കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ രക്ഷിതാക്കള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

ദില്ലി: പതിനഞ്ചുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കബഡി പരിശീലകന്‍ അറസ്റ്റില്‍. ദില്ലിലെ രോഹിണി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ കബഡി പരിശീലകന്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

കബഡി പരിശീലന കേന്ദ്രത്തില്‍ വെച്ചാണ് പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ രക്ഷിതാക്കള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ലൈംഗിക ചൂഷണം പുറത്ത് പറയരുതെന്ന് കബഡി പരിശീലകന്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയില്‍ പറയുന്നു. കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രക്ഷിതാക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

പ്രാഥമിക അന്വേഷണത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതോടെ പോക്സോ വകുപ്പുള്‍പ്പടെ ചുമത്തി പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ കബഡി പരിശീലന കേന്ദ്രത്തിലെ മറ്റ് കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പീഡനത്തിനിരയായ ആണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കും മൊഴിയെടുക്കലിനും ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടു. അതേ സമയം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍‌ഡ് ചെയ്തു. 

Read More : 'ബിക്കിനി കില്ലർ', ചാൾസ് ശോഭരാജ് എന്ന കുപ്രസിദ്ധ സീരിയൽ കില്ലറുടെ സിനിമാക്കഥയെ വെല്ലുന്ന ജീവിതം ഇങ്ങനെ