റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ നവാല്‍നിയെ ചായയില്‍ വിഷം നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. 

മോസ്‌കോ: ഗുരുതരാവസ്ഥയില്‍ കഴിയുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലെക്‌സി നവാല്‍നിയില്‍ നടത്തിയ പരിശോധനയില്‍ വിഷാംശം കണ്ടെത്തിയില്ലെന്ന് സൈബീരിയന്‍ ആശുപത്രിയിലെ ഡെപ്യൂട്ടി ഹെഡ് ഡോക്ടര്‍ അറിയിച്ചു. രക്തവും മൂത്രവും പരിശോധിച്ചപ്പോള്‍ വിഷാംശം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ലെന്ന് ഡോക്ടര്‍ അനാടോലി കലിനിഷെങ്കോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നവാല്‍നിയുടെ ഇപ്പോഴത്തെ ആരോഗ്യനിലയെന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. 

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ നവാല്‍നിയെ ചായയില്‍ വിഷം നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. നവാല്‍നിയെ ജര്‍മ്മനിയിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കത്തെ റഷ്യ തടയുകയാണെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആരോപിച്ചു. സൈബീരിയന്‍ ആശുപത്രിയിലെ ചികിത്സ ജീവന്‍ അപകടത്തിലാക്കുമെന്നും അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ പറഞ്ഞു. അതേസമയം, നവാല്‍നി കോമയിലാണെന്നും നിലവിലെ സാഹചര്യത്തില്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നത് വെല്ലുവിളിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 

സൈബീരിയന്‍ പട്ടണമായ ടോംസ്‌കില്‍ നിന്ന് മോസ്‌കോയിലേക്കുള്ള യാത്രക്കിടെ അവശനിലയിലായ അദ്ദേഹത്തെ, വിമാനം അടുത്തുള്ള എയര്‍പോര്‍ട്ടില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

വിമാനത്താവളത്തില്‍ നിന്ന് ചായകുടിച്ചതിന് ശേഷമാണ് അദ്ദേഹം തളര്‍ന്ന് വീണത്. അപരിചിതമായ ഏതോ സൈക്കോഡിസ്ലെപ്റ്റിക് മരുന്നുകൊണ്ടാണ് അദ്ദേഹത്തെ അപായപ്പെടുത്താനുള്ള ശ്രമം നടന്നിട്ടുള്ളതെന്നും, കൃത്യമായി അത് ഏത് മരുന്നെന്ന് തിരിച്ചറിയാന്‍വേണ്ടിയുള്ള ഫോറന്‍സിക് പരിശോധനകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

റഷ്യയില്‍ നടക്കുന്ന അഴിമതികളുടെ അണിയറക്കഥകള്‍ നിരന്തരം പുറത്തുകൊണ്ടുവന്നിട്ടുള്ള ഒരു ജനപ്രിയ ബ്ലോഗര്‍ കൂടി ആയിരുന്നു നാല്പത്തിനാലുകാരനായ അലക്‌സി. ഇങ്ങനെ അപ്രിയ സത്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരുന്നതിനാല്‍ നിരന്തരം ഭീഷണികളും അദ്ദേഹത്തിനെതിരെ ഉയര്‍ന്നു വന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തെ പൊലീസ് അറസ്റ്റു ചെയ്ത് കസ്റ്റഡിയില്‍ പാര്‍പ്പിച്ച സമയത്തും ഇതുപോലെ വിഷം നല്‍കിക്കൊണ്ട് ഒരു കൊലപാതകശ്രമം ഉണ്ടായിട്ടുണ്ട്.