Asianet News MalayalamAsianet News Malayalam

അലെക്‌സെ നവാല്‍നിയെ വിദഗ്ധ ചികിത്സക്കായി ജര്‍മ്മനിയിലേക്ക് മാറ്റുന്നു

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ നവാല്‍നിയെ ചായയില്‍ വിഷം നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചതാണെന്നാണ് പ്രധാന ആരോപണം.
 

Alexei Navalny taken to airport for flight to Germany
Author
Moscow, First Published Aug 22, 2020, 7:12 AM IST

മോസ്‌കോ: കോമയില്‍ തുടരുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലെക്‌സെ നവാല്‍നിയെ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി ജര്‍മ്മനിയിലേക്ക് മാറ്റുന്നു. ജര്‍മ്മനിയിലേക്ക് കൊണ്ടുപോകുന്നതിനായി അദ്ദേഹത്തെ ഓംസ്‌ക് വിമാനത്താവളത്തിലെത്തിച്ചു. നേരത്തെ, നവാല്‍നിയെ ജര്‍മ്മനിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നീക്കം ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ എതിര്‍ത്തിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ജര്‍മ്മനിയിലേക്ക് കൊണ്ടുപോകുന്നത് ജീവന്‍ അപകടത്തിലാക്കുമെന്നുമായിരുന്നു വാദം. എന്നാല്‍, ആരോഗ്യനിലയില്‍ നേരിയ പുരോഗതി കണ്ടതോടെയാണ് ജര്‍മ്മനിയിലേക്ക് മാറ്റാന്‍ തീരുമാനമായത്. 

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ നവാല്‍നിയെ ചായയില്‍ വിഷം നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചതാണെന്നാണ് പ്രധാന ആരോപണം. വിമാനത്താവളത്തില്‍ നിന്ന് ചായകുടിച്ച നവാല്‍നി വിമാനത്തിനുള്ളില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. എന്നാല്‍, പരിശോധനയില്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ വിഷാംശം കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ജര്‍മ്മന്‍ എന്‍ജിഒയായ സിനിമ ഫോര്‍ പീസ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് നവാല്‍നിയെ ബര്‍ലിനിലേക്ക് മാറ്റുന്നത്. നവാല്‍നിയെ ജര്‍മ്മനിയിലേക്ക് കൊണ്ടുപോകുന്നത് റഷ്യന്‍ ഭരണകൂടം തടയുകയാണെന്നും സൈബീരിയയിലെ ചികിത്സ അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാക്കുമെന്നും ഭാര്യ കിറാ യാര്‍മിഷ് ആരോപിച്ചിരുന്നു.
 

Follow Us:
Download App:
  • android
  • ios