
മുളവുകാട്: ഗായകൻ എംജി ശ്രീകുമാറിന്റെ കൊച്ചിയിലെ വീട്ടിൽ നിന്നും മാലിന്യം കായലിലേക്ക് വലിച്ചെറിയുന്ന വീഡിയോ ചിത്രീകരിച്ച യുവാവിന് പാരിതോഷികം. 2500 രൂപയാണ് വൈറലായ വീഡിയോ ചിത്രീകരിച്ച നസീമിന് മുളവുകാട് പഞ്ചായത്ത് പാരിതോഷികമായി നൽകിയത്. ഗായകൻ എം ജി ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന വിഡിയോ പകർത്തി പരാതി നൽകിയതിനുള്ള പാരിതോഷികമാണ് നസീമിന് ലഭിച്ചത്. ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനം അല്ലെങ്കിൽ പരമാവധി 2,500 രൂപയാണ് ഇത്തരം സംഭവം റിപ്പോർട്ട് ചെയ്തവർക്ക് ലഭിക്കുക. എനിക്കുള്ള 25000 രൂപ എപ്പോൾ കിട്ടുമെന്ന ചോദ്യത്തോടെയാണ് നസീം മാലിന്യം വലിച്ചെറിയുന്ന വീഡിയോ മന്ത്രി എം ബി രാജേഷിന് ടാഗ് ചെയ്ത് മാർച്ച് 27ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരം മുളവുകാട് പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിലാണ് സംഭവം നടന്നതാണെന്ന് ബോധ്യപ്പെട്ടത്. അന്നുതന്നെ വീട്ടുടമയായ എംജി ശ്രീകുമാറിന് 25,000 രൂപ പിഴചുമത്തി നോട്ടീസ് നൽകിയതായി മന്ത്രി പോസ്റ്റിനു താഴെ മറുപടിയിൽ അറിയിക്കുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് എം ജി ശ്രീകുമാറിന് പിഴയിട്ടത്. മാലിന്യം കായലിലേക്ക് തള്ളിയത് ഗായകന്റെ വീട്ടിൽ നിന്നാണെന്ന് വ്യക്തമായെങ്കിലും ആരാണ് മാലിന്യം വലിച്ചെറിഞ്ഞതെന്ന് വ്യക്തമായിട്ടില്ല.
ഗായകൻ തിരുവനന്തപുരത്താണ് താമസം എന്നും വീട്ടിലെ ജോലിക്കാർ ആണ് മാലിന്യം വലിച്ചെറിഞ്ഞതെന്നുമാണ് അറിയാൻ സാധിച്ചതെന്നാണ് മുളവുകാട് പഞ്ചായത്ത് സെക്രട്ടറി വിശദമാക്കിയത്. മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നു മന്ത്രി മറുപടി നൽകി. പിന്നാലെ ഇങ്ങനെ പരാതി ലഭിച്ചതോടെ തദ്ദേശ വകുപ്പിലെ കൺട്രോൾ റൂമിന്റെ നിർദേശപ്രകാരം അന്നു തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച് വീഡിയോ ആരോപണം സ്ഥിരീകരിച്ചു. തുടർന്നു പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം പിഴ നോട്ടിസ് നൽകുകയായിരുന്നു. പിന്നാലെ ഗായകൻ കഴിഞ്ഞ ദിവസം പിഴ ഒടുക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam