റഷ്യന്‍ ആക്ടിവിസ്റ്റായ അനസ്തേഷ്യ ഷെവ്‍ചെങ്കോ വീട്ടുതടങ്കലിലാണ്. അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും പ്രതിഷേധങ്ങളും ഭരണാധികാരികളെ ചൊടിപ്പിച്ചതാണ് കാരണം. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി അവര്‍ വീട്ടുതടങ്കലില്‍. അതും, നിന്നുതിരിയാന്‍ പോലും അനുവാദമില്ലാത്ത തരത്തില്‍. അധികാരികളോടും ബന്ധുക്കളോടുമല്ലാതെ വേറെയാരോടും മിണ്ടാന്‍പോലും അവര്‍ക്ക് അധികാരമില്ല. അവര്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കപ്പെട്ടാല്‍ ആറ് മാസം അവര്‍ ജയിലില്‍ കഴിയേണ്ടിവരും.

ഇപ്പോള്‍ ബിബിസി -യോട് സംസാരിക്കാന്‍ അനുവാദം ലഭിച്ചിരിക്കുകയാണ് അനസ്തേഷ്യക്ക്. ബിബിസി -യോട് അവര്‍ മനസ് തുറക്കുന്നു. 

''ഞാന്‍ പുറത്തിറങ്ങാറില്ല. പുറത്തിറങ്ങുക, മകന്‍റെ സ്‍കൂളില്‍ച്ചെന്ന് അവനെ കാണുക, അവനെ വിളിച്ചുകൊണ്ട് വരിക ഇതൊക്കെ ഞാനെത്ര ആഗ്രഹിച്ചിരുന്നുവെന്നോ. ഈ തെരുവുകളിലൂടെ നടക്കാന്‍ ഞാനെത്ര കൊതിക്കുന്നുവെന്നോ. വീട്ടുതടങ്കലിലായിരിക്കുമ്പോഴേ നിങ്ങള്‍ക്ക് മനസിലാകൂ, ഓരോ ചെറിയ കാര്യങ്ങളും എത്ര വിലപ്പെട്ടതാണ് എന്ന്. തടവിലായിരിക്കുമ്പോള്‍ ഓരോ കുഞ്ഞുകാര്യങ്ങള്‍പോലും നിങ്ങള്‍ സ്വപ്‍നം കണ്ടുതുടങ്ങും...'' 

സിംഗിള്‍ മദറായ അനസ്തേഷ്യ കഴിഞ്ഞ ഒരു വര്‍ഷമായി സ്വന്തം ഫ്ലാറ്റില്‍ തടങ്കലിലാണ്. രാജ്യത്തിന്‍റെ സുരക്ഷക്ക് ഭീഷണിയാണ് എന്നുകാണിച്ചാണ് ഈ വീട്ടുതടങ്കല്‍... റഷ്യയില്‍ നിരോധിച്ചിരിക്കുന്ന ഓപ്പണ്‍ റഷ്യ യുകെ എന്ന സംഘടനയുമായി അനസ്തേഷ്യക്ക് ബന്ധമുണ്ട് എന്നും ആരോപിക്കപ്പെടുന്നു.

അനസ്തേഷ്യയുടെ കാലില്‍ ഒരു ഇലക്ടോണിക് ടാഗ് ധരിപ്പിച്ചിട്ടുണ്ട്. അവര്‍ എവിടെയെല്ലാം പോകുന്നുവെന്നത് അതില്‍ കൃത്യമായി രേഖപ്പെടുത്തുകയും അധികാരികള്‍ക്ക് വിവരം ലഭിക്കുകയും ചെയ്യും. കാലില്‍ കെട്ടിയിരിക്കുന്ന ചങ്ങലപോലെയാണ് ആ ടാഗും. അഴിച്ചുവെക്കാന്‍ അനുവാദമില്ല. ഓരോ നീക്കങ്ങളും അപ്പപ്പോള്‍ എത്തേണ്ടിടത്തെത്തും. ''ഇതുവച്ചാണ് അവരെന്നെ കണ്‍ട്രോള്‍ ചെയ്യുന്നത്. ഞാനെവിടെയാണെന്ന് എപ്പോഴും അവര്‍ക്കറിയാനാകും. ബാത്ത്‍റൂമില്‍ പോകുമ്പോഴും ഇതുംകൊണ്ടല്ലാതെ എനിക്ക് പോകാനാവില്ല.'' അനസ്തേഷ്യ പറയുന്നു. 

എന്നാല്‍ ഇപ്പോള്‍ ഒരു പ്രഭാതനടത്തത്തിന് പോകാനുള്ള അനുമതി കിട്ടിയിട്ടുണ്ടവള്‍ക്ക് (അപ്പോഴും ടാഗ് കാലില്‍ കാണും). തന്‍റെ പ്രിയപ്പെട്ട പപ്പി ബെയ്‍ലിക്കും ഈ പ്രഭാതനടത്തം സന്തോഷം നല്‍കുമെന്നാണ് അനസ്തേഷ്യ പറയുന്നത്. ഒന്ന് ശരിക്ക് ശ്വാസം വിടാമല്ലോ എന്നും അനസ്തേഷ്യ പറയുന്നു. 

''എനിക്കിതൊരു ദുസ്വപ്‍നം പോലെയാണ്. നിങ്ങള്‍ റഷ്യയിലൊരു പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എല്ലാത്തിനും തയ്യാറായിരിക്കണം. എന്തും സംഭവിക്കാം നിങ്ങള്‍ക്ക്. എന്തും... ജയിലിലുമാവാം...'' അനസ്തേഷ്യ പറയുന്നു. 

അനസ്തേഷ്യയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആറ് വര്‍ഷം വരെയാണ് അവളുടെ തടവ്. അവള്‍ക്കെതിരെയുള്ള കുറ്റത്തില്‍ പുടിനെതിരെ പ്രതിഷേധിച്ചുവെന്നതും വരുന്നു. 

 

''ഒന്നും ചെയ്യാനാവാത്ത ദിവസങ്ങളുണ്ടായിരുന്നുവെനിക്ക്. പക്ഷേ, അതങ്ങനെയായാല്‍ ശരിയാവില്ലെന്ന് ഞാനുറപ്പിച്ചു. എന്‍റെ കുട്ടികളും അമ്മയും എന്‍റെ താങ്ങിലാണ് നില്‍ക്കുന്നത്. ഞാനില്ലാതെയായാല്‍ അതെല്ലാം തീര്‍ന്നു. എന്‍റെ തടവ് കുഞ്ഞുങ്ങളെ ഒരുപാട് ബാധിച്ചു. പ്രത്യേകിച്ച് മകന്‍ മിഷ. അവന് രാത്രിയിലുറങ്ങാനാവാതായി. പാതിരാത്രിയിലൊക്കെ അവനുറക്കം ഞെട്ടി മമ്മീ, മമ്മീ എന്നും വിളിച്ച് ഉറക്കെ കരയും.'' 

കാലങ്ങളായി അനസ്തേഷ്യയും കുഞ്ഞുങ്ങളും ഒരുമിച്ച് ഷോപ്പിങ്ങിന് പോകാറില്ല. ഇനിയഥവാ അനസ്തേഷ്യ ജയിലില്‍ പോയാല്‍ വ്ലാദ (മകള്‍) വീട്ടിലെ കാര്യങ്ങള്‍ നോക്കുമെന്നാണ് അവര്‍ കരുതുന്നത്. അവള്‍ തന്നെപ്പോലെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുമെന്ന് കരുതുന്നുവെന്ന് അനസ്തേഷ്യ പറയുന്നു. മാസങ്ങളായി പുറത്തെ ശുദ്ധവായു ശ്വസിക്കാന്‍ അനസ്തേഷ്യക്ക് കിട്ടിയിരുന്ന ഏക അവസരം കസ്റ്റഡി വാദം കേള്‍ക്കാന്‍ പോകുന്നതിനായി പുറത്തിറങ്ങുന്നത് മാത്രമായിരുന്നു. അതിനായി അവളെ കൊണ്ടുപോകാന്‍ ജയിലുദ്യോഗസ്ഥന്‍ വരും. 

കിടപ്പുമുറിയില്‍ ഒളിക്യാമറ

അടുത്തിടെയാണ് ഒരു ഞെട്ടിക്കുന്ന വിവരം അനസ്തേഷ്യ അറിഞ്ഞത്. അവളുടെ കിടപ്പുമുറിയില്‍ ഉദ്യോഗസ്ഥര്‍ ക്യാമറ വെച്ചിട്ടുണ്ട്. ആ ഒളിക്യാമറ വച്ചിരുന്നത് അവളുടെ കിടപ്പുമുറിയിലെ എയര്‍ കണ്ടീഷണിംഗ് സംവിധാനത്തിലായിരുന്നു. 

''അതില്‍ നിന്നുള്ള വിവിധ ഫോട്ടോ, കേസ് ഫയിലില്‍ കണ്ടപ്പോഴാണ് അവിടെയൊരു വീഡിയോ ക്യാമറയുള്ള കാര്യം ഞാനറിഞ്ഞത്. മുറിയില്‍ ധരിക്കുന്ന പൈജാമ മാത്രമിട്ട് ഞാന്‍ കിടക്കയിലിരിക്കുന്നതടക്കം എല്ലാം അതില്‍ പതിയുന്നുണ്ടായിരുന്നു. ആ ക്യാമറ എന്‍റെ കിടക്കയുടെ തൊട്ടുമുകളിലായിരുന്നു. ആറ് മാസമായി അതവിടെയുണ്ടായിരുന്നു. എല്ലാം പകര്‍ത്തിക്കൊണ്ട് ഞാനറിയാതെ... ആദ്യമായി അതറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്തിന്‍റെ പേരിലാണ് അവരെന്‍റെ ബെഡ്റൂമില്‍ ക്യാമറ വച്ചത്. എന്‍റെ ബെഡ്ഡില്‍ കിടന്ന് രാജ്യത്തിനെതിരെ ഞാനെന്ത് ചെയ്യാനാണ്? ആ ബെഡ്ഡില്‍ കിടന്ന് ഞാന്‍ ഭരണ അട്ടിമറി നടത്തുമെന്നാണോ അവര്‍ വിചാരിക്കുന്നത്?''

അനസ്തേഷ്യയുടെ ഇളയ മകള്‍ മരിക്കുന്നത് ഈയിടെയാണ്. ഭിന്നശേഷിക്കാരിയായ കുഞ്ഞായിരുന്നു അവള്‍. പേര് അലീന. അസുഖം വന്നതിനെ തുടര്‍ന്ന് അവളെയൊരു ആശുപത്രിയില്‍ പരിചരണത്തിലാക്കിയിരിക്കുകയായിരുന്നു. പക്ഷേ, അനസ്തേഷ്യക്ക് മകളെ കാണാന്‍ അനുമതി ലഭിക്കുമ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. അപ്പോഴേക്കും അമ്മയെ കാണാനുള്ള ഭാഗ്യം പോലുമില്ലാതെ ആ കുഞ്ഞിന്‍റെ പ്രാണന്‍ വേര്‍പെട്ടിരുന്നു. 

''ഇതവളുടെ ചിതാഭസ്‍മമാണ്. അവളുടെ ചിതാഭസ്‍മം ഈ കുടത്തില്‍ ഈ മുറിയില്‍ത്തന്നെയിരിക്കുകയാണ്. അത് കടലിലൊഴുക്കിക്കളയണമെനിക്ക്. ഒരേയൊരു തവണ മാത്രമാണ് ഞാനവളെയും കൊണ്ട് കടല്‍ത്തീരത്ത് പോയിട്ടുള്ളത്. അവളുടെ ജീവിതം മുഴുവന്‍ അവള്‍ അടച്ചിട്ട മുറികളിലാണ് കഴിഞ്ഞിട്ടുള്ളത്. ഈ ചിതാഭസ്‍മം കടലിലൊഴുക്കി അവളെ എന്നേക്കുമായി മോചിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, എന്‍റെ കേസ് കഴിയും വരെ എനിക്കതിന് കഴിയില്ല.'' 

''അവര്‍ ജനങ്ങളെ പേടിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഭരണകൂടത്തിനെതിരെ പ്രതികരിക്കാന്‍ അനുവദിക്കില്ല. പ്രതികരിച്ചാല്‍ ഇതാവും അവസ്ഥ എന്ന് കാണിക്കാനാണ് അവരെന്നോട് ഇങ്ങനെ ചെയ്യുന്നത്. നിങ്ങളൊരു ആക്ടിവിസ്റ്റാണെങ്കില്‍ നോക്കൂ അനസ്തേഷ്യയുടെ അതേ ഗതിയാവും നിങ്ങള്‍ക്കും. കസ്റ്റഡി, വേദന... എന്ന് മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കാന്‍, അതിലൂടെ അവരെയും പേടിപ്പിക്കാന്‍ ഭരണകൂടം ശ്രമിക്കുകയാണ്.''

''അവര്‍ നിരപരാധികളായ ആളുകളെ ജയിലിലടച്ചപ്പോള്‍ അതിനെതിരെ പ്രതികരിച്ചുവെന്നതാണ് ഞങ്ങള്‍ ചെയ്‍തത്. അങ്ങനെ ചെയ്യാതിരുന്നാല്‍ നമ്മളും ഉത്തര കൊറിയയെപ്പോലെ ആയിത്തീരും. എന്‍റെ കുഞ്ഞുങ്ങളുടെ ഭാവി അങ്ങനെ സ്വാതന്ത്രമില്ലാത്തൊരു രാജ്യത്താകാന്‍ ഞാനാഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഞാന്‍ പ്രതികരിച്ചത്. ആക്ടിവിസ്റ്റായത്...''

അനസ്തേഷ്യ പറഞ്ഞുനിര്‍ത്തുന്നു. പ്രതികരിക്കാനുള്ള അവകാശം ജനാധിപത്യ രാജ്യങ്ങളുടെ പ്രത്യേകതയാണ്. എല്ലാത്തരം കുറ്റാരോപിതര്‍ക്കും അവരുടെ അവകാശങ്ങളുമുണ്ട്. കിടപ്പുമുറിയിലടക്കം ക്യാമറവച്ചുകൊണ്ട് എന്തുതരം അടിച്ചമര്‍ത്തലാണ് റഷ്യന്‍ ഭരണകൂടം നടത്തുന്നത്. 

അനസ്തേഷ്യയുടെ മോചനമാവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം (കടപ്പാട്: ഗെറ്റി ഇമേജ്):