
തിരുവനന്തപുരം: തിരുവല്ലത്തുണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെങ്ങാനൂർ മുട്ടയ്ക്കാട് സ്വാതി ഭവനിൽ കുമാർ (40) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം. നഗരത്തിൽ ഡോക്ടറെ കാണാനായി ഭാര്യ സരിതയുമായി ബൈക്കിൽ പോകവെ തിരുവല്ലം ജംഗ്ഷനിൽ വെച്ച് എതിർ ദിശയിൽ നിന്നെത്തിയ യുവാവ് സഞ്ചരിച്ച ബൈക്ക് കുമാറിന്‍റെ ബൈക്കിൽ വന്നിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണാണ് കുമാറിന് ഗുരുതര പരിക്കേറ്റത്. ബൈക്കിൽ നിന്നും തെറിച്ചു വീണ കുമാറിന്‍റെ ഹെൽമറ്റ് റോഡിൽ ചിതറി തെറിച്ച നിലയിലായിരുന്നു. സരിതയുടെ ഇടത് കൈക്കും കാലിനും ഗുരുതര പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുമാർ ഇന്നലെ പുലർച്ചെ ചികിത്സയിലിരിക്കെ മരണപ്പെട്ടു.
കോവളത്തെ സ്വകാര്യ ഹോട്ടലുകൾക്ക് വെള്ളം സപ്ലൈ ചെയ്യുന്ന ബി.എസ്. കെ മോട്ടേഴ്സിന്‍റെ ഡ്രൈവറായിരുന്നു. മൃതദ്ദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ഭാര്യ വീടായ വെള്ളാർ നെല്ലിവിള നടുത്തട്ട് പുത്തൻവീട്ടിൽ സംസ്കരിച്ചു. നേഴ്സിങ് വിദ്യാർത്ഥിനിയായ സ്വാതി, മണക്കാട് കാർത്തിക തിരുനാൾ എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ദേവു എന്നിവർ മക്കളാണ്.
Read More : കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തി; ഇന്ന് 8 ജില്ലകളിൽ, നാളെ 10 ജില്ലകളിൽ സാധ്യത, കടലാക്രമണ മുന്നറിയിപ്പും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam