രാജ്യങ്ങളെ വിലയ്ക്ക് വാങ്ങാന്‍ ട്രംപ്; ഗ്രീന്‍ലന്‍ഡിൽ സുരക്ഷയോ ഖനനാധികാരമോ പ്രശ്നം?

Published : Jan 17, 2025, 04:17 PM ISTUpdated : Jan 17, 2025, 04:20 PM IST
രാജ്യങ്ങളെ വിലയ്ക്ക് വാങ്ങാന്‍ ട്രംപ്; ഗ്രീന്‍ലന്‍ഡിൽ സുരക്ഷയോ ഖനനാധികാരമോ പ്രശ്നം?

Synopsis

രണ്ടാം തവണ അധികാരമേല്‍ക്കുമ്പോൾ ട്രംപിന് പല പദ്ധതികളാണ്. ഗ്രീന്‍ലന്‍ഡ്, കാനഡ എല്ലാം വാങ്ങിക്കൂട്ടണം. സുരക്ഷാ പ്രശ്നമാണ് ഉന്നയിക്കുന്നത്. പക്ഷേ, കണ്ണ് പ്രകൃതി സ്രോതസുകളിലാണ്.  വായിക്കാം ലോകജാലകം

മേരിക്കൻ നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഗ്രീൻലൻഡിൽ കണ്ണുവച്ചു. വാങ്ങിയേക്കാം, സുരക്ഷയാണ് കാരണം എന്നും പറയുന്നു. പക്ഷേ, ഗ്രീൻലന്‍റിലെ പ്രകൃതി സ്രോതസാണ് ശരിയായ കാരണമെന്ന് വ്യക്തം. വേണ്ടിവന്നാൽ സൈനിക നടപടി വരെ ആകാമെന്നാണ് ട്രംപിന്‍റെ നിലപാട്. ഗ്രീൻലൻഡ് മാത്രമല്ല, കാനഡയും വേണം. പാനമ കനാലിന്‍റെ നിയന്ത്രണവും. സാമ്പത്തിക സുരക്ഷക്ക് അതാവശ്യമെന്നാണ് വാദം.

ഡെൻമാർക്കിന് കീഴിലുള്ള സ്വയംഭരണ പ്രദേശമാണ് ഗ്രീൻലൻഡ്. പേര് 'ഗ്രീൻലൻഡ്' എന്നാണെങ്കിലും പച്ചപ്പ് കുറവാണ്. എൺപത് ശതമാനം മഞ്ഞുപാളി കൊണ്ട് മൂടിയിരിക്കുന്നു. ജനസംഖ്യ 60,000 -ത്തിൽ താഴെ.

പിന്നെയെന്തിന് അമേരിക്ക ഈ കുഞ്ഞൻരാജ്യം വാങ്ങാനാലോചിക്കുന്നു?

ഗ്രീൻലൻഡിന്‍റെ സ്ഥാനമാണ് ഒരു കാരണം. ആർട്ടിക് സമുദ്രം വഴിയുള്ള ദൂരം കുറഞ്ഞ കപ്പൽപാതയിലാണ് ഗ്രീൻലൻഡ്. രാജ്യത്തിന്‍റെ വടക്കുപടിഞ്ഞാറുള്ള പിറ്റുഫിക്ക് സ്പേസ് ബേസിൽ (Pituffik Space Base) അമേരിക്കയ്ക്ക്  സ്ഥിരം വ്യോമസേനാ ആസ്ഥാനവും മിസൈൽ മുന്നറിയിപ്പ് സംവിധാനവുമുണ്ട്. ആ സംവിധാനത്തിന് റഷ്യയിലേക്ക് ആയിരക്കണക്കിന് മൈലുകൾ നീരിക്ഷിക്കാൻ കഴിയും. അത് അമേരിക്കയുടെ പ്രതിരോധ, സൈനിക താൽപര്യത്തിന്‍റെ ഭാഗം. ഇനിയുമുണ്ട്.

പ്രകൃതി സ്രോതസുകള്‍

രാജ്യം അക്കാര്യത്തിൽ സമ്പന്നമാണ്. ഇരുമ്പയിര്, വജ്രം, സ്വർണം, അപൂർവ ധാതുക്കൾ ഇതൊക്കെ ധാരാളം. 80 ശതമാനവും മഞ്ഞുമൂടിയത് കൊണ്ട് ഇതൊന്നും ആരും കുഴിച്ചെടുത്തിട്ടില്ല. ഇപ്പോൾ പക്ഷേ, ഗ്രീൻലൻഡിലെ മഞ്ഞുപാളി ഉരുകിത്തുടങ്ങിയിരിക്കുന്നു. നാസയുടെ നിരീക്ഷണത്തിൽ ഇന്നുവരെ ഇത്രയും കൂടിയ തോതിൽ മഞ്ഞുരുകിയിട്ടില്ല. അപ്പോൾ ഖനനം എളുപ്പമാകും എന്നർത്ഥം.

ട്രൂഡോയുടെ രാജി, കുടിയേറ്റം തടയാന്‍ പിയറിയുടെ പ്രതിപക്ഷം; കാനഡയില്‍ സംഭവിക്കുന്നതെന്ത് ?

അല്പം ചരിത്രം

ഇനി ചരിത്രത്തിലേക്കാണ്. ആദ്യമായല്ല അമേരിക്ക ഗ്രീൻലൻഡ് വാങ്ങാന്‍ ആലോചിക്കുന്നത്. 1946 -ൽ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജെയിംസ് ബൈറൺസ് (James F. Byrnes) ഡാനിഷ് വിദേശകാര്യമന്ത്രിയോട് ഇക്കാര്യം സൂചിപ്പിച്ചുവെന്ന് ഡാനിഷ് ചരിത്രകാരൻമാർ പറയുന്നു. അന്ന് ഹാരി ട്രൂമാൻ (Harry Truman) ആയിരുന്നു അമേരിക്കൻ പ്രസിഡന്‍റ്. അതിനും നൂറോളം വർഷങ്ങൾക്ക് മുമ്പ് അന്നത്തെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി വില്യം സെവാർഡും (William Seward)ഗ്രീൻലൻഡ് വാങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു.

വാങ്ങിക്കൂട്ടിയ രാജ്യം

അമേരിക്ക ഇതിന് മുമ്പും ഇത്തരം വാങ്ങലുകൾ നടത്തിയിട്ടുണ്ട്. 1867 -ൽ വാങ്ങിയത്  അലാസ്ക (Alaska). 1867 -ൽ റഷ്യയിൽ നിന്ന് 72 ലക്ഷം ഡോളറിനാണ് അലാസ്ക വാങ്ങിയത്. നേരത്തെ പറഞ്ഞ വില്യം സെവാർഡ് ആയിരുന്നു അതിന് പിന്നിൽ. സെവാർഡിന് 'പറ്റിയ അബദ്ധം' എന്നാണ് ചരിത്ര പുസ്തകങ്ങളിലെ കളിയാക്കൽ.

1898 -ൽ ഫിലിപ്പീൻ ദ്വീപുകളിൽ ആധിപത്യം സ്ഥാപിച്ചു. അതിന് 2 കോടി സ്പെയിനിന് നൽകിയെന്നാണ് രേഖകൾ. യുദ്ധത്തിൽ സ്പെയിനിനെ പരാജയപ്പെടുത്തിയ ശേഷമായിരുന്നു ഈ കൈമാറ്റം. 1917 -ൽ ഡെൻമാർക്കിന്  25 കോടി നൽകി വിർജിൻ ഐലന്‍റുകൾ (Virgin Islands) സ്വന്തമാക്കി. ഒന്നാം ലോക മഹായുദ്ധ കാലത്ത് സൈനിക നിരീക്ഷണം മെച്ചപ്പെടുത്താനായിരുന്നു ഈ കൈമാറ്റം, പക്ഷേ, ഏറ്റവുമാദ്യം നടന്ന സ്ഥലം കൈമാറ്റം 1803 -ലാണ്. ഫ്രാൻസിൽ നിന്ന് അന്ന് വാങ്ങിയത് ലൂസിയാന (Louisiana) ആണ്. വില നൽകിയത് 15 കോടി. ഇന്ന് അമേരിക്കൻ ഭൂപ്രദേശത്തിന്‍റെ 23 ശതമാനം വരും ലൂസിയാന.

അതുപോലെ സ്പെയിനിന്‍റെ കൈയിൽ നിന്ന് ഫ്ലോറിഡ (Florida), മെക്സിക്കോയിൽ നിന്ന്  ടെക്സസ്(Texas), ഇന്നത്തെ കാലിഫോർണിയ (California), ബ്രിട്ടനിൽ നിന്ന് ഒറിഗോൺ (Oregon), വാഷിംഗ്ടൺ (Washington),  ഇങ്ങനെ പലതും വാങ്ങിക്കൂട്ടിയിട്ടുണ്ട് അമേരിക്ക. ജനാധിപത്യമൂല്യങ്ങളിൽ അധിഷ്ഠിതം എന്നാണ് പ്രഖ്യാപനമെങ്കിലും 'പിടിച്ചടക്കലുകൾ' ഒരു നയമായിരുന്നു എന്ന് ചുരുക്കം.

സാന്‍റ് അന കുന്നുകളിലെ 'ചെകുത്താന്‍ കാറ്റും' ലോസ് ഏഞ്ചൽസിലെ കാട്ടുതീയും

ട്രംപിന്‍റെ ആഗ്രഹം

ട്രംപിന്‍റെ മുൻഭരണ കാലത്തെ ആഗ്രഹം ഡെൻമാർക്ക് തള്ളിക്കളഞ്ഞിരുന്നു. ഇത്തവണ പുതിയ നിരീക്ഷണ കപ്പലുകൾ വാങ്ങാനും പട്രോളിംഗ് കൂട്ടാനും ആലോചിക്കയാണ് രാജ്യം. വിമാനത്താവള വികസനവും ആലോചിക്കുന്നു. അതും യുദ്ധ വിമാനങ്ങൾക്ക് വേണ്ടി. 400 മില്യൻ ഡോളർ (3,459 കോടി രുപ) മാറ്റിയും വച്ചു. ആർട്ടിക് നോർത്ത് അറ്റ്‍ലാന്‍റിക് സമുദ്ര നിരീക്ഷണത്തിനും വിവരശേഖരണത്തിനും ഡ്രോണുകൾ ഉപയോഗിക്കാനാണ് തീരുമാനം. കഴിഞ്ഞ വർഷം തന്നെ 26 ബില്യൻ ഡോളർ (2,24,846 ലക്ഷം കോടി) 10 വർഷത്തെ സൈനികാവശ്യങ്ങൾക്കായി മാറ്റിവച്ചിരുന്നു. ഫണ്ട് വിനിയോഗ ചർച്ചകൾ ഇപ്പോഴാണ് തുടങ്ങിയതെന്ന് മാത്രം. തങ്ങളുടെ സൈനിക ശക്തിപ്പെടുത്തലിനെ കുറിച്ച് ട്രംപിനെ അറിയിക്കാൻ അവസരം കാത്തിരിക്കുന്നുവെന്നും പറഞ്ഞു, ഡെൻമാർക്ക് വിദേശകാര്യമന്ത്രി.

ഡെൻമാർക്കിന്‍റെ അധീനതയിലെ സ്വയംഭരണ പ്രദേശമാണെങ്കിലും പരിമിതമായ സൈനിക വിന്യാസമേ ഗ്രീൻലൻഡിൽ നടത്തിയിട്ടുള്ളൂ. പഴയ രീതിയിലെ നായകൾ വലിക്കുന്ന സ്ലെഡ് പട്രോളുകളാണ് ഇപ്പോഴും. അതും ഫ്രാൻസിന്‍റെ നാലിരട്ടിയുള്ള പ്രദേശത്തിന് ആകെയുള്ളത് 12 പട്രോൾ സംഘങ്ങൾ. പിന്നെ ഒരു നിരീക്ഷണ വിമാനവും. ഇനി അതൊക്കെ മാറാൻ പോകുന്നു എന്നാണ് ഡെൻമാർക്കിന്‍റെ പ്രഖ്യാപനം.

ഗ്രീൻലൻഡിന്‍റെ കാര്യങ്ങൾ നാട്ടുകാർ തിരുമാനിക്കും എന്നറിയിക്കുമ്പോഴും സംഘർഷത്തിന് താൽപര്യമില്ല ഡെൻമാർക്കിന്. ആദ്യത്തെ ഭരണകാലത്തെ ട്രംപിന്‍റെ പ്രഖ്യാപനം തള്ളിക്കളഞ്ഞത് ഡെൻമാർക്കിന് തന്നെ തിരി‍ച്ചടിയായിരുന്നു. അതുമാത്രമല്ല, ഗ്രീൻലൻഡ്, ഡെൻമാർക്കിനെ സംബന്ധിച്ച് ഒരു തൊട്ടാൽ പൊള്ളുന്ന വിഷയമാണ്. 1950 -കളിലെ ഒരു പരീക്ഷണത്തിന് അടുത്ത കാലത്താണ് ഡെൻമാർക്ക് മാപ്പ് പറഞ്ഞത്. ഗ്രീൻലൻഡിലെ തദ്ദേശീയരായ ഇൻയൂട്ട് (Inuit) കുട്ടികളെ അച്ഛനമ്മമാരിൽ നിന്ന് അകറ്റി, ഡാനിഷുകാരാക്കാൻ ഡെൻമാർക്ക് ശ്രമിച്ചു. കൊളോണിയലിസത്തിന്‍റെ ചങ്ങലകളിൽ നിന്ന് മുക്തരാകണം എന്ന് ഗ്രീൻലൻഡ് നേതാവ് പ്രഖ്യാപിച്ചതും അടുത്ത കാലത്താണ്. ഇൻയൂട്ടുകളിലെ യുവതലമുറ തങ്ങളുടെ സംസ്കാരത്തിലും ചരിത്രത്തിലും കൂടുതൽ തൽപരരാവുന്നു എന്ന വസ്തുതയാണ് നേതാവ് ലക്ഷ്യമിട്ടത്. സ്വാതന്ത്ര്യത്തിനായി ഒരഭിപ്രായ വോട്ടെടുപ്പ് പ്രതീക്ഷിക്കുന്നു പലരും. പക്ഷേ, ട്രംപിന്‍റെ സൈനിക ഇടപെടൽ ഭീഷണിയിൽ അവരും ഒന്നുലഞ്ഞിട്ടുണ്ട്. ഡെൻമാർക്കിന്‍റെ നയം മിതത്വമാണെങ്കിലും  ജർമ്മനിയും ഫ്രാൻസും ട്രംപിന് ശക്തമായ മുന്നറിയിപ്പാണ് നൽകിയത്. അത് സൂചിപ്പിക്കുന്നത് യൂറോപ്പിന്‍റെ ആകെ ആശങ്കയാണ് താനും.

യുക്രൈയ്ന്‍ യുദ്ധത്തിൽ നിലച്ച് പോയ എണ്ണ ഒഴുക്ക്; നഷ്ടം റഷ്യയ്ക്ക്, ലാഭം ആര്‍ക്ക്?

നിലച്ച് പോയതും വിലങ്ങ് തടികളും

പക്ഷേ, ട്രംപ് ഗ്രീൻലൻഡിലെ ധാതുശേഖരം ലക്ഷ്യമിടുന്നെങ്കിലും ആർട്ടിക് മേഖലയിലെ ഖനനവും വികസനവും തൽകാലം നിന്നിരിക്കയാണ്. റഷ്യയുടെ യുക്രൈയ്ൻ അധിനിവേശത്തിന് ശേഷം. റഷ്യയ്ക്കായിരുന്നു വമ്പൻ പദ്ധതികൾ. എല്ലാം നിലച്ചു. താൽകാലികമായിട്ടാവണം. അതിനിടെയാണ് ട്രംപിന്‍റെ പ്രയാണം.

ഇതിനിടെ, പ്രസിഡന്‍റ് ജോ ബൈഡൻ അമേരിക്കൻ തീരങ്ങളിൽ പുതിയ ഖനനം നിരോധിച്ചു. അറ്റ്‍ലാന്‍റിക് തീരവും മെക്സിക്കൻ കടലിടുക്കും ഇതിൽ പെടും. താൻ അധികാരമേൽക്കുന്ന നിമിഷം നിരോധനം നീക്കുമെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം. ഫോസിൽ ഇന്ധനങ്ങളുടെ ഉത്പാദനം കെട്ടഴിച്ചുവിടുമെന്ന് പ്രചാരണ കാലത്ത് തന്നെ ട്രംപ് പറഞ്ഞിരുന്നു. കാലാവസ്ഥാ വ്യതിയാനമോ ആഗോളതാപനമോ അംഗീകരിക്കുന്നില്ല, നിയുക്ത പ്രസിഡന്‍റ്. അതൊക്കെ വെറും കെട്ടുകഥ, ഗൂഢാലോചനക്കഥ എന്നാണ് ട്രപ്.

പക്ഷേ, ട്രംപിന് നിരോധനം പിൻവലിക്കാൻ എളുപ്പമല്ല. കാരണം, ബൈഡൻ നിരോധനം ഏർപ്പെടുത്തിയത് 1953 -ലെ ഔട്ടർ കോണ്ടിനെന്‍റൽ ഷെൽഫ് ലാൻഡ്സ് ആക്റ്റ് (uter Continental Shelf Lands Act) പ്രകാരമാണ്. ധാതുഖനനവും പാട്ടത്തിന് കൊടുക്കലും ചില പ്രദേശങ്ങളിൽ നിർത്തലാക്കാൻ പ്രസിഡന്‍റുമാർക്ക് അധികാരം നൽകുന്ന ചട്ടം. പക്ഷേ, തീരങ്ങളിലെ എണ്ണഖനനം അവസാനിപ്പിക്കാൻ അനുവാദമില്ല താനും. അതാണ് ബൈഡൻ പുതിയ ഖനനം മാത്രം നിരോധിച്ചത്. നിരോധനം പിൻവലിക്കണമെങ്കിൽ കോൺഗ്രസിന്‍റെ അനുവാദം വേണം. റിപബ്ലിക്കൻ നിയന്ത്രണത്തിലാണ് കോൺഗ്രസെന്നത് അനുകൂലമാണെങ്കിലും. ബാക്കിയെല്ലാ സ്ഥലത്തും 'കുഴിക്കൂ, കുഴിക്കൂ' എന്ന് പറയുന്നെങ്കിലും ഫ്ലോറിഡ തീരത്ത് ട്രംപും ഖനനം നിരോധിച്ചിരുന്നു. 2020 -ലെ വോട്ടുകൾ ലക്ഷ്യമിട്ടായിരുന്നു അത്. 2032 -ൽ അതിന്‍റെ കാലപരിധി കഴിയും. പക്ഷേ, ബൈഡന്‍റെ നിരോധനത്തിന് കാലപരിധിയില്ല. അത് ഫ്ലോറിഡ തീരത്തെയും ബാധിക്കും. ട്രംപിന് മറ്റൊരു വെല്ലുവിളി.

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്