
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പ്രതിയെ സംഭവസ്ഥലങ്ങളിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ആലുവ എടയപ്പുറത്ത് വാടകക്ക് താമസിക്കുന്ന ചെമ്മാശ്ശേരി വീട്ടില്‍ ശ്രീഹരി (22) യെയാണ് പീഡനക്കേസിൽ ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമത്തിലൂടെ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും, തുടർന്ന് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. വിവാഹിതനായ ഇയാളെ 2019 ൽ മറ്റൊരു പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും ചാറ്റിംഗിന് ഉപയോഗിച്ച മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു. ഇൻസ്പെക്ടർ എൽ അനിൽ കുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
പതിനഞ്ചുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; കബഡി പരിശീലകന്‍ അറസ്റ്റില്‍
അതേസമയം കൊച്ചിയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത 15 വയസ്സുകാരനെ തട്ടിക്കൊണ്ട് പോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവടക്കം ശിക്ഷ വിധിച്ചു എന്നതാണ്. 10 വർഷം കഠിനതടവിനൊപ്പം 50,000 രൂപ പിഴയും പ്രതിക്ക് ചുമത്തിയിട്ടുണ്ട്. തൃപ്പൂണിത്തറ തെക്കുംഭാഗം ചൂരക്കാട്ട് ഉത്രം വീട്ടിൽ 54 വയസുള്ള ഹരിദാസിനാണ് എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി കെ സോമൻ ശിക്ഷ വിധിച്ചത് . 2019 ജനുവരിയിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത് . രാവിലെ സ്കൂളിലേക്ക് പോകുന്നതിനായി ബസ് കാത്തുനിന്ന കുട്ടിയെ അതുവഴി വന്ന ഹരിദാസ് സ്കൂളിലാക്കാമെന്ന് പറഞ്ഞു നിർബന്ധിച്ച് തന്റെ ബൈക്കിൽ കയറ്റുകയും തുടർന്ന് ബൈക്കിൽ വച്ച് ലൈംഗികാതിക്രമണം നടത്തുകയും പിന്നീട് വിജനമായ സ്ഥലത്ത് എത്തിച്ച് കൂടുതൽ ലൈംഗികാതിക്രമത്തിന് ഇരയാക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ കുട്ടി ഒച്ചവച്ചതോടെ തിരികെ ബസ്റ്റോപ്പിൽ എത്തിച്ച ശേഷം പ്രതി കടന്നുകളയുകയായിരുന്നു. പിന്നീട് വീട്ടിലെത്തിയ കുട്ടി കാര്യങ്ങൾ രക്ഷിതാക്കളോട് അറിയിച്ചതോടെയാണ് കുടുംബം പരാതി നൽകിയത്. പൊലീസ് അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. വിചാരണക്ക് ഒടുവിൽ ഇന്ത്യൻ ശിക്ഷാനിമ പ്രകാരവും, പോക്സോ നിയമപ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ വിധിച്ചത്.