സൗദിയെ യുദ്ധമുഖത്തെത്തിച്ച ഹൂതികളുടെ ഇടപെടൽ, അറേബ്യൻ പെനിൻസുല എന്ന 'യുദ്ധമുനമ്പ്'

Published : Oct 20, 2026, 12:50 PM IST
Houthis attack saudi

Synopsis

മെക്കാ ധാരണ പരാജയപ്പെട്ടതോടെ സൗദി അറേബ്യയെ ലക്ഷ്യമാക്കി ഹൂതികൾ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. സാമ്പത്തിക രംഗത്തെ തകർക്കാനും മേഖലയിൽ ആധിപത്യം സ്ഥാപിക്കാനുമുള്ള ഹൂതികളുടെ നീക്കം സൗദിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഗൾഫ് രാജ്യങ്ങൾ ഒന്നിച്ചുനിന്നാൽ മാത്രമേ ഈ വെല്ലുവിളി നേരിടാൻ സാധിക്കൂ എന്നാണ് വിലയിരുത്തൽ.

സൗദിയും പാകിസ്ഥാനും തുർക്കിയും ഒപ്പിട്ട മെക്കാ ധാരണ സൗദിക്ക് ഉദ്ദേശിച്ച പ്രയോജനം ചെയ്തില്ല. അടുത്തിടെ തുർക്കി പിന്തുണ വാഗ്ദാനം ചെയ്തുവെന്നുമാത്രം. പാകിസ്ഥാന്‍റെ പ്രതികരണം പലപ്പോഴും പരസ്പര വിരുദ്ധവുമാണ്. ധാരണയനുസരിച്ച് നീങ്ങുമോയെന്ന ചോദ്യത്തിന് ചർച്ചയൊന്നും നടന്നിട്ടില്ലെന്നാണ് ഉത്തരം നൽകിയത്. പക്ഷേ, അതേസമയം തന്നെ ഹൂതികളെ നിയന്ത്രിക്കണമെന്ന് ഇറാന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. കാര്യമെന്തായാലും ഹൂതികൾക്ക് ഒരു വെടിക്ക് മൂന്നാണ് പക്ഷികൾ. സ്വന്തം ശത്രുത, ഇറാനെ സഹായിക്കൽ, ട്രംപിനെ സമ്മർദ്ദപ്പെടുത്തൽ.

സൗദിയെ യുദ്ധമുഖതെത്തിച്ച് ഹൂതികൾ

എണ്ണയെ മാത്രം ആശ്രയിക്കുന്ന സമ്പദ്‍വ്യവസ്ഥ എന്ന രീതി തന്നെ മാറ്റുകയാണ് സൗദിയുടെ ലക്ഷ്യം. ഹോർമൂസിനെ ആശ്രയിക്കാതെ മുന്നോട്ടുപോകാൻ പൈപ്പ്ലൈനും നിർമ്മിച്ചു. പക്ഷേ, അതും ഹൂതികൾ ലക്ഷ്യമിട്ടു. ഇറാൻ സംഘർഷത്തിൽ നിന്ന് അകലം പാലിച്ച സൗദി അറേബ്യയെ ഹൂതികൾ അതിന്‍റെ നടുവിലെത്തിച്ചു. അത് ഇറാന് വേണ്ടിയോ സമ്മർദ്ദ തന്ത്രമായോ മാത്രമല്ല, സ്വന്തം കാര്യങ്ങൾ നേടിയെടുക്കാനുകൂടിയാണ്. യെമന് മേലുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുക. യെമനിലെ ഹൂതി വിരുദ്ധ സംഘങ്ങൾക്ക് സൗദിയും യുഎഇയും നൽകുന്ന പിന്തുണ അവസാനിപ്പിക്കണം. പക്ഷേ, യെമന് മേൽ ആധിപത്യം സ്ഥാപിക്കാനുള്ള ഹൂതികളുടെ ശ്രമം ഇതുവരെ ഫലം കണ്ടിട്ടില്ല. വ‍ർഷങ്ങളായി അടഞ്ഞുകിടന്ന സനാ വിമാനത്താവളം തുറക്കാൻ ഹൂതികൾ ശ്രമിച്ചിരുന്നു. സൗദിയുടെ ആക്രമണത്തോടെ അത് വീണ്ടും നിശ്ചലമായി. തുടർച്ചയായുള്ള ആക്രമണങ്ങളോടെ സൗദിയെ ചർച്ചയ്ക്ക് സമ്മതിപ്പിക്കാം എന്നാവാം ഹൂതികളുടെ പ്രതീക്ഷ.

(അഭ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ആക്രമണം)

സൗദി നേരിടുന്ന പ്രതിസന്ധി

സൗദി നേരിടുന്ന പ്രതിസന്ധിയും ചെറുതല്ല. ഹൂതികളുമായി യുദ്ധം തുടർന്നാൽ മേഖല തന്നെ അസ്ഥിരമാകും, സമ്പദ്‍രംഗത്തിന് വെല്ലുവിളിയാകും. സമാധാന ചർച്ചക്കൊരുങ്ങിയാൽ ഇത്രയും നാൾ എതിർത്തതെല്ലാം അംഗീകരിക്കുന്നതുപോലെയാകും. യെമനിൽ സംഘർഷം രൂക്ഷമാകും.

യെമനിലെ മാത്രമല്ല, മേഖലയിലെ തന്നെ ആധിപത്യമാണ് ഹൂതികൾ ലക്ഷ്യമിടുന്നതെന്ന് ഭയക്കുന്നവരുണ്ട്. അതിന്‍റെ ഭാഗമാണ് ചെങ്കടൽ തീരങ്ങൾ പിടിച്ചെടുക്കാനുള്ള ശ്രമമെന്നാണ് വ്യാഖ്യാനം. അങ്ങനെയെങ്കിൽ സൗദി അവരെ അംഗീകരിക്കുന്നതോടെ യുദ്ധം പടർന്നുപിടിക്കും.

പരാജയപ്പെട്ട ധാരണകൾ

2023 -ൽ സൗദിയും യെമനുമായുള്ള യുദ്ധം അവസാനിച്ചത് യുഎൻ മധ്യസ്ഥതയിലാണ്. അന്ന് ചില ധാരണകളുണ്ടായിരുന്നു. ഹൂതികൾക്ക് രാഷ്ട്രീയ നിയമസാധുത കിട്ടാൻ സഹായിക്കുക, എണ്ണകയറ്റുമതി പുനരാരംഭിക്കുക, സനാ, ഹുദൈദ വിമാനത്താവളങ്ങൾ തുറക്കുക, രാജ്യപുനഃർനിർമ്മാണ ഫണ്ട് നൽകുക, ഇതൊക്കെ അതിൽ പെടുന്നതായിരുന്നു. അതെല്ലാം നിലച്ചു. ഹമാസ് - ഇസ്രയേൽ യുദ്ധകാലത്തുതന്നെ തുടങ്ങിയ ചെങ്കടൽ ആക്രമണങ്ങളും ഇറാനോട് ഹൂതികൾ കൂടുതൽ അടുത്തതും ധാരണയ്ക്ക് വിരുദ്ധമായി. തെക്കൻ യെമനിലെ രാഷ്ട്രീയസംഘടനകളും ഗോത്ര സംഘടനകളും ഹൂതികളുമായി വരുമാനം പങ്കുവയ്ക്കുന്നതടക്കം സമ്മതിച്ചിട്ടുമില്ല.

(പാചക വാതകത്തിനായി ക്യൂ നിൽക്കുന്ന യെമനികൾ)

സൗദിയെ സഹായിക്കാനായാലും ഹൂതികളെ നേരിട്ട് ആക്രമിക്കുന്നതിന് അമേരിക്ക വിസ്സമ്മതിച്ചിരുന്നു. തൽകാലം യെമനിൽ ആഭ്യന്തര യുദ്ധവും രൂക്ഷമാണ്. ഹൂതികളിൽ നിന്ന് യെമനിലെ പ്രദേശങ്ങളും ചെങ്കടൽ തീരങ്ങളും പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സൗദിയുടെ പിന്തുണയുള്ള യെമനിയൻ സർക്കാർ സൈന്യം. ഗൾഫ് രാജ്യങ്ങൾ മുഴുവൻ ഒന്നിച്ചുനിന്നാലെ ഹൂതികളെ തോൽപ്പിക്കാൻ പറ്റൂ, അതുടനെ വേണമെന്ന് ഒരു വിഭാഗം വാദിക്കുന്നു. അതിന് സൗദി - യുഎഇ ബന്ധം മെച്ചപ്പെടണം. ശ്രമം നടക്കുന്നുവെന്നാണ് റിപ്പോർട്ട്. യുഎഇയെ ഹൂതികൾ ലക്ഷ്യമിട്ടിട്ടില്ല അടുത്ത കാലത്തൊന്നും.

PREV
Read more Articles on
click me!

Recommended Stories

സാറ്റ്ലൈറ്റ് സേവനം പിൻവലിച്ച് ട്രംപ്, യുദ്ധമുഖത്ത് യുക്രെയ്ൻ ഒറ്റപ്പെടുമ്പോൾ റഷ്യയുമായി ഡീസൽ കരാറും ഒപ്പിട്ടു!
സ്കൂളില്ല, അധ്യാപകരില്ല! ഫ്രാൻസിൽ വിദ്യാർത്ഥി പ്രതിഷേധം, വേട്ടയ്ക്കിറങ്ങി പോലീസ് ഒടുവിൽ, സമയം ചോദിച്ച് സർക്കാർ