ഈ നദിക്കരയില്‍ ഇരിക്കുമ്പോള്‍ കണ്ണു നിറയുന്നത് എന്തുകൊണ്ടാണ്?

Published : Mar 15, 2017, 06:20 AM ISTUpdated : Oct 05, 2018, 02:31 AM IST
ഈ നദിക്കരയില്‍ ഇരിക്കുമ്പോള്‍ കണ്ണു നിറയുന്നത് എന്തുകൊണ്ടാണ്?

Synopsis

അരിസോണക്ക്  പുറപ്പെടുന്നതിനു മുന്‍പ് തന്നെ ഇന്റര്‍നെറ്റ് നോക്കി ബ്രൈറ്റ് എയ്ഞ്ചല്‍ ട്രെയില്‍ കാണണമെന്ന് ഉറപ്പിച്ചിരുന്നു. ഗ്രാന്റ് കാന്യന്‍ വില്ലേജില്‍ നിന്നും തുടങ്ങുന്ന ഈ നടവഴി 4380 അടി  താഴെയുള്ള കൊളറാഡോ നദിക്കരെ വരെയെത്തും.  ഇത് ഒരുദിവസം കൊണ്ട്  പോയിവരാന്‍ പറ്റുന്ന വഴിയല്ല.  ക്യാമ്പിംഗിനു തയ്യാറായി ടെന്റുമായി പോയി രാത്രി നദിക്കരെ പാര്‍ത്തിട്ടു അടുത്ത ദിവസം മടങ്ങാനാണ് നിര്‍ദ്ദേശം.

എന്തായാലും ഈ ട്രെയിലില്‍ കുറച്ചു ദൂരം നടന്നിട്ടു മടങ്ങാം എന്നു കരുതി പുറപ്പെട്ടു.  മലയുടെ അരികിലൂടെ കുത്തനെയുള്ള നേരിയ വഴിയാണ്.  ആദ്യത്തെ ടണല്‍ എത്തിയപ്പോള്‍ ഫോട്ടോഗ്രാഫര്‍ സത്യസന്ധനായി. 

മലയുടെ അരികിലൂടെ കുത്തനെയുള്ള നേരിയ വഴിയാണ്.

ഇത് മഹാ ബോറാണ്.  ഞാന്‍ മുകളില്‍ പോയി അവിടെ കുറച്ചു കാഴ്ചകളൊക്കെ കാണട്ടെ. നീ മതിയാവുന്നത് വരെ നടന്നിട്ടു വന്നോളൂ.

വളഞ്ഞും തിരിഞ്ഞും നെടുങ്കുത്തായ ഇറക്കങ്ങള്‍ കണ്ടപ്പോള്‍ ശങ്ക തോന്നി. തിരികെ കയറാന്‍ പറ്റിയില്ലെങ്കിലോ?

മല കയറാന്‍ എളുപ്പമാവില്ല.  കുറെ സമയം എടുക്കും.

ഇന്നത്തെ ദിവസം മുഴുവന്‍ എടുത്താലും വേണ്ടില്ല.  മതിയാവുന്നിടത്തോളം പോയിട്ട് പതിയെ വന്നാല്‍ മതി.

എവിടെയാണ് കാണേണ്ടതെന്നുറപ്പിച്ചു ഞങ്ങള്‍ എതിര്‍ ദിശകളിലേക്ക് നടന്നു. ഒരാള്‍ ഉയരത്തിലെക്ക്, നിരപ്പായ പ്രദേശത്തേക്ക്. മറ്റൊരാള്‍ അപകടം പിടിച്ച താഴ്ചയിലേക്ക്, ഒന്നു തെറ്റിയാല്‍ ജീവിതം തീര്‍ന്നു പോകാവുന്ന ആഴത്തിലേക്ക്.

തിരികെ വരുന്നവരെ ഞാന്‍ ആകാംക്ഷയോടെ നോക്കി.  ആരും ശാപവാക്കുകളൊന്നും പറയുന്നില്ല. എല്ലാവരും സൗഹൃദത്തോടെ ചിരിച്ചും കുശലം ചോദിച്ചുമാണ് വഴി മാറിത്തരുന്നത്.  ഹെയര്‍പിന്‍ വളവും വലിയൊരു താഴ്ചയും കഴിഞ്ഞപ്പോള്‍ ഞാന്‍ മുകളിലേക്ക് നോക്കി. ഇതെല്ലാം തിരിച്ചു കയറാന്‍ എന്നെക്കൊണ്ടു പറ്റുമോ?   വെറുതെ സമയം കളയാതെ മടങ്ങിയാലോ?

 മുന്നോട്ട്...മുന്നോട്ട്... ആഴത്തിലേക്ക്, താഴ്ചയിലേക്ക്....

ഇരുപതു വര്‍ഷത്തെ ആഗ്രഹമാണ്.  ഇനിയൊരിക്കലും ഇങ്ങോട്ടൊരു വരവുണ്ടാകണമെന്നില്ല.  കുറച്ചു ദൂരം കൂടെ ആവാം എന്നങ്ങു തീരുമാനിച്ചു. തലേദിവസം പോയി അവിടെ രാപ്പാര്‍ത്തിട്ടുവരുന്ന രണ്ടു സ്ത്രീകള്‍ പറഞ്ഞു അവര്‍ രാവിലെ ആറുമണിക്ക് താഴെ നദിക്കരയില്‍ നിന്നും പുറപ്പെട്ടതാണെന്ന്.  അവരോടു അസൂയയും ബഹുമാനവും തോന്നി. എന്തായാലും കുറച്ചുകൂടി പോവുക തന്നെ. പിന്നെയും പിന്നെയും ചെങ്കുത്തായ ഇറക്കങ്ങളാണ്.

ഇത് മണ്ടത്തരമാവുമോ?  ഇപ്പോള്‍ തിരികെ നടക്കുന്നതായിരിക്കുമോ ബുദ്ധി?  അപ്പോഴാണ് സ്‌പെന്‍സര്‍ ജോണ്‍സണ്‍ മലകയറി വന്നത്.  'What would you do if you weren't afraid?' (Who Moved My Cheese?)  ശരി, ശരി,   ഇന്ന് ഇത് ചെയ്തില്ലെങ്കില്‍ ഞാന്‍ എന്നെത്തന്നെ കുറ്റം പറയും. എന്നെ മാത്രമേ കുറ്റം പറയാനും പറ്റൂ. ഭര്‍ത്താവ് ബ്രൈറ്റ് എയ്ഞ്ചല്‍ ട്രെയിലിലേക്ക് ഒരു ഡേ പാസ് തന്നിട്ടുണ്ട്.  ഗമണ്ടന്‍ ഹൈക്കിംഗ് ഷൂസ് കൊണ്ടുവന്നിട്ടുണ്ട്.  കൈയില്‍ വെള്ളവും ഓറഞ്ചും ചിപ്‌സുമുണ്ട്.  ക്ഷീണം കുറച്ചുപോലും ഇല്ലെന്നല്ല, നല്ല ആവേശവുമുണ്ട്.  മുന്നോട്ട്...മുന്നോട്ട്... ആഴത്തിലേക്ക്, താഴ്ചയിലേക്ക്....

മടങ്ങി വരുന്ന കുട്ടികളും പ്രായമുള്ളവരും ഉള്‍പ്പടെയുള്ളവരുടെ മുഖം കാണുമ്പോള്‍, പാറയുടെ അരികിലൂടെ ആ വഴി കാണുമ്പോള്‍ മടങ്ങി വന്നില്ലെങ്കിലും ഇവിടെ വീണു മരിച്ചാലും അതിലൊരു തൃപ്തിയുണ്ടാവുമെന്നു തോന്നി. ഞാന്‍ പാറയില്‍ തീര്‍ത്ത പടികളും  വഴികളും ഇറങ്ങിയിറങ്ങിപ്പോയി.  കാഴ്ചകള്‍ കണ്ടും ഫോട്ടോ എടുത്തും  രണ്ടാമത്തെ ടണല്‍ പിന്നിട്ടപ്പോഴേക്കും ഒരു മണിക്കൂറാവാറായി.  ഇനിയും പോയാല്‍ ഇന്നത്തെ ദിവസം മുഴുവന്‍ തീര്‍ന്നുപോകും, ഡേ പാസ് തന്നിട്ടുണ്ടെങ്കിലും അത് ന്യായമല്ലല്ലോ എന്നോര്‍ത്ത് മനസ്സില്ലാമനസ്സോടെ മടങ്ങാന്‍ തീരുമാനിച്ചു.  ഉള്‍മനസ്സിലെ ആധി കീജെയ് വിളിക്കുന്നുണ്ടായിരുന്നു.   രണ്ടാം ടണലിലിരുന്നു ഒരു ഓറഞ്ചു തിന്നു. കുറച്ചു ചിപ്‌സും. ശരീരം വിയര്‍ക്കുമ്പോള്‍ നഷ്ടമാകുന്ന ധാതുക്കളെ നികത്താന്‍ ഉപ്പുള്ള സാധനങ്ങള്‍ കഴിക്കാനാണ് നിര്‍ദ്ദേശം.  അതിനല്ലേ പൊട്ടറ്റോ ചിപ്‌സ് തിന്നുന്നത്. ആഹ, ആനന്ദലബ്ധിക്കിനിയെന്തു വേണം!

I got that power, power, power, power.....

ഈ നടവഴിയില്‍ എല്ലാവരും സുഹൃത്തുക്കളെപ്പോലെ
സൂര്യന്‍ നല്ല ഫോമിലാണ്.  ഇറങ്ങുമ്പോള്‍ നിഴലായിരുന്ന നടപ്പാതയില്‍ വെയിലാവാന്‍ തുടങ്ങി. പോരെങ്കില്‍ കയറ്റവും.  കാലില്‍ നിന്നും കട്ടിയുള്ള സോക്‌സ് ഊരി ചെറിയ സമ്മര്‍ സോക്‌സിട്ടു.  പുറംഷര്‍ട്ട് ഊരി ബാക്ക്പാക്കില്‍ വെച്ചു.  അതിനടിയിലുണ്ടായിരുന്ന കനം കുറഞ്ഞ ടി ഷര്‍ട്ടില്‍ തിരിച്ചുള്ള കയറ്റം തുടങ്ങി.   സത്യത്തില്‍ ആദ്യത്തെ കയറ്റം കയറിക്കഴിഞ്ഞപ്പോള്‍ എനിക്കൊന്നു ഹുറെയ്, വിളിക്കണമെന്നു തോന്നി. വിചാരിച്ചത്ര വിഷമമില്ല.

I got that power, power, power, power.....

എന്നാലും ചൂടും കുത്തനെയുള്ള കയറ്റവും കൊണ്ട്  ഇടയ്ക്കിടെ അരികിലുള്ള പാറകളില്‍ ഇരുന്നു വിശ്രമിച്ചും വെള്ളം കുടിച്ചുമാണ് കയറ്റം തുടര്‍ന്നത്.  ഒപ്പം കയറുന്ന പലരേയും ഈ ഇരിപ്പില്‍ നമ്മള്‍ കാണും അവരും  ഇടയ്ക്കിടെ ഇരുന്നു ഒരു ബ്രേക്ക് എടുത്തിട്ടാണ് പോകുന്നത്.  അതിലൊരാള്‍ എന്നോട് പേര് ചോദിച്ചു.

അല്ല ഇനി ഒരു പത്ത് പ്രാവശ്യമെങ്കിലും നമ്മള്‍ കാണാനിടയുണ്ട്.  അപ്പോള്‍ ഹലോ പറയാന്‍ പേരറിഞ്ഞിരിക്കുന്നത് നല്ലതല്ലേ.

ഞാനും അയാളുടെ കൂട്ടുകാരിയും പൊട്ടിച്ചിരിച്ചു.

വഴി തീരാറാകുന്നതിനും മുന്‍പുള്ള വളവിനടുത്ത് ഞാനിരുന്നു.  കയറി വന്ന വഴികളും, പാറക്കൂട്ടങ്ങളും ഒന്നു കൂടിക്കണ്ട്, തീരാറായല്ലോ എന്ന സങ്കടത്തില്‍ ഇരിക്കുമ്പോള്‍ ഒരു ഇരുപതുകാരന്‍ മുന്നില്‍ നിന്നു.

-You are almost there!

-I know, trying to soak it all up before returning.

ഞാന്‍ ന്യായം പറഞ്ഞു.

'ഓ, ഞാന്‍ വടക്കെ വിളുമ്പില്‍ നിന്നും നടത്തം തുടങ്ങിയതാണ്.  ഇന്നലെ രാത്രി പുഴയുടെ തീരത്ത് കിടന്നു.  ഇന്ന് രാവിലെ ഏഴുമണിക്ക് പുറപ്പെട്ടതാണ്.'

സുന്ദരനായ ആ ചെക്കന്റെ കണ്ണിലെ തിളക്കം നോക്കി ഞാനവനെ അഭിനന്ദിച്ചു.

ഇനി പോയി നല്ല തണുത്ത ഒരു ബിയര്‍ കുടിക്കണം. ഇതാഘോഷിക്കാന്‍.

തികച്ചും ന്യായമായ ആഗ്രഹം!  ആഘോഷിക്കൂ.   

ഈ നടവഴിയില്‍ എല്ലാവരും സുഹൃത്തുക്കളെപ്പോലെയാണ് പെരുമാറുന്നത്.  എല്ലാവരുടെയും ചുണ്ടില്‍ പുഞ്ചിരിയുണ്ട്.   മുഖത്ത് ഒരു പ്രകാശമുണ്ട്.   എന്റെ തലക്കു ചുറ്റും ഒരു halo ഉണ്ടായിരിക്കുമോ എന്ന് സംശയം തോന്നി.  എന്തായാലും ഹൃദയത്തിനകത്ത് ഒരു വലിയ പ്രകാശം കത്തി നില്‍പ്പുണ്ടായിരുന്നു.  അതിന്റെ ഒരു തെളിച്ചം ഇപ്പോഴുമുണ്ട്.   

ഹോപ്പി പോയന്റിലെ സൂര്യാസ്തമയം  
സൂര്യാസ്തമയം കാണാന്‍ പറ്റിയ സ്ഥലം ഹോപ്പി പോയന്റാണെന്ന് അന്വേഷണ ഓഫീസില്‍ നിന്നും അറിഞ്ഞിരുന്നു. അവിടെ സൂര്യോദയത്തിന്റെയും അസ്തമത്തിന്റെയും സമയങ്ങള്‍ എഴുതിവെച്ചിട്ടുണ്ട്. 5.45 നാണ് ഇന്നത്തെ സൂര്യാസ്തമയം.   നേരത്തെ തന്നെ എത്തി റിമ്മിനോടടുത്ത് കോളറാഡോ നദി കണ്ടുകൊണ്ട് സൂര്യാസ്തമയം കാണാന്‍ തയ്യാറായി. വലതു വശത്ത് ഉയര്‍ന്ന പര്‍വ്വതങ്ങള്‍ കാണാം. അതിനെ പിളര്‍ന്ന് നദി, നേര്‍ക്കുനേരെ സൂര്യന്‍. ചുറ്റും കുറെയാളുകളുണ്ട്. എല്ലാവര്‍ക്കും ഒരേ ലക്ഷ്യം. 

ചുറ്റും കുറെയാളുകളുണ്ട്. എല്ലാവര്‍ക്കും ഒരേ ലക്ഷ്യം.

നേര്‍ത്ത കാറ്റ് ചെറിയൊരു തണുപ്പു കൊണ്ടുവന്നു. ബാഗില്‍ നിന്നുമൊരു സ്വെറ്ററെടുത്തിട്ടു,  മുഖത്തേക്ക് വീണു ശല്യം ചെയ്തിരുന്ന മുടിയെ കൈത്തണ്ടയില്‍ കരുതിയിരുന്ന പോണിടെയില്‍ ഹോള്‍ഡറില്‍ തളച്ചു. അസ്തമയം കാണാനുള്ള ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.   

ഇടതു വശത്തെ പ്രായമായ ചൈനക്കാരായ ദമ്പതികള്‍ റിമ്മിനോട് വളരെ അടുത്താണിരിക്കുന്നത്. തൊട്ടടുത്തിരിക്കുന്ന മദാമ്മയും പറഞ്ഞു,  കണ്ടിട്ട് പേടിയാവുന്നു എന്ന്.  വലതു വശത്ത് താഴ്ചയിലേക്ക് കാലും തൂക്കിയിട്ടിരുന്നു തമാശപറഞ്ഞു ചിരിക്കുന്ന മൂന്നു ചെറുപ്പക്കാരും ഇടക്കൊക്കെ എന്റെ ശ്വാസോച്ഛ്വാസത്തെ തടസ്സപ്പെടുത്തി.

സൂര്യരശ്മികള്‍ക്ക് നിറംവെച്ചു തുടങ്ങി. എന്റെ കണ്ണു നിറയുന്നു. ഞാന്‍ പിന്നെയും താഴേക്കു നോക്കി.

I can fly, I can fly, I can fly

ഇപ്പോഴും ചങ്കില്‍ സങ്കടം നിറയുന്നതെന്തിനാണ്?
പറന്നു പറന്ന് താഴെ കൊളറാഡോ നദിയിലേക്ക്... ഇത്രയധികം സങ്കടം വന്നത് ജൂലൈയിലായിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ യാത്രാമൊഴി വീണ്ടും കേട്ടപ്പോള്‍.  ഇടറുന്ന ശബ്ദത്തില്‍ ഒപ്പം ചൊല്ലുമ്പോള്‍ കാനഡയിലേക്ക് കുടിയേറിയ കാലം എന്നില്‍ നിറഞ്ഞു കവിഞ്ഞു. അതിനെ  തടഞ്ഞു നിര്‍ത്താന്‍ കണ്ണുകളടച്ചു. പക്ഷെ അത് താഴേക്ക് ഒഴുകിക്കൊണ്ടിരുന്നു. കവിത ചൊല്ലുന്ന ജോണ്‍സണിന്റെ ശബ്ദത്തില്‍ മെസ്മരൈസ് ചെയ്തിരുന്ന ആരും അത് കാണാഞ്ഞത് ഭാഗ്യം. അതുപോലെ ഇപ്പോഴും ചങ്കില്‍ സങ്കടം നിറയുന്നതെന്തിനാണ്?

അവസാനത്തെ രശ്മിയും മലയ്ക്ക് പുറകിലായി. മലകള്‍ നിശ്ചലം നിന്നു. ഉറങ്ങാന്‍ നേരമായി കുട്ടീ എന്ന് പറഞ്ഞ്.

തിരിച്ചു പോകാനാവാതെ ഞാനവിടെത്തന്നെയിരുന്നു.  സമയം 5:50

മരങ്ങള്‍ പറഞ്ഞു: ഉറങ്ങണം

നദി പറഞ്ഞു: ഉറങ്ങണം

മലകളും പറഞ്ഞു: ഉറങ്ങണം

കണ്ണില്‍ അപ്പോഴും സമുദ്രം കവിയുന്നുണ്ട്.

ഞാനെന്തു ചെയ്യും.  എങ്ങനെ ഇവിടെ നിന്നും പോവും?

പര്‍വ്വത ശിഖരങ്ങള്‍ മൗനത്തോടെ കണ്ണടച്ചു.  മരങ്ങളും  മനുഷ്യരും കറുത്ത നിഴലുകളായി.  

പര്‍വ്വത ശിഖരങ്ങള്‍ മൗനത്തോടെ കണ്ണടച്ചു.  മരങ്ങളും  മനുഷ്യരും കറുത്ത നിഴലുകളായി.  

കാറില്‍ കയറി ഷൂസും സോക്‌സും ഊരി മാറ്റി പാദം തൊട്ടു നന്ദി പറഞ്ഞു. 

എത്രകാതം നടന്ന പാദങ്ങളാണ്. 

എത്ര സങ്കടങ്ങളില്‍ സന്തോഷങ്ങളില്‍ അഭിമാനത്തില്‍ ഒപ്പം നിന്നവ.

I'm alive, I'm alive, I'm alive
Whatever doesn't kill you, only makes you stronger...

(അവസാന ഭാഗം നാളെ)
 

ആദ്യ ഭാഗം: ഈ മലകയറിയവരാരും മടങ്ങിവന്നിട്ടില്ല!
രണ്ടാം ഭാഗം: ഇതൊരു സമുദ്രമായിരുന്നു;  തീരമാകെ ദിനോസറുകളും!

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

യുപിയിൽ ഭർത്താവിനെ കുടുക്കാൻ കാമുകനുമായി ചേർന്ന് ഥാറിൽ ബീഫ് വച്ചു, പിന്നാലെ പോലീസിനെ വിളിച്ച് ഭാര്യ
ഒന്നിച്ച് റോബ്ലോക്സ് കളിച്ചു, പിന്നാലെ 26 -കാരി ജർമ്മൻ ഡോക്ടർ, 22 -കാരൻ പാക് കാമുകനെ വിവാഹം കഴിക്കാൻ പറന്നു