
മണ്ണഞ്ചേരി: കാലങ്ങളായി കാരുണ്യ തണലിലായിരുന്ന ആരോരുമില്ലാത്ത അന്തേവാസിയുടെ അന്ത്യ യാത്രയും കാരുണ്യ തണലിൽ. മണ്ണഞ്ചേരി അൽ ഷിഫാ ഹെൽപ്പ് ആന്റ് കെയർ ചാരിറ്റബിൽ ട്രസ്റ്റാണ് അന്ത്യ കർമ്മ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
പതിനാല് വർഷങ്ങൾക്ക് മുൻപ് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സുലേഖയെ ഏറ്റെടുക്കുവാൻ ബന്ധുക്കളാരും എത്താത്തതിനെ തുടർന്ന് പാതിരപ്പള്ളിയിലെ കാരുണ്യ ദീപം പ്രേക്ഷിത ഭവനം ചാരിറ്റബിൽ ട്രസ്റ്റ് ഏറ്റെടുക്കുകയായിരുന്നു. പതിനാല് വർഷക്കാലമായി സുലേഖ (68) അവിടുത്തെ അന്തേവാസിയായി കഴിയുകയായിരുന്നു. കാലങ്ങൾ പിന്നിട്ടിട്ടും ആരും സുലേഖയെ അന്വേഷിച്ച് ചെന്നില്ല. കാരുണ്യ ദീപം ട്രസ്റ്റ് അന്വേഷണം നടത്തിയെങ്കിലും ബന്ധുക്കളെ കണ്ടെത്താനുമായില്ല.
പനിയെ തുടർന്ന് കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുലേഖ നുമോണിയ ബാധിച്ച് ബുധനാഴ്ച പുലർച്ചെ മരിച്ചു. അവകാശികളെ കാത്ത് മൃതശരീരം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച് പത്രമാധ്യമങ്ങളിൽ വാർത്ത പ്രസിദ്ധീകരിച്ചെങ്കിലും ഏറ്റെടുക്കാൻ അവകാശികളാരും എത്തിയില്ല. വിവരം അറിഞ്ഞ മാരാരിക്കുളം തെക്ക് പഞ്ചായത്ത് അംഗം ടി പി ഷാജി മണ്ണഞ്ചേരി അൽ ഷിഫാ ചാരിറ്റബിൽ ട്രസ്റ്റ് പ്രവർത്തകരെ വിവരം അറിയിച്ചു.
മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ലിൽ ഖബറടക്കം നടത്തുന്നതിന് കമ്മിറ്റിയുടെ അനുവാദം വാങ്ങി കാരുണ്യ ദീപത്തിന്റെ സമ്മതത്തോടെ ആശുപത്രി മോർച്ചറിയിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങി വണ്ടാനം ശംസുൽ ഉലമ സൗധത്തിൽ വനിതാ സന്നദ്ധ സേവകരുടെ സഹായത്താൽ മറവ് ചെയ്യുന്നതിന് മുന്നേയുള്ള കർമ്മങ്ങൾ പൂർത്തീകരിച്ചു. വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ മതാചാരപ്രകാരം ഖബറടക്കി സുലേഖയുടെ അന്ത്യാഭിലാഷം സഫലമാക്കി.
സംസ്കാര ചടങ്ങിന് ആവശ്യമായ മുഴുവൻ ചെലവുകളും അൽ ഷിഫാ ട്രസ്റ്റ് പ്രവർത്തകരാണ് വഹിച്ചത്. മണ്ണഞ്ചേരിയിലെ വിവിധ വാട്സാപ്പ് കൂട്ടായ്മകളിൽ വിവരങ്ങൾ പങ്ക് വെച്ചതിനാൽ നൂറ് കണക്കായ ആളുകൾ ഖബറടക്കത്തിൽ പങ്ക് കൊണ്ടു. പടിഞ്ഞാറെ മഹല്ല് ഖത്വീബ് ഐ.ബി ഉസ്മാൻ ഫൈസി നമസ്കാരത്തിനും പ്രാർത്ഥനക്കും നേതൃത്വം നൽകി.
അൽ ഷിഫാ മണ്ണഞ്ചേരി, ചിയാംവെളി സ്നേഹ സ്പർശം, പടിഞ്ഞാറെ മഹല്ല് കമ്മിറ്റി പ്രവർത്തകർ ഖബറടക്ക ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഹബീബ്, അൻസിൽ എന്നിവർ ചേർന്ന് സൗജന്യമായി ഖബറും ഒരുക്കി. ഖബറക്കം നടത്തിയതിന്റെ മൂന്നാം ദിവസത്തില്‍ ചിയാംവെളി സ്നേഹ സ്പർശത്തിന്റെ നേതൃത്വിൽ പരേതക്ക് വേണ്ടി ചിയാംവെളി മസ്ജിദിൽ പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...