
കോഴിക്കോട്: പെണ്ണുകാണാൻ വന്ന ചെറുക്കൻ വീട്ടുകാരുടെ ഇന്റർവ്യൂ (Interview) മണിക്കൂറുകളോളം നീണ്ടതോടെ യുവതി (Young Woman) അവശയായി ആശുപത്രിയിൽ ചികിത്സ തേടി. കോഴിക്കോട് (Kozhikode) നാദാപുരം വാണിൽ ഭൂമിവാതുക്കൽ അങ്ങാടിക്കടുത്താണ് സംഭവം. ചെറുക്കനും സംഘവും വന്ന് പെണ്ണ് കണ്ട് ഇഷ്ടപ്പെട്ട് പോയതിന് പിന്നാലെയാണ് ചെറുക്കന്റെ വീട്ടിൽ നിന്ന് 25 ഓളം സ്ത്രീകളടങ്ങുന്ന സംഘം പെൺവീട്ടിലെത്തിയതും പെൺകുട്ടി അവശയായി വീണതും. അതേസമയം ഒത്തുതീർപ്പ് ചർച്ചകൾക്ക് ശേഷം ചെക്കന്റെ വീട്ടുകാർ മാപ്പ് പറയുകയും പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാമെന്ന് അറിയിക്കുകയും ചെയ്തു.
ചെക്കന്റെ വീട്ടിൽ നിന്നെത്തിയ സംഘം പരിചയപ്പെടാൻ എന്ന പേരിൽ യുവതിയെയും കൂട്ടി ഒരു മുറിയിൽ കയറി വാതിലടച്ചു. ഒരു മണിക്കൂറോളം നീണ്ട ചെറുക്കൻ വീട്ടുകാരുടെ ഇന്റർവ്യൂവിൽ മാനസ്സികമായി തളർന്നുപോയ യുവതി പിന്നീട് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വിലാതപുരത്തുനിന്നുള്ള യുവാവിന്റെ ബന്ധുക്കളാണ് പെണ്ണുകാണാനെത്തിയത്. ബിരുദ വിദ്യാർഥിയായ യുവതിയെ കതകടച്ചിട്ട് ഒരു മണിക്കൂറിലധികം ‘ഇന്റർവ്യൂ ചെയ്തതിന് ശേഷം പുറത്തിറങ്ങിയ ഇവർ വീട്ടിൽ ഒരുക്കിയ വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചു. അതിന് ശേഷം ഒന്നുകൂടി ആലോചിക്കണമെന്ന് ചെറുക്കന്റെ ബന്ധുക്കൾ പെൺവീട്ടുകാരെ അറിയിച്ചതോടെയാണ് സംഭവം കൂടുതൽ വഷളായത്.
യുവതിയുടെ ബന്ധുക്കൾ പുരുഷന്മാരെയും അവരുടെ വാഹനവും തടഞ്ഞുവെച്ചു. മകളുടെ അവസ്ഥയും ബന്ധുക്കളുടെ നിലപാടും കണ്ടതോടെ ദേഷ്യം വന്ന യുവതിയുടെ പിതാവ് വീടിന്റെ ഗേറ്റ് അടയ്ക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ടതോടെ സ്ത്രീകളെ വിട്ടയച്ചു. എന്നാൽ ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടു പുരുഷൻമാരെ രണ്ടു മണിക്കൂറോളം വീട്ടിൽ തടഞ്ഞുവച്ചു. സംഘമെത്തിയ കാറുകളിലൊന്നും തടഞ്ഞുവച്ചു. രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് ഒടുവിൽ രംഗം ശാന്തമായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam