
തിരുവനന്തപുരം: വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെ പരിചയം സ്ഥാപിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ തിരുവനന്തപുരം പാറശ്ശാല സ്വദേശിയെ ആറന്മുള പൊലീസ് പിടികൂടി. മൂന്ന് വർഷമെടുത്ത് ആസൂത്രിതമായി നടത്തിയ തട്ടിപ്പിൽ 23 ലക്ഷത്തിലധികം രൂപയാണ് സതീഷ് ജപകുമാർ തട്ടിയെടുത്തത്. ഫേസ്ബുക്ക് പ്രൊഫൈലുകളിൽ തുടങ്ങി തുടർച്ചയായ ആൾമാറാട്ടത്തിലൂടെയായിരുന്നു തട്ടിപ്പ്.
പാറശ്ശാല തച്ചൻവിള സ്വദേശി സതീഷ് ജപകുമാർ വൻ തട്ടിപ്പുകാരനെന്നാണ് ആറന്മുള പൊലീസ് പറയുന്നത്. 2019 ൽ വന്ദന കൃഷ്ണയെന്ന വ്യാജ ഫേസ്ബുക്ക് ഐ.ഡിയിലൂടെ കോഴഞ്ചേരി സ്വദേശിയെ പരിചയപ്പെട്ടു. സംസാരശേഷിയില്ലാത്ത സ്ത്രീയെന്നാണ് പരിചയപ്പെടുത്തിയത്. ആ സഹൃദം തുടരുന്നതിനിടെ പെൺകുട്ടിയുടെ അച്ഛനായ റിട്ട. എസ്പി എന്ന പേരിൽ മറ്റൊരു വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെയും സൗഹൃദം സ്ഥാപിച്ചു. പരാതിക്കാരനായ കോഴഞ്ചേരി സ്വദേശിയുടെ സ്വകാര്യ കോളേജ് മദ്രാസ് സർവകലാശാലയുടെ സ്റ്റഡി സെൻറായി ഉയർത്താൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകി. പലപ്പോഴായി 23 ലക്ഷം രൂപ വാങ്ങി. പിന്നീട് സതീഷ് തന്നെ സർവകലാശാല പ്രതിനിധിയായി വേഷംമാറി പത്തനംതിട്ടയിൽ എത്തി കോളേജിൽ പരിശോധനയും നടത്തി. എന്നാൽ പിന്നീട് അന്വേഷിച്ചപ്പോഴാണ് സതീഷ് ജപകുമാർ അടിമുടി തട്ടിപ്പുകാരനാണെന്ന് തിരിച്ചറിയുന്നത്. ചാർട്ടേഡ് അക്കൗണ്ടെൻറ് എന്ന വ്യാജേന എറണാകുളത്ത് താമസിച്ചുവന്ന പ്രതിയെ അവിടെയത്തിയാണ് പൊലീസ് പൊക്കിയത്. കോഴിക്കോട് ജില്ലയിലും സമാന തട്ടിപ്പുകൾ സതീഷ് ജപകുമാർ നടത്തിയിട്ടുണ്ടെന്ന് ആറന്മുള പൊലീസ് പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam