ജില്ലാ മൃഗാശുപത്രിയില്‍ മൂര്‍ഖൻ പാമ്പുകള്‍ക്ക് ശസ്ത്രക്രിയ നടത്തി
കൊല്ലം: ജില്ലാ മൃഗാശുപത്രിയില്‍ മൂര്‍ഖൻ പാമ്പുകള്‍ക്ക് ശസ്ത്രക്രിയ നടത്തി. പുത്തൂര്‍ കളത്തില്‍ മണ്ണ് മാറ്റുന്നതിനിടെ ജെസിബി തട്ടി പരുക്കേറ്റ രണ്ട് മൂര്‍ഖന്‍ പാമ്പുകളെ രക്ഷിക്കാന്‍ ജില്ലാ മൃഗാശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. വനംവകുപ്പിന്റെ സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിന്റെ വാഹനത്തിലാണ് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ എത്തിച്ചത്. അടിയന്തര ജീവന്‍രക്ഷാ പ്രവര്‍ത്തനമെന്ന നിലയ്ക്കായിരുന്നു ശസ്ത്രക്രിയ.
ഒരു മണിക്കൂര്‍ നീണ്ട പ്രക്രിയ വിജയമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആന്റിബയോട്ടിക്കും അനുബന്ധമരുന്നുകളും നല്‍കുന്നുണ്ട് മുറിവ് ഉണങ്ങുന്നതോടെ പാമ്പുകളെ ശെന്തരുണി വന്യജീവി സങ്കേതത്തിലാക്കുമെന്ന് വൈ അന്‍വര്‍ പറഞ്ഞു. ജില്ലാ മൃഗാശുപത്രി മേധാവി ഡോ. ഡി ഷൈന്‍കുമാര്‍, വെറ്ററിനറി സര്‍ജന്‍മാരായ ഡോ സജയ് കുമാര്‍, ഡോ. സേതുലക്ഷ്മി എന്നിവര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കി.
അതേസമയം, പാറശ്ശാല കൊടവിളാകം ഗവൺമെന്റ് എൽപിഎസ് സ്കൂളിലെ കിണറ്റിൽ നിന്നും രണ്ട് ചേരയെയും ഒരു വെള്ളിക്കെട്ടൻ പാമ്പിനെയും പിടികൂടിയ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഏഴു മണിക്കൂർ നീണ്ട പരിശ്രമത്തിലാണ് ഇവയെ പിടികൂടിയത്. വനംവകുപ്പിന് വേണ്ടി പാമ്പ് പിടിക്കുന്ന വെള്ളറട സ്വദേശി രോഹിത് സ്ഥലത്തെത്തിയാണ് കിണറ്റിനുള്ളിൽ നിന്നും ഇവയെ പിടികൂടി കരക്കെത്തിച്ചത്.
കിണറ്റിൽ പാമ്പ് കിടക്കുന്നു എന്ന് ആരോപിച്ച് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്കൂളിനു മുന്നിൽ കുത്തിയിരിന്ന് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാറശ്ശാല പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി നടപടി സ്വികരിച്ചത്. ആഴ്ചകൾക്കു മുമ്പേ 50 അടിയോളം താഴ്ചയുള്ള കിണറ്റിൽ രണ്ട് പാമ്പ് കിടക്കുന്നതായി ചില രക്ഷിതാക്കൾ കാണുകയും തുടർന്ന് വിവരം സ്കൂൾ അധികൃതരെ വിളിച്ചു കാണിക്കുകയും ചെയ്തിരുന്നു.
