തൃശൂർ പാലപ്പിള്ളിയില്‍ കാട്ടാനയുടെ സാന്നിധ്യം. അതിരപ്പിള്ളി ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഭീതി പരത്തിയ കാട്ടുകൊമ്പന്‍ ഏഴാറ്റുമുഖം ഗണപതി ഉള്‍പ്പടെയുള്ള അക്രമകാരികളായ കാട്ടാനകളാണ് പാലപ്പിള്ളിയിൽ എത്തിയത്. 

തൃശൂര്‍: അതിരപ്പിള്ളി ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഭീതി പരത്തിയ കാട്ടുകൊമ്പന്‍ ഏഴാറ്റുമുഖം ഗണപതി ഉള്‍പ്പടെയുള്ള അക്രമകാരികളായ കാട്ടാനകള്‍ പാലപ്പിള്ളിയില്‍ എത്തി. 25ലേറെ ആനകളാണ് പാലപ്പിള്ളി തോട്ടം മേഖലകളില്‍ തമ്പടിച്ചിരിക്കുന്നത്. രണ്ടുദിവസം മുമ്പാണ് ഏഴാറ്റുമുഖം ഗണപതി, മഞ്ഞക്കൊമ്പന്‍ എന്നി വിളിപ്പേരുകളുള്ള ആനകളെ പാലപ്പിള്ളി മേഖലയില്‍ നാട്ടുകാര്‍ കണ്ടത്. കുണ്ടായി, ചക്കിപ്പറമ്പ് എന്നി പ്രദേശങ്ങളിലിറങ്ങിയ ആനക്കൂട്ടം ജനവാസ മേഖലയില്‍ എത്തി കൃഷി നശിപ്പിച്ചിരുന്നു. നാട്ടുകാരും തോട്ടം തൊഴിലാളികളും വാച്ചര്‍മാരും ചേര്‍ന്ന് പടക്കം പൊട്ടിച്ചും പാട്ടക്കൊട്ടിയും ആനകളെ കാടുകയറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പകല്‍ സമയത്തുപോലും തോട്ടങ്ങളിലും റോഡിലും ഇറങ്ങുന്ന ആനക്കൂട്ടത്തെ ഭയന്നാണ് തൊഴിലാളികള്‍ പണിക്കിറങ്ങുന്നത്. കഴിഞ്ഞ ദിവസം ആനക്കൂട്ടത്തിന്റെ മുന്നില്‍ അകപ്പെട്ട തൊഴിലാളികള്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കാട്ടാനശല്യത്തില്‍ പൊറുതിമുട്ടി കഴിയുന്ന പ്രദേശത്തെ ആദിവാസികളും തൊഴിലാളി കുടുംബങ്ങളും അക്രമകാരികളായ ആനകള്‍ കൂടി എത്തിയതോടെ ഭീതിയിലാണ്.

കഴിഞ്ഞമാസം അതിരപ്പിള്ളി മേഖലയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പ്രദേശത്തെ ആനക്കൂട്ടത്തെ ആര്‍ആര്‍ടി സംഘം കാടുകയറ്റിയത്. കിലോമീറ്ററുകള്‍ താണ്ടിയാണ് ഈ ആനകള്‍ പാലപ്പിള്ളിയില്‍ എത്തിയത്.

പാലപ്പിള്ളി മേഖലയില്‍ 100 ലേറെ ആനകളുണ്ടെന്നാണ് ഏകദേശ കണക്ക്. തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പാലപ്പിള്ളി മേഖലയിലെ ആനക്കൂട്ടത്തെ കാടുകയറ്റാന്‍ വനം വകുപ്പ് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ അതിരപ്പിള്ളി മേഖലയില്‍നിന്ന് ആനകള്‍ പാലപ്പിള്ളിയിൽ എത്തിയതുമായി വനപാലകര്‍ക്ക് സ്ഥിരീകരണമില്ല.