അവര്‍ സിറിയന്‍ കുഞ്ഞുങ്ങളെ  ലക്ഷ്യംവെക്കുന്നത് വെറുതെയല്ല

By Ameera AyshabeegumFirst Published Mar 6, 2018, 12:45 PM IST
Highlights

ഇന്ന് കളം സിറിയയാണ്. സിറിയയില്‍ നിന്ന് വരുന്നത് കുഞ്ഞുങ്ങളുടെ ഹൃദയഭേദകമായ നിലവിളികളാണ്. ഇളം ചോരയുടെ തെരുവുകളില്‍ പിടയുന്നത് അനേകം കുഞ്ഞുങ്ങളാണ്.  

ഇന്ന് കളം സിറിയയാണ്. സിറിയയില്‍ നിന്ന് വരുന്നത് കുഞ്ഞുങ്ങളുടെ ഹൃദയഭേദകമായ നിലവിളികളാണ്. ഇളം ചോരയുടെ തെരുവുകളില്‍ പിടയുന്നത് അനേകം കുഞ്ഞുങ്ങളാണ്.  സിറിയയില്‍ പല കാരണങ്ങളുടെ പേരില്‍ അരങ്ങേറിയ ചോരക്കളികളിലെല്ലാം നിലംപറ്റിയവരില്‍ ഭൂരിഭാഗവും സാധാരണ പൗരന്മാരായിരുന്നു. അതില്‍ കൂടുതലും കുഞ്ഞുങ്ങളായിരുന്നു. 1996 ല്‍ 'യുദ്ധകാലത്തെ കുഞ്ഞുങ്ങള്‍' എന്ന റിപ്പോര്‍ട്ട് വെച്ച് ഗാര്‍ഷ്യ മിച്ചല്‍ എന്ന യു എന്‍ പ്രതിനിധി പറഞ്ഞത്  കേള്‍ക്കൂ: 'ഈ കുഞ്ഞുങ്ങളൊന്നും യാദൃശ്ചികമായി കൊല്ലപ്പെടുന്നതല്ല. അവര്‍ ഓരോ യുദ്ധത്തിലും ആസൂത്രിതമായി ലക്ഷ്യം വെക്കപ്പെട്ടവരാണ്'. 


'നിങ്ങള്‍ക്ക് വലിയ എലികളെ കൊല്ലണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ആദ്യം കൊല്ലേണ്ടത് ചെറിയ എലികളെ ആണ്'

1994 ല്‍ റുവാണ്ടയിലെ വംശഹത്യയുടെ തലേന്ന്, യുദ്ധക്കൊതിയനായ സൈനിക കമാന്‍ഡര്‍, കിഗാളിയിലെ റേഡിയോ മില്ലേ കോളിന്‍സ് പറഞ്ഞ കുപ്രസിദ്ധമായ ഈ വാചകം നാല് മാസത്തിനുള്ളില്‍ ലോകമന:സാക്ഷിയുടെ  മുന്നില്‍ വെള്ള പുതപ്പിച്ചു കിടത്തിയത് മൂന്നു ലക്ഷത്തോളം കുരുന്നുകളുടെ വിറങ്ങലിച്ച ശരീരങ്ങളാണ്. 

അതെ, ചോരക്കൊതി പൂണ്ട ലോകരാഷ്ട്രീയം പലപ്പോഴും ലക്ഷ്യം വെക്കുന്നത് കുഞ്ഞുങ്ങളെയാണ്. വംശഹത്യയാണ് അവരുടെ ലക്ഷ്യം. അതാണ്, നാസി ഭരണകൂടം ജൂത, പോളിഷ്, റൊമാനി കുട്ടികളെയും വൈകല്യങ്ങള്‍ ഉള്ള കുട്ടികളെയും ലക്ഷ്യം വെച്ചത്. വംശ ശുദ്ധീകരണ പ്രക്രിയയില്‍ നാസികള്‍ക്കു മുന്നില്‍ ജീവന്‍ നഷ്ടമായത് 20 ലക്ഷം കുരുന്നുകള്‍ക്കാണ്. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലും ഗ്യാസ് ചേംബറുകളിലും പരീക്ഷണ ലാബുകളിലും എല്ലാം കരഞ്ഞുകരഞ്ഞ് തീര്‍ന്നുപോയത് കുഞ്ഞുങ്ങളാണ്. 

മ്യാന്‍മറില്‍ ആയിരക്കണക്കിന് റോഹിന്‍ഗ്യന്‍ കുഞ്ഞുങ്ങളെ തീയിട്ടും കുത്തിയും തല്ലിച്ചതച്ചും ബലാത്സംഗം ചെയ്തും കൊലപ്പെടുത്തിയതിന്റെ റിപ്പോര്‍ട്ടുകള്‍ സൂക്ഷ്മമായി പരിശോധിച്ചു നോക്കൂ. അറിയാനാവും, അണിയറയില്‍ ഒരുങ്ങിയ വംശഹത്യയുടെ ആസൂത്രിത രൂപത്തിന്റെ ഭീകരത. ഓട്ടോമന്‍ സാമ്രാജ്യം അര്‍മേനിയന്‍ കുഞ്ഞുങ്ങളെ ജീവനോടെ കത്തിച്ചും യൂഫ്രട്ടിസ് നദിയില്‍ താഴ്ത്തിയും ഭിഷ്വഗരന്മാര്‍ വഴിപ്രത്യേകം തയാറാക്കിയ വിഷം കഴിപ്പിച്ചും ആവിയില്‍ പുഴുങ്ങിയും മറ്റും ഇല്ലാതാക്കിയ ചരിത്രത്തിനുമുണ്ട് വംശഹത്യയുടെ രക്തഗന്ധം. ആ കുരുതി നടന്നിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞെങ്കിലും, മനുഷ്യരാശിയെ തിരുത്താനുള്ള ഒരു പാഠവും ആ ഇളംചോരകള്‍ക്ക്  നല്‍കാനായില്ല. അസിറിയന്‍, ഗ്രീക്ക് വംശഹത്യകളും കുഞ്ഞുങ്ങളുടെ കൂട്ടക്കൊലകളും അധികാരത്തിന്റെ വെറിമൂത്ത ലോകരാഷ്ട്രീയത്തെ ഒന്നും പഠിപ്പിച്ചില്ല. 

കംബോഡിയന്‍ കില്ലിംഗ് ഫീല്‍ഡുകളിലെ ചേങ്കിരി ട്രീ

 

കൊല മരങ്ങളില്‍ കുഞ്ഞുങ്ങളെ അടിച്ചു കൊല്ലുകയായിരുന്നു

കാലവും ദേശവുമേ മാറുന്നുള്ളൂ
വംശഹത്യയ്ക്കും ഇളം ചോരയ്ക്കും വേണ്ടിയുള്ള ആര്‍ത്തിയ്ക്ക് പ്രത്യയശാസ്ത്ര വ്യത്യാസമൊന്നുമില്ല. കംബോഡിയയില്‍ കുഞ്ഞുങ്ങളുടെ ചോര തേടിയെത്തിയത് കമ്യൂണിസ്റ്റുകളാണ്. ഖമര്‍ റൂഷ് കാലഘട്ടത്തില്‍, തങ്ങള്‍ക്കെതിരെ ശബ്ദിക്കാതിരിക്കാന്‍ ശത്രുക്കളുടെ വരും തലമുറയെ, പിഞ്ചു കുഞ്ഞുങ്ങളെ പോലും കൊന്നൊടുക്കിയത് അപരന്റെ സ്വരം സംഗീതം പോലെ ആസ്വദിക്കുന്ന നാളുകള്‍ക്ക് കാതോര്‍ക്കുന്ന കമ്യൂണിസ്റ്റുകളാണ്. കംബോഡിയന്‍ കില്ലിംഗ് ഫീല്‍ഡുകളിലെ ചേങ്കിരി ട്രീ അഥവാ കൊല മരങ്ങളില്‍ കുഞ്ഞുങ്ങളെ അടിച്ചു കൊല്ലുകയായിരുന്നു. ആ കൂട്ടക്കുരുതിക്ക് നേതൃത്വം കൊടുത്ത കമാണ്ടര്‍ തന്നെയാണ് അക്കാര്യം പിന്നീട് ലോകത്തോട് പറഞ്ഞത്. മരക്കുറ്റിയില്‍ കുഞ്ഞുങ്ങളുടെ തലച്ചോര്‍ പറ്റിപിടിച്ചതിന്റെയും ചോര ഒഴുകി പടര്‍ന്നതിന്റെയും ചിത്രങ്ങള്‍ കണ്ട് ആനന്ദിച്ചിരുന്ന കമ്യൂണിസ്റ്റ് നേതാക്കളും ആവശ്യപ്പെട്ടിരുന്നത് തങ്ങളോട് പകരം ചോദിക്കാന്‍ ആയി ആരും അവശേഷിക്കരുതെന്നാണ്.

ഇതെല്ലാം ഏതോ കാലത്തു നടന്ന കാര്യങ്ങളുമല്ല. എല്ലാ കാലങ്ങളിലേക്കും നീക്കിവെച്ചതാണ് വംശഹത്യയുടെ പാഠങ്ങള്‍. ഇറാഖിലെ യസീദി കുഞ്ഞുങ്ങള്‍, ബോസ്‌നിയന്‍ കുഞ്ഞുങ്ങള്‍, ഹെരേരോ കുഞ്ഞുങ്ങള്‍, ഗ്വാട്ടിമാലയിലെ മായ കുഞ്ഞുങ്ങള്‍, സോമാലിയയിലെ ഇസാഖ് കുഞ്ഞുങ്ങള്‍, ഇറ്റലി കൊന്നൊടുക്കിയ ലിബിയന്‍ കുഞ്ഞുങ്ങള്‍, കിഴക്കന്‍ ടിമോറിലെ കുഞ്ഞുങ്ങള്‍, ബംഗ്ലാദേശിലെ കുഞ്ഞുങ്ങള്‍, കോംഗോയിലെ കുഞ്ഞുങ്ങള്‍...

ദേശത്തിന്റെ പേര് മാറുന്നുണ്ടാകാം വിശ്വാസം പലതായിരുന്നിരിക്കാം. ഉദ്ദേശ്യം വ്യത്യസ്തങ്ങളായിരുന്നിരിക്കാം. പക്ഷെ കുഞ്ഞുങ്ങളുടെ നടപ്പാതയില്‍ മരണക്കെണി വെച്ച് കാത്തിരുന്നവരുടെ ലക്ഷ്യം ഇനിയുമൊരു എതിര്‍പ്പിന്റെ മുള പൊട്ടരുതെന്നു തന്നെയാണ്. അഫ്ഗാനിസ്ഥാനില്‍ വംശഹത്യക്ക് ഇരയായ ആയിരകണക്കിന് ഹസാരാ കുഞ്ഞുങ്ങള്‍, ഇറാഖില്‍ അന്‍ഫാല്‍ വംശഹത്യയില്‍ അരുംകൊല ചെയ്യപ്പെട്ട കുര്‍ദ് കുഞ്ഞുങ്ങള്‍ തുടങ്ങി മഹാത്മാവിന്റെ ജന്മനാട്ടില്‍ ഗര്‍ഭിണിയുടെ  വയര്‍ പിളര്‍ന്നു ശൂലത്തില്‍ കോര്‍ത്തെടുക്കപ്പെട്ട കുഞ്ഞു വരെ സ്വാര്‍ത്ഥതയുടെയും അധികാര മോഹത്തിന്റെയും ചോരക്കൊതിയുടെയും പ്രതീകങ്ങളാണ്. 

എല്ലാ സമൂഹങ്ങളും ഭരണാധികാരികളും ശത്രുക്കളുടെ വംശഹത്യയിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്. 

അശ്വത്ഥാമാവ് മരിച്ചിട്ടില്ല
കുഞ്ഞുങ്ങളുടെ കുരുതി നടപ്പിലാക്കി അവരുടെ മാംസവും രക്തവും കുഴച്ച് തങ്ങളുടെ സാമ്രാജ്യങ്ങളുടെ ചുമരുകള്‍ കെട്ടിപൊക്കിയവര്‍, അതിന്റെ ഭദ്രത ഉറപ്പു വരുത്തിയവര്‍ -ഇവരൊന്നും നമ്മുടെ ചരിത്ര പുസ്തകങ്ങളിലെ ഏതോ ഇരുണ്ട അധ്യായങ്ങളില്‍ മാത്രം കാണാനാവുന്നവരല്ല. എല്ലാ സമൂഹങ്ങളും ഭരണാധികാരികളും ശത്രുക്കളുടെ വംശഹത്യയിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്. 

പാണ്ഡവപുത്രന്മാരെ കൊന്നിട്ടും പകതീരാതെ ഉത്തരയുടെ ഗര്‍ഭപാത്രത്തെ ലക്ഷ്യം വെച്ച്  ബ്രഹ്മാസ്ത്രം എയ്ത് കുരു- പാണ്ഡവ വംശത്തിന്റെ അവസാന കണ്ണിയെ പോലും ഇല്ലാതാക്കണം എന്നുറച്ച അശ്വത്ഥാമാവ് -അത് ഒരാള്‍ അല്ല- ലോകത്തിന്റെ വിവിധ കോണുകളില്‍ വിവിധ കാലങ്ങളില്‍ അശ്വത്ഥാമാക്കള്‍ ജന്മമെടുത്തിട്ടുണ്ട്.. അല്ലെങ്കില്‍ വിശ്വാസം പോലെ തന്നെ അശ്വത്ഥാമാവ് ചിരഞ്ജീവി ആണ്.

ജെറെമിഅ: പ്രവാചകനിലൂടെ പറഞ്ഞത് ഇതാ സത്യമായിരിക്കുന്നു... 'റമഹില്‍ നിന്ന് ഒരു ശബ്ദം ഉയരുന്നുണ്ട്. ഹൃദയഭേദകമായ വിലാപങ്ങള്‍ നമ്മുടെ കര്‍ണപുടങ്ങളെ തുളച്ചു വരുന്നുണ്ട്. റേച്ചല്‍ അവളുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി അലമുറയിടുകയാണ്... ആര്‍ക്കാണ് അവളെ ആശ്വസിപ്പിക്കാന്‍ ആകുക... അവള്‍ കരയുന്നത് ഇനിയൊരിക്കലും തിരിച്ചു വരാത്ത അവളുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ആണ്...'

ബൈബിളില്‍ നിന്നുള്ള, 'നിഷ്‌കളങ്കരുടെ കൊലപാതകം' എന്ന ഈ ഭാഗം ഹെരോദ് രാജാവ് എങ്ങിനെയാണ് ബെത്ലഹേമിന് ചുറ്റുമുള്ള ആണ്‍ കുഞ്ഞുങ്ങളെ കൊന്നൊടുക്കിയത് എന്ന് പറയുന്നുണ്ട്. സിംഹാസനം നഷ്ടമാകാതിരിക്കാന്‍ നടത്തിയതായിരുന്നു ആ അരുംകൊലകള്‍. കംസന്റെ കാലത്ത് കുഞ്ഞുങ്ങള്‍ക്കു നേരെ ഉയര്‍ന്ന കൊലവിളികള്‍ ഓര്‍ക്കുക. ഇവയൊക്കെയാണ് പിന്നീട് രൂപം മാറി, ഭാവം മാറി ലോകജനതയുടെ മുന്നിലേക്ക് പലതവണ വന്നത്. റേച്ചലിന്റെ കരച്ചില്‍ ഇന്നും ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു കൊണ്ടേയിരിക്കുന്നു.

ലക്ഷ്യം വെറുമൊരു ജയമല്ല. ഒരു വംശത്തെ തന്നെ ഇല്ലാതാക്കലാണ്.

സിറിയയുടെ ചോര 
ഇന്ന് കളം സിറിയയാണ്. സിറിയയില്‍ നിന്ന് വരുന്നത് കുഞ്ഞുങ്ങളുടെ ഹൃദയഭേദകമായ നിലവിളികളാണ്. ഇളം ചോരയുടെ തെരുവുകളില്‍ പിടയുന്നത് അനേകം കുഞ്ഞുങ്ങളാണ്. 

സിറിയയില്‍ പല കാരണങ്ങളുടെ പേരില്‍ അരങ്ങേറിയ ചോരക്കളികളിലെല്ലാം നിലംപറ്റിയവരില്‍ ഭൂരിഭാഗവും സാധാരണ പൗരന്മാരായിരുന്നു. അതില്‍ കൂടുതലും കുഞ്ഞുങ്ങളായിരുന്നു. 1996 ല്‍ 'യുദ്ധകാലത്തെ കുഞ്ഞുങ്ങള്‍' എന്ന റിപ്പോര്‍ട്ട് വെച്ച് ഗാര്‍ഷ്യ മിച്ചല്‍ എന്ന യു എന്‍ പ്രതിനിധി പറഞ്ഞത്  കേള്‍ക്കൂ: 'ഈ കുഞ്ഞുങ്ങളൊന്നും യാദൃശ്ചികമായി കൊല്ലപ്പെടുന്നതല്ല. അവര്‍ ഓരോ യുദ്ധത്തിലും ആസൂത്രിതമായി ലക്ഷ്യം വെക്കപ്പെട്ടവരാണ്'. 

വംശീയ താല്‍പര്യങ്ങള്‍ മേല്‍ക്കൈ നേടുന്ന ഏറ്റുമുട്ടലുകളില്‍ ലക്ഷ്യം വെറുമൊരു ജയമല്ല. ഒരു വംശത്തെ തന്നെ ഇല്ലാതാക്കലാണ്. മുതിര്‍ന്നവരെ കൊന്നൊടുക്കിയത് കൊണ്ട്  മാത്രം ആ ഉദ്ദേശ്യം നടക്കില്ല. അതിനാല്‍, കൂര്‍ത്ത ആയുധങ്ങള്‍ ലക്ഷ്യം വെക്കുന്നത് കുഞ്ഞുങ്ങളെയാണ്. കൊടുംവേദന സഹിച്ചുള്ള അരുംകൊലകള്‍ കൂട്ടത്തോടെ ലക്ഷ്യമിട്ടത് കുഞ്ഞുങ്ങളെയായിരുന്നു.

ഒരു രാജ്യത്തെ നശിപ്പിക്കാന്‍ അവിടത്തെ ചരിത്ര സ്മാരകങ്ങള്‍ തച്ചു തകര്‍ത്താല്‍ പോരാ.

വംശഹത്യയുടെ പാഠങ്ങള്‍
അതെ, ഒരു രാജ്യത്തെ നശിപ്പിക്കാന്‍ അവിടത്തെ ചരിത്ര സ്മാരകങ്ങള്‍ തച്ചു തകര്‍ത്താല്‍ പോരാ. അവിടത്തെ ലൈബ്രറികള്‍ അഗ്നിക്കിരയാക്കിയാല്‍  പോരാ. അവിടത്തെ സൈനിക നിരകളെ നാമാവശേഷമാക്കിയാല്‍ പോരാ.

പകരം വെടിയുണ്ടകള്‍  ചീറിപ്പായേണ്ടത് കുഞ്ഞിളം നെഞ്ചുകള്‍ ലക്ഷ്യമാക്കിയാണ്. ഇറ്റു വീഴേണ്ടത് പൈതങ്ങളുടെ ചോരയാണ്. ശവപ്പറമ്പുകള്‍ നിറക്കേണ്ടത് പറന്നു തുടങ്ങുന്നതിനു മുമ്പേ ചിറകറ്റു വീണവരെ കൊണ്ടാണ്.

ഒരു രാജ്യത്തിന്റെ ഇന്നലെകളെയോ ഇന്നിനെയോ ഇല്ലാതാക്കിയതുകൊണ്ട് ആ രാജ്യത്തിന്മേലുള്ള  വിജയം പൂര്‍ണമാകുന്നില്ല. ശത്രുവിന്റെ വരും തലമുറകളെ ഇല്ലാതാക്കുന്നതാണ് യഥാര്‍ത്ഥ വിജയം...ഇതാണ്, അധികാരമോഹത്തിന്റെ അച്ചുതണ്ടില്‍ കറങ്ങുന്ന ലോക രാഷ്ട്രീയമെന്ന അശ്‌ളീലം കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്. 

നോക്കൂ, ഇത് സിറിയയുടെയോ റുവാണ്ടയുടെയോ സിറിയയുടെയോ മാത്രം കാര്യമല്ല. യുദ്ധവും ആഭ്യന്തര കലാപങ്ങളും തുടര്‍ക്കഥയാകുന്ന ഏതൊരു രാജ്യത്തിന്റെയും ദുരവസ്ഥയാണ്. ശത്രുവിന്റെ വംശപരമ്പരകളെ തുടച്ചു നീക്കുക എന്ന ലക്ഷ്യം മാത്രമല്ല ഇതില്‍ ഉള്ളത്. സ്ത്രീകളും കുട്ടികളും സംരക്ഷിക്കപ്പെടേണ്ടവര്‍ ആണെന്ന യുദ്ധ മര്യാദയും അന്താരാഷ്ട്ര ധാരണകളും പൊളിച്ചടുക്കുക കൂടിയായിരുന്നു. 

ശത്രുവിന്റെ ആത്മവിശ്വാസത്തിലേക്ക് തുളഞ്ഞു കയറുന്ന ആദ്യ വെടിയുണ്ടയാണ് നിരന്നു കിടക്കുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹങ്ങള്‍.

അമീറ എഴുതിയ മറ്റു കുറിപ്പുകള്‍
കുരീപ്പുഴ ആ പട്ടികയിലെ ആദ്യത്തെ പേരല്ല; അവസാനത്തെയും!

പെണ്ണ് മിണ്ടിയാല്‍ തെറിയുമായെത്തുന്ന ഫേസ്ബുക്ക് ആണ്‍പടയുടെ ഉള്ളിലെന്ത്?

പ്രണയികള്‍ക്കെതിരെ ആയുധമെടുക്കുന്നവരേ, നിങ്ങള്‍ക്കറിയുമോ ഇവരെ?

ആ കൊലയാളികള്‍ പിരിഞ്ഞുപോയിട്ടില്ല; അവര്‍ നമ്മുടെ വീട്ടുമുറ്റത്തുണ്ട്

മമ്മൂട്ടിക്ക് വയസ്സായാല്‍  എന്താണ് പ്രശ്‌നം?
 

click me!