
തിരുവനന്തപുരം: ആറ്റിങ്ങലിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയോട് മോശമായി പെരുമാറിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് സ്വദേശി അദ്വൈതാണ് അറസ്റ്റിലായത്. യാത്രക്കിടെ യുവാവിന്‍റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് രാത്രി 12ന് ആറ്റിങ്ങലിൽ വെച്ച് കാറിൽ നിന്നും റോഡിലേക്ക് ചാടിയ യുവതിക്ക് പരിക്കേറ്റിരുന്നു.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട തൃശ്ശൂർ സ്വദേശിനിയായ 25 കാരിയോടാണ് അദ്വൈത് മോശമായി പെരുമാറിയത്. ഇടയ്ക്ക് പെൺകുട്ടിയെ കാണുന്നതിനായി അദ്വൈത് തൃശൂരിൽ എത്താറുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പെൺകുട്ടി യുവാവിനെ കാണുന്നതിനായി ആറ്റിങ്ങൽ എത്തി. ടൂറിസ്റ്റ് കേന്ദ്രമായ വർക്കല സന്ദർശിക്കുന്നതിനായി ഇരുവരും പദ്ധതിയിട്ടു.
തന്‍റെ രണ്ട് സുഹൃത്തുക്കളെയും അദ്വൈത് ഒപ്പം കൂട്ടി. സുഹൃത്തുക്കളുടെ വാഹനത്തിൽ വർക്കലയിൽ എത്തിയ സംഘം രാത്രി 11 ഓടെ വർക്കലയിൽ നിന്നും ആറ്റിങ്ങലിലേക്ക് തിരിച്ചു. കാറിന്‍റെ പിൻസീറ്റിൽ ഇരുന്ന യുവതിയോട് മോശമായി പെരുമാറിയതിനെ തുടർന്ന് അദ്വൈതുമായി വാക്ക് തർക്കമുണ്ടായി. തുടർന്ന് ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്നും യുവതി ഡോർ തുറന്ന് പുറത്തേക്ക് ചാടി.
ആറ്റിങ്ങൽ മൂന്ന് മുക്ക് ജംഗ്ഷനിൽ വെച്ചാണ് സംഭവം. വീഴ്ചയിൽ കാലിനും കൈക്കും പരിക്കേറ്റ യുവതിയെ ആറ്റിങ്ങലിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആശുപത്രി അധികൃതർ പെൺകുട്ടിയുടെ ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് ആറ്റിങ്ങൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അദ്വൈതിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒപ്പം ഉണ്ടായിരുന്ന പ്രതിയുടെ സുഹൃത്തുക്കൾക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam