചേവായൂരില്‍ ഇറക്കിവിട്ട് കടന്ന് കളയുകയായിരുന്നു.
മുഖത്ത് മർദനമേറ്റതിനെത്തുടർന്ന് യുവതിയുടെ മുന്‍വശത്തെ നാല് പല്ലുകള്‍ പറിഞ്ഞു പോയ നിലയിലാണ്. യുവതിയുടെ പരാതിയില്‍ കസബ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. മോഷണ സംഘത്തെ കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് തന്നെയാണ് പിടികൂടിയത്. ചോദ്യം ചെയ്തപ്പോള്‍ പരാതിക്കാരിയെ നേരത്തെ കണ്ട് പരിചയം ഉണ്ടെന്നും സ്ഥിരമായി ആഭരണം ധരിച്ചു വരുന്ന ഇവരെ കവര്‍ച്ച ചെയ്യാന്‍ ആസൂത്രണം ചെയ്തിരുന്നെന്നും ഇവര്‍ വ്യക്തമാക്കി. മോഷണ മുതല്‍ കമ്മത്ത് ലൈനിലുള്ള കടയില്‍ വിറ്റ് പണം വാങ്ങിയെന്നും ഇവര്‍ സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ സംഘത്തെ റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam