വ്ലാദിമിർ പുടിൻ ഭയക്കുന്ന, അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്നു ആരോപിക്കപ്പെടുന്ന നവാൽനി ആരാണ്?

By Web TeamFirst Published Aug 24, 2020, 11:23 AM IST
Highlights

സർക്കാരിനെതിരെ ശബ്‌ദമുയർത്തിയതിന് നവാൽനി ആക്രമിക്കപ്പെടുന്നതും ഇതാദ്യമായല്ല. 

ബെർലിൻ ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുകയാണ് അലക്സെ നവാൽനി. അദ്ദേഹത്തിന് ചായയിൽ വിഷം കലർത്തി നൽകിയെന്നാണ് സംശയിക്കപ്പെടുന്നത്. സൈബീരിയൻ നഗരമായ ടോംസ്‍കിൽ നിന്ന് മോസ്കോയിലേക്കുള്ള വിമാനയാത്രക്കിടെയാണ് വിഷം ഉള്ളിൽ ചെന്ന് അദ്ദേഹം അബോധാവസ്ഥയിലായത്. കോമയിലായ നവാൽനിയെ സൈബീരിയൻ നഗരമായ ഓംസ്‍കിൽ നിന്ന് ബെർലിനിലേയ്ക്ക് എത്തിക്കുകയായിരുന്നു. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിന്റെ വിമർശകനും പ്രതിപക്ഷനേതാവുമാണ് നവാൽനി. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ പേരിൽ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം പുടിനെതിരെയും വിമർശനം അഴിച്ചുവിട്ടിരുന്നു. 44 -കാരനായ അഭിഭാഷകനും മുഖ്യപ്രതിപക്ഷത്തിന്റെ നേതാവുമായ നവാൽനി, പുടിനെതിരെ ക്രെംലിൻ വിരുദ്ധ പ്രതിഷേധം സംഘടിപ്പിക്കുകയും നിരവധി തവണ ജയിലിൽ കഴിയുകയും ചെയ്‍തിട്ടുണ്ട്. 2012 -ൽ ‘വോൾ സ്ട്രീറ്റ് ജേണൽ’ നവാൽനിയെ വിശേഷിപ്പിച്ചത് ‘വ്ലാദിമിർ പുടിൻ ഏറ്റവും പേടിക്കുന്ന വ്യക്തി’ എന്നായിരുന്നു.  

2010 -ൽ റഷ്യയിലെ അഴിമതിയെക്കുറിച്ച്  തുറന്നെഴുതിയ ഒരു ബ്ലോഗറായിട്ടാണ് നവാൽനി ശ്രദ്ധേയനാകുന്നത്. അദ്ദേഹത്തിന്റെ വീഡിയോകൾ ഓൺലൈനിൽ ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിച്ചു. കോർപ്പറേറ്റ് അഴിമതിക്കെതിരായ അദ്ദേഹത്തിന്റെ പ്രചാരണം പതുക്കെ സർക്കാരിലേക്കും പുടിന്റെ ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യയിലേക്കും നീണ്ടു. വഞ്ചകരും കള്ളന്മാരും നിറഞ്ഞ ആ പാർട്ടിക്കെതിരെ വോട്ടു ചെയ്യൂ എന്നാണ് അന്ന് ജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്‌തത്. 2011 നും 2013 നും ഇടയിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത പുടിൻ വിരുദ്ധ പ്രകടനങ്ങൾ അദ്ദേഹം സംഘടിപ്പിച്ചു. 2011 -ൽ ആന്റി കറപ്ഷൻ ഫൗണ്ടേഷൻ എന്ന സംഘടനയും അദ്ദേഹം സ്ഥാപിച്ചു. അതിലൂടെ രാജ്യത്ത് നടക്കുന്ന അഴിമതിയുടെയും ദുർഭരണത്തിന്റെയും വിവരങ്ങൾ അദ്ദേഹം പുറത്തു കൊണ്ടുവന്നു. സർക്കാരിനും, ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ നിരന്തരം അഴിമതി ആരോപണങ്ങൾ ഉന്നയിച്ച അദ്ദേഹം പല തവണ ജയിലിലടക്കപ്പെട്ടിട്ടുണ്ട്.  

2013 -ൽ സഖ്യകക്ഷികൾ ചേർന്ന് രൂപീകരിച്ച പ്രോഗ്രസ് പാർട്ടിയുടെ നേതാവായി നവാൽനി സ്ഥാനമേറ്റു. ആ വർഷത്തെ മോസ്കോ മേയർ തെഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും, രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. തെരഞ്ഞെടുപ്പ് വെറും അട്ടിമറിയാണെന്നും, കള്ളത്തരമാണെന്നും, അതുകൊണ്ട് മാത്രമാണ് താൻ പരാജയപ്പെട്ടതെന്നും അന്ന് നവാല്‍നി പറയുകയുണ്ടായി. റഷ്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് സ്വാതന്ത്ര്യം നൽകുക, മാധ്യമങ്ങളെ കൈപ്പിടിയിലൊതുക്കുന്ന സർക്കാരിന്റെ പ്രവണതയെ തടയുക തുടങ്ങിയ ജനാധിപത്യ മൂല്യങ്ങൾക്കായി എന്നും പറഞ്ഞാണ് അദ്ദേഹത്തിന്റെ പാർട്ടി പ്രചാരണം നടത്തിയത്. 2018 -ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പുടിനെതിരെ മത്സരിക്കാൻ ആഗ്രഹിച്ച നവാൽനിയുടെ ആഗ്രഹം പക്ഷേ നിറവേറാതെ പോയി. ഒരു തട്ടിപ്പ് കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി അദ്ദേഹത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ, രാഷ്ട്രീയ പകപോക്കലാണ് ഈ കള്ളക്കേസിനു പിന്നിൽ എന്ന് നവാൽനി ആരോപിച്ചു. 

അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ പേരിൽ നവാൽനി പലതവണ ജയിലിൽ കിടന്നിട്ടുണ്ട്. 2013 -ൽ നവാൽനിയെ തട്ടിപ്പു കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജയിൽ ശിക്ഷ വിധിക്കുകയുണ്ടായി. എന്നാൽ, മോസ്കോയിലെ തെരുവുകളിൽ ആയിരക്കണക്കിന് ആളുകൾ പ്രതിഷേധിച്ചതിനെ തുടർന്ന് പിറ്റേദിവസം അദ്ദേഹം മോചിതനാവുകയായിരുന്നു. യൂറോപ്യൻ മനുഷ്യാവകാശ കോടതി (ECHR) വിധിന്യായത്തെ അസാധുവാക്കി. വിചാരണവേളയിൽ അദ്ദേഹത്തെ കോടതി വേണ്ടരീതിയിൽ കേട്ടില്ലെന്ന് പറഞ്ഞായിരുന്നു അത്. കൂടാതെ, ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങളെത്തുടർന്ന് 2014 -ൽ അദ്ദേഹത്തെ വീട്ടുതടങ്കലിൽ പാർപ്പിക്കുകയുണ്ടായി. 

തുടർന്ന്, 2017 -ലെ ഒരു വിചാരണയിൽ, രണ്ടാമതും ശിക്ഷിക്കപ്പെടുകയും അഞ്ച് വർഷത്തെ സസ്പെൻഷൻ ശിക്ഷ ലഭിക്കുകയും ചെയ്തു. അതുപോലെ തന്നെ 2017 -ൽ മുൻ പ്രധാന മന്ത്രിയായിരുന്ന മെദ്‌വദേവിന്റെ നേതൃത്വത്തിൽ നടന്ന അഴിമതി ഇടപാടുകൾ നവാൽനി പുറത്തുകൊണ്ടുവരികയുണ്ടായി. ഇതിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് റഷ്യയിലുടനീളം ആയിരക്കണക്കിന് ആളുകൾ അണിചേർന്നു. രാജ്യത്ത് സർക്കാർ വിരുദ്ധ പ്രതിഷേധത്തിന് നേതൃത്വം നൽകിയെന്നും, പൊലീസ് ഉത്തരവുകൾ ലംഘിച്ചുവെന്നും ആരോപിച്ച് നവാൽനി 15 ദിവസത്തേയ്ക്ക് ജയിലിലടക്കപ്പെട്ടു. പിന്നീട്, 2019 ഡിസംബറിൽ റഷ്യൻ സുരക്ഷാസേന അദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ ഫൗണ്ടേഷന്‍റെ ഓഫീസുകളിൽ റെയ്‍ഡ് നടത്തി. അവിടെയുള്ള ലാപ്ടോപ്പുകളും മറ്റ് ഉപകരണങ്ങളും കണ്ടുകെട്ടുകയും ചെയ്‌തു. ആ വർഷം ആദ്യം അദ്ദേഹത്തിന്റെ സംഘടനയെ 'വിദേശ ഏജന്റ്' ആയി പ്രഖ്യാപിച്ചിരുന്നു.

സർക്കാരിനെതിരെ ശബ്‌ദമുയർത്തിയതിന് നവാൽനി ആക്രമിക്കപ്പെടുന്നതും ഇതാദ്യമായല്ല. 2017 -ൽ ജയിലിലായിരിക്കെ ആന്റിസെപ്റ്റിക് ഗ്രീൻ ഡൈ മുഖത്ത് തെറിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. ആ വർഷം അത് രണ്ടാം തവണയാണ് അദ്ദേഹം ആക്രമണം നേരിടുന്നത്. ആക്രമണത്തെ തുടർന്ന് അദ്ദേഹം ട്വീറ്റ് ചെയ്‍തത് ഇങ്ങനെയായിരുന്നു: “ഇത് തമാശയായി തോന്നുന്നെങ്കിലും, നരകവേദനയാണ് എനിക്ക് അനുഭവപ്പെടുന്നത്.” പിന്നീട് 2019 ജൂലൈയിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്‍തതിന് 30 ദിവസത്തെ തടവിന് അദ്ദേഹം ശിക്ഷിക്കപ്പെട്ടു. ജയിലിൽ കഴിഞ്ഞ അദ്ദേഹത്തിന് കടുത്ത അലർജി ബാധിച്ചതായി ഡോക്ടർമാർ പറഞ്ഞു. വിഷമേറ്റിട്ടുണ്ടാകാമെന്നാണ് അദ്ദേഹത്തിന്റെ സ്വന്തം ഡോക്ടർ അന്ന് പറഞ്ഞത്. 2017 -ൽ ദി ഇൻഡിപെൻഡന്റിനു നൽകിയ അഭിമുഖത്തിൽ 'എന്തുകൊണ്ടാണ് അദ്ദേഹം ഇതുവരെ കൊല്ലപ്പെടാത്തതെന്ന് മാധ്യമപ്രവർത്തകർ എപ്പോഴും ചോദിക്കാറുണ്ടെന്നും, ആ ചോദ്യത്തിനുള്ള ഉത്തരം തനിക്കറിയില്ലെന്നും, താൻ മരിക്കാത്തതെന്തെന്ന് പുടിനോട് ചോദിക്കൂ'വെന്നും അദ്ദേഹം പറയുകയുണ്ടായി.

റഷ്യൻ രാഷ്രീയ വ്യവസ്ഥയിൽ തന്‍റേതായ ഒരു സ്ഥാനം നേടിയെടുത്ത നേതാവാണു നവാൽനി. പക്ഷെ, അദ്ദേഹത്തിന് യഥാര്‍ത്ഥത്തില്‍ വിഷം നല്‍കപ്പെട്ടോ അദ്ദേഹത്തിന്‍റെ ആരോഗ്യാവസ്ഥ എത്രത്തോളം മോശമാണ്, ചികിത്സ ലഭിക്കുമോ തുടങ്ങിയ വിവരങ്ങളൊന്നും ഇതുവരെയും മുഴുവനായും പുറത്തെത്തിയിട്ടില്ല. 

അലെക്‌സെ നവാല്‍നിയെ വിദഗ്ധ ചികിത്സക്കായി ജര്‍മ്മനിയിലേക്ക് മാറ്റുന്നു

നവാല്‍നിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയില്ലെന്ന് റഷ്യന്‍ ഡോക്ടര്‍

പുടിന്‍റെ റഷ്യയില്‍ വീട്ടുതടങ്കലിലായ സ്ത്രീയുടെ കിടപ്പറയില്‍ ക്യാമറ, ബാത്ത്‍റൂമില്‍ പോകുമ്പോഴും കാലില്‍ ടാഗ്

കെജിബി ചാരനിൽ നിന്ന് 'പകരം വെക്കാനില്ലാത്ത പരമാധികാരി'യിലേക്കുള്ള പുടിന്റെ വളർച്ച

വ്ലാദിമിർ പുടിന് സത്യത്തിൽ ജൂഡോയിൽ ബ്ലാക്ക് ബെൽറ്റ് ഉണ്ടോ? അദ്ദേഹത്തിന്റെ ആയോധനമികവിന്റെ വാസ്തവമെന്താണ്?

click me!