തൃശൂരിൽ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ച പിതാവും മക്കളും പൊലീസില്‍ കീഴടങ്ങി. കേച്ചേരി ആയമുക്ക് സ്വദേശികലായ അബ്ദുള്‍ കരിം, മക്കളായ റാഷിക്, റൗഹൂഫ് എന്നിവരാണ് കീഴടങ്ങിയത്.
തൃശൂര്‍: മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ച കേസില്‍ പ്രതികളായ പിതാവും മക്കളും പൊലീസില്‍ കീഴടങ്ങി. കേച്ചേരി ആയമുക്കില്‍ മതിലകത്ത് വീട്ടില്‍ മുഹമ്മദ് ഷാഫിയെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതികളായ ആയമുക്ക് രായ്മരക്കാര്‍ വീട്ടില്‍ അബ്ദുള്‍ കരിം, മക്കളായ റാഷിക്, റൗഹൂഫ് എന്നിവരാണ് കീഴടങ്ങിയത്. ഇവരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
ജില്ലാ കോടതിയില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടതോടെ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികള്‍ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. മുഹമ്മദ് ഷാഫിയുടെ പറമ്പിലും വഴിയിലും കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ നിക്ഷേപിച്ചത് ചോദ്യം ചെയ്തതില്‍ പ്രകോപിതരായ പ്രതികളായ മൂന്നംഗ സംഘം മുഹമ്മദ് ഷാഫിയെ ക്രൂരമായി മര്‍ദിച്ചുവെന്നാണ് കേസ്.
മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷാഫിയെ പരിക്കുകളോടെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. മര്‍ദനമേറ്റ് യുവാവിന് പാനിക് അറ്റാക്ക് ഉണ്ടായതായും ബന്ധുക്കള്‍ പറഞ്ഞു.


