
തുറവൂര്‍: ജമന്തി ചെടിയാണെന്ന് അമ്മയെ തെറ്റിദ്ധരിപ്പിച്ച് വീട്ടുമുറ്റത്ത് കഞ്ചാവു ചെടി നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍. കുത്തിയതോട് പഞ്ചായത്ത് പത്താം വാര്‍ഡില്‍ ചാലാപ്പള്ളി വീട്ടില്‍ ഷാരൂണി(24)നെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതുവരെ വീട്ടില്‍ കൃഷി ചെയ്യാത്ത ഷാരൂണ്‍ പ്ലാസ്റ്റിക് ചാക്കില്‍ നട്ട ചെടിക്ക് ദിവസേന വെള്ളമൊഴിക്കുന്നത് കണ്ട അമ്മ ഇയാളോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ജമന്തി പോലൊരു ചെടിയാണെന്നാണ് കള്ളം പറഞ്ഞത്. ഷാരൂണ്‍ കഞ്ചാവ് വളര്‍ത്തുന്ന വിവരം ലഭിച്ച കുത്തിയതോട് പൊലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.
തുടര്‍ന്ന് കഞ്ചാവുചെടികളെ പരിപാലിക്കുന്ന സമയത്ത് കുത്തിയതോട് എസ്ഐ ഏലിയാസ് ജോര്‍ജിന്‍റെ നേതൃത്വത്തിലെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2016ല്‍ കഞ്ചാവ് ഉപയോഗിച്ചതിന് കുത്തിയതോട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതി ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലില്‍ ഷാരൂണിന്‍റെ പക്കല്‍ നിന്ന് കഞ്ചാവ് വാങ്ങുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.