
ആലപ്പുഴ: ബാങ്ക് ജീവനക്കാരന് സംഭവിച്ച പിഴവു മൂലം അക്കൗണ്ടിലെത്തിയ ലക്ഷക്കണക്കിന് രൂപ ബാങ്കിൽ അറിയിക്കാതെ പിൻവലിച്ച് ചെലവാക്കിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ബിവറേജസ് കോർപ്പറേഷന്റെ അക്കൗണ്ടിലേക്ക് പോകേണ്ടിയിരുന്ന ഇരുപത് ലക്ഷത്തിലേറെ രൂപയാണ് ഹരിപ്പാട് സ്വദേശിയായ വിശാലിന്റെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ എത്തിയത്. കാനറ ബാങ്ക് ക്ലർക്ക് കെ അനിൽ കുമാർ നൽകിയ പരാതിയിലാണ് ഹരിപ്പാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ മേയ് 11നാണ് കേസിനാസ്പദമായ സംഭവം. ഹരിപ്പാട് കാനറ ബാങ്ക് ശാഖയിൽ നിന്നും ബെവ്കോയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കേണ്ടിയിരുന്ന 20,94,870 രൂപ ബാങ്കിലെ പിഴവ് കാരണം വിശാലിന്റെ അക്കൗണ്ടിലേക്ക് തെറ്റായി എത്തുകയായിരുന്നു. മേയ് 11 മുതൽ പലപ്പോഴായി 12,65,275 രൂപ ഇയാൾ അക്കൗണ്ടിൽ നിന്നും പിൻവലിച്ച് സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. ബെവ്കോയുടെ അക്കൗണ്ടിൽ യഥാസമയം പണം എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തുക മാറിപ്പോയ ഗുരുതരമായ വീഴ്ച കണ്ടെത്തുന്നത്. തുടർന്ന് ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിൽ പണം വിശാലിന്റെ അക്കൗണ്ടിലാണ് എത്തിയതെന്നും ഇതിൽ വലിയൊരു പങ്ക് പിൻവലിച്ചെന്നും ബോധ്യപ്പെട്ടതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുക തന്റേതല്ലെന്ന് അറിഞ്ഞിട്ടും ഇക്കാര്യം ബാങ്ക് അധികൃതരെ അറിയിക്കാൻ യുവാവ് തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam