കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചു. പെട്ടെന്നായിരുന്നില്ല രാജി. ക്രമാനുഗതമായ പ്രശ്നങ്ങളാണ് നേരിട്ടത്. ലാവ്ലിന്‍ മുതല്‍ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണ നഷ്ടപ്പെടുന്നത് വരെയുള്ള പ്രശ്നങ്ങള്‍. അപ്പുറത്ത് പിയറി പൊയിലീവ്രെ പിടിമുറുക്കുകയാണ്. അതും കുടിയേറ്റനയം മാറ്റുമെന്ന് പ്രഖ്യാപിച്ച് കൊണ്ട് തന്നെ. വായിക്കാം ലോകജാലകം  


കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജി പ്രതീക്ഷിച്ചതാണ്. ട്രൂഡോയ്ക്ക് വേറെ വഴിയില്ലായിരുന്നു. 'ആഭ്യന്തര പ്രശ്നങ്ങൾ' എന്ന കാരണം പറഞ്ഞാണ് ട്രൂഡോ രാജിവച്ചത്. 9 വർഷത്തെ ഭരണം അങ്ങനെ അവസാനിച്ചു. ഇന്ത്യയുമായുള്ള ബന്ധം ഒരുപാട് വഷളായത് ട്രൂഡോയുടെ ഭരണ കാലത്ത്. എന്ന് വച്ച് ഇനി വരുന്ന ഭരണാധികാരിയുടെ കാലത്ത് അത് മെച്ചപ്പെടും എന്നർത്ഥമില്ല. കാരണം, സിഖ് രാഷ്ട്രീയ കക്ഷിയുടെ പിന്തുണ സർക്കാരുകൾക്ക് ഉപേക്ഷിക്കാൻ പറ്റില്ല എന്നത് തന്നെ.

ലിബറൽ പാർട്ടി നേതൃസ്ഥാനവും ട്രൂഡോ രാജിവച്ചു. പുതിയ നേതാവ് വരുന്നതുവരെ സ്ഥാനങ്ങളിൽ തുടരുമെന്ന് മാത്രം. മാർച്ച് 24 വരെ പാർലമെന്‍റ് നടപടികൾ സസ്പെൻഡ് ചെയ്തു. ട്രൂഡോയുടെ ജനപ്രീതി ഇടിഞ്ഞു കൊണ്ടേയിരിക്കയാണ്. അത് വരുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയെ കൂടി ബാധിക്കുമെന്ന് കണ്ടാണ് പാർട്ടിയിൽ നിന്ന് തന്നെ രാജിസമ്മർദ്ദം കൂടിയത്.

എസ്എൻസി ലാവ്ലിന്‍ കേസ്

9 വർഷം മുമ്പ് ട്രൂഡോ ഭരണത്തിലേറിയത് യുവത്വത്തിന്‍റെ മുഖമായാണ്, പ്രതീക്ഷയുടേയും. പക്ഷേ, അഴിമതി കഥകൾ വളരെ വേഗം പിടിമുറുക്കി. എസ്എന്‍സി ലാവ്ലിന്‍ (SNC Lavalin) ആയിരുന്നു ഒന്ന്. എസ്എന്‍സി ലാവ്ലിന്‍, ലോകത്തെ തന്നെ വലിയ നിർമ്മാണക്കമ്പനികളിൽ ഒന്ന്, കാനഡയിൽ 9,000 പേർക്ക് ജോലി നൽകുന്ന സ്ഥാപനം. ലിബിയയിലെ കരാറുകൾ കിട്ടാൻ വേണ്ടി ഗദ്ദാഫി സർക്കാരിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി എന്നാണ് കേസ്.

(ജസ്റ്റിന്‍ ട്രൂഡോ)

യുക്രൈയ്ന്‍ യുദ്ധത്തിൽ നിലച്ച് പോയ എണ്ണ ഒഴുക്ക്; നഷ്ടം റഷ്യയ്ക്ക്, ലാഭം ആര്‍ക്ക്?

ക്രിമിനൽ മാനങ്ങളുള്ള കേസിലെ പ്രോസിക്യൂഷനിൽ നിന്ന് രക്ഷപ്പെടാൻ കമ്പനി, ധാരണക്ക് ശ്രമിച്ചു. പകരം, പിഴയോ മറ്റ് ശിക്ഷകളോ ആവാമെന്നും. പ്രോസിക്യൂട്ട് ചെയ്യപ്പെട്ടാൽ ഫെഡറൽ കരാറുകളിൽ പങ്കെടുക്കാൻ കഴിയില്ല. ഉളളത് റദ്ദാകുകയും ചെയ്യും. വിചാരണ ഒഴിവാക്കണമെന്ന് എസ്എന്‍സി ലാവ്ലിന്‍ ആവശ്യപ്പെട്ടു. അതിന് സമ്മതിക്കാൻ ട്രൂഡോയും സംഘവും തന്നെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നാരോപിച്ചത് അന്നത്തെ നീതിന്യായ വകുപ്പ് മന്ത്രി. വിസമ്മതിച്ച ജോഡി വിൽസൺ റെയ്ബോൾഡിനെ (Jody Wilson-Raybould) നീതിന്യായ വകുപ്പ് മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ നീക്കി. ആരോപണങ്ങളെല്ലാം ശരിയെന്ന് അന്വേഷണക്കമ്മീഷൻ കണ്ടെത്തി. രാജ്യത്തിന്‍റെ സാമ്പത്തിക താൽപര്യങ്ങൾക്ക് വേണ്ടിയാണ് താൻ പ്രവർത്തിച്ചതെന്ന് ട്രൂഡോയും വാദിച്ചു.

ആഡംബര യാത്രകൾ

ബഹാമാസ് ആഡംബര യാത്രകളായിരുന്നു അടുത്ത ആരോപണം. ട്രൂഡോയും കുടുംബവും പാർട്ടിയിലെ ചില മുതിർന്ന അംഗങ്ങളും ഷിയാ പുരോഹിതനായ ആഗാ ഖാന്‍റെ (Aga Khan) ബഹാമാസിലുള്ള ദ്വീപിൽ അവധിക്കാലം ആഘോഷിച്ചു എന്ന ആരോപണവും സത്യമെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. അതിലൊന്നും തീർന്നില്ല. കുടുംബുമായി ബന്ധമുള്ള ചാരിറ്റി സംഘടനയ്ക്ക് സർക്കാർ പദ്ധതി അനുവദിച്ചു എന്നായി അടുത്തത്.

എല്ലാംകൂടി 2019 -ലെ തെരഞ്ഞെടുപ്പിൽ ട്രൂഡോയുടെ പാർട്ടിക്ക് കനത്ത തിരിച്ചടിയേറ്റു. ന്യൂനപക്ഷ സർക്കാരായി. 2021 -ൽ ഇടക്കാലതെരഞ്ഞെടുപ്പിലും പ്രകടനം മോശമായിരുന്നു. ജീവിതച്ചെലവ് കൂടിയും നാണ്യപ്പെരുപ്പവും കാരണം സാധാരണക്കാരും ട്രൂഡോയെ പഴിച്ചു. ജനപ്രീതി കുത്തനെ ഇടിഞ്ഞു. സ്വന്തം പാർട്ടിയിലും എതിർപ്പുകളായി.

(ജഗ്മീത് സിംഗ്)

വീടിന് പുറത്ത് പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്യാൻ പോലീസ്, പറ്റില്ലെന്ന് പട്ടാളം; വടക്കന്‍ കൊറിയയിൽ സംഭവിക്കുന്നത്

തിരിച്ചടികൾ

കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം നികുതി ചുമത്തുമെന്ന് ഭീഷണി മുഴക്കിയത് നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് . അതും വെല്ലുവിളിയായി. പിന്നാലെയാണ് ധനമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡിന്‍റെ (Chrystia Freeland) രാജി. സർക്കാരിനെ താങ്ങിനിർത്തിയിരുന്ന ജഗ്മീത് സിംഗിന്‍റെ (Jagmeet Singh) ന്യൂ ഡെമോക്രാറ്റിക് പാർട്ടിയും (New Democratic Party) കഴിഞ്ഞ സെപ്തംബറിൽ തന്നെ സർക്കാറിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. അമ്പരപ്പിച്ച നീക്കമായിരുന്നു അത്.

ഖാലിസ്ഥാൻ അനുകൂലികളായ എന്‍ഡിപിയ്ക്കുവേണ്ടി ഇന്ത്യയോടും ഏറ്റുമുട്ടിയതാണ് ട്രൂഡോ. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പല വിഷയങ്ങളിലും ട്രൂഡോ പരാജയം എന്ന് ആരോപിച്ചു കൊണ്ടാണ് ജഗ്മീത് സിംഗ് പിന്തുണ പിൻവലിച്ചത്. 'കോർപ്പറേറ്റ് അത്യാഗ്രഹമാണ്' രാജ്യത്ത് വിജയിക്കുന്നതെന്ന് വിമർശിക്കുകയും ചെയ്തു. ഒടുവിൽ സ്വന്തം പാർട്ടിയായ ലിബറൽ പാർട്ടിയിൽ നിന്ന് തന്നെ എതിർപ്പുകൾ പരസ്യമായി ഉന്നയിക്കപ്പെടാനും തുടങ്ങിയതോടെ ട്രൂഡോ, പിൻവാങ്ങാൻ തീരുമാനിച്ചു.

(പിയറി പൊയിലീവ്രെ)

ഇരുട്ടിൽ തപ്പി അമേരിക്ക; സൈനികർ നടത്തിയ രണ്ട് ആക്രമണങ്ങൾ, മരണം 16, അന്വേഷണം പല വഴിക്ക്

കുടിയേറ്റ പ്രശ്നം

അഭിപ്രായ വോട്ടെടുപ്പുകളിൽ പ്രതിപക്ഷ നേതാവ് പിയറി പൊയിലീവ്രെയാണ് (Pierre Poilievre -45) മുന്നിൽ. പക്ഷേ, ട്രൂഡോ സർക്കാരിന്‍റെ കുടിയേറ്റ നയത്തിനുണ്ടായിരുന്നത് മാനുഷിക മുഖമാണ്. 25,000 സിറിയൻ അഭയാർത്ഥികളെ പുനരധിവസിപ്പിച്ചു സർക്കാർ. ഇറാഖ്, അഫ്ഗാനിസ്ഥാൻ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും അഭയാർത്ഥികളെ സ്വീകരിച്ചു. ഇറാഖിലെ യസീദികളെ അടക്കം. തൊഴിൽ പരിചയവും പരിശീലനവും നേടിയവരെ ആവശ്യമായിരുന്നു കാനഡയ്ക്കും. അതും നേടി. 

ട്രൂഡോ സർക്കാരിന്‍റെ തുടക്കത്തിൽ കാനഡ, ഇന്ത്യൻ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്തു. അടുത്തിടെ ഇതെല്ലാം മാറിമറിഞ്ഞു എന്ന് മാത്രം. എല്ലാറ്റിനും പരിധികൾ വന്നു. പക്ഷേ, പ്രതിപക്ഷമാണ് ഭരണമേൽക്കുന്നതെങ്കിൽ കുടിയേറ്റനയം തന്നെ മാറും. അത് കാനഡയിൽ പഠിക്കാനാഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെയും തൊഴിൽ തേടുന്നവരെയും ബാധിക്കും. പ്രതിപക്ഷ നേതാവ് പിയറി പൊയിലീവ്രെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം തന്നെ തൊഴിലവസരങ്ങൾ വിദേശികൾ തട്ടിയെടുക്കുന്നത് തടയും എന്നാണ്.