
പണ്ടും അമേരിക്ക ഗ്രീൻലൻഡിൽ കണ്ണുവച്ചിരുന്നു. 1868 -ൽ. അതിന്‍റെ ബുദ്ധികേന്ദ്രം അന്നത്തെ വിദേശകാര്യ സെക്രട്ടറി വില്യം സെവാർഡ് ആയിരുന്നു. അലാസ്ക വാങ്ങിയതും സെവർഡ് ആണ്. ഗ്രീൻലൻഡ് ആലോചന തുടങ്ങുന്നതിന് ഒരു വർഷം മുമ്പ്, 7.2 മില്യൻ ഡോളറിന്. അന്ന് പക്ഷേ, അത് വലിയൊരു വിഡ്ഢിത്തമായി വിലയിരുത്തപ്പെട്ടു. പരിഹസിക്കപ്പെട്ടു. അത്രയും പരിഹസിക്കപ്പെട്ടില്ലായിരുന്നെങ്കിൽ സെവർഡ്, ഗ്രീൻലൻഡും അന്നേ വാങ്ങിയേനെ. ഗ്രീൻലൻഡിനെക്കുറിച്ച് പഠിച്ച സംഘം ധാതുസമ്പത്തും മത്സ്യസമ്പത്തും വ്യക്തമാക്കിയിരുന്നു. പക്ഷേ, വാങ്ങൽ മാത്രം നടന്നില്ല. 1910 -ലും ഒരു കൊടുക്കൽ വാങ്ങൽ പദ്ധതി നിർദ്ദേശിക്കപ്പെട്ടു. ജർമ്മനി പിടിച്ചെടുത്ത ഡാനിഷ് പ്രദേശം ഉൾപ്പെട്ട കൊടുക്കൽ വാങ്ങൽ. പക്ഷേ, അത് നടന്നില്ല. പകരം ഡെൻമാക്കിൽ നിന്ന് വിർജിൻ അമേരിക്ക ദ്വീപുകൾ വാങ്ങി.
ഇനി ധാരണയിലേക്കാണ്. റട്ടെയോട് ചോദിച്ചപ്പോൾ മാധ്യമങ്ങൾക്കുകിട്ടിയ ഉത്തരം ട്രൂത്ത് സോഷ്യൽ നോക്കൂ എന്നാണ്. അമേരിക്കൻ പ്രസിഡന്‍റ് പറഞ്ഞത് എന്നെന്നേക്കുമുള്ള ധാരണയെന്നും. അങ്ങനെയെങ്കിൽ അത് പണ്ടേയുള്ള ധാരണയാകാം അതായത് 1951 -ലെ ധാരണ. അതൊന്നു പുതുക്കാനാവാം പദ്ധതി എന്ന് നിഗമനം.
ശീതയുദ്ധകാലത്ത് ഗ്രീൻലൻഡിൽ അമേരിക്കയ്ക്ക് 10,000 സൈനികരുണ്ടായിരുന്നു. റഡാറുകളെല്ലാം ഗ്രീൻലൻഡിലായിരുന്നു. സോവിയറ്റ് യൂണിയനിൽ നിന്നുള്ള മിസൈലുകൾ നിരീക്ഷിക്കാൻ. സൈനിക ഔട്ട്പോസ്റ്റുകളും സ്ഥാപിച്ചിരുന്നു. സ്പേസ് ഫോഴ്സും റഡാർ സംവിധാനങ്ങളും ഇപ്പോഴുമുണ്ട്. Pituffik എന്ന വ്യോമാസ്ഥാനവും. 1951 -ലുണ്ടായ ഈ ധാരണയിൽ പിന്നീട് ചില കൂട്ടിച്ചേർക്കലുകളും നടന്നിട്ടുണ്ട്. അമേരിക്കൻ സൈനികർക്ക് എപ്പോൾ വേണമെങ്കിലും പോകാനും വരാനുമുള്ള സ്വാതന്ത്ര്യമടക്കം. 1980 -കൾക്കുശേഷം പക്ഷേ, അമേരിക്കൻ സൈനികസാന്നിധ്യം കൂറവാണ്. ഏതാണ്ട് 100 സൈനികരേയുള്ളൂ എന്നാണ് റിപ്പോർട്ട്.
ലോകമഹായുദ്ധ കാലത്ത് നിഷ്പക്ഷത പ്രഖ്യാപിച്ചതാണ് ഡെൻമാർക്ക്. പക്ഷേ, ജർമ്മനി ഗ്രീൻലൻഡിൽ ആധിപത്യം സ്ഥാപിച്ചു. അന്ന് നാസികളെ തടുക്കാൻ അമേരിക്കയുമായി കരാറിലൊപ്പിട്ടു ഡെൻമാർക്കിന്‍റെ അമേരിക്കൻ അംബാസിഡർ. 1941 -ൽ. അമേരിക്ക സൈനികാസ്ഥാനങ്ങൾ സ്ഥാപിച്ചു, നാവികാസ്ഥാനങ്ങളും. സൈനികരുമെത്തി. യുദ്ധത്തിൽ ജർമ്മനി തോറ്റ് പിൻമാറി. പക്ഷേ, അപ്പോഴേക്ക് പുതിയ ശത്രുവെത്തി. സോവിയറ്റ് യൂണിയൻ.
1949 -ൽ സോവിയറ്റ് യൂണിയനെതിരായി നേറ്റോ എന്ന പ്രതിരോധ സൈനിക സഖ്യം രൂപമെടുത്തു. North Atlantic Treaty Organization - NATO. പിന്നാലെ ആദ്യത്തെ ആണവബോംബ് പൊട്ടിച്ചു സോവിയറ്റ് യൂണിയൻ. അമേരിക്കയെ ലക്ഷ്യമിട്ട് ഗ്രീൻലൻഡിന് മുകളിൽ കൂടി ബോംബറുകൾ പറക്കുന്ന കാലം വിദൂരമല്ലെന്ന് കണ്ട് അമേരിക്കയും ഡെൻമാർക്കും തമ്മിൽ ധാരണയിലൊപ്പിട്ടു. അതാണ് 1951 -ലെ ധാരണ. അതിലെ വ്യവസ്ഥകളിൽ ഡെൻമാർക്കിന് വലിയ താൽപര്യമുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. അമേരിക്കയുടെ താൽപര്യം ഒരു വ്യോമാസ്ഥാനമായിരുന്നു. സോവിയറ്റ് ബോംബറുകളെ തടുക്കാൻ. അതാണ് PITUFFIK.
താൽപര്യമുണ്ടായിരുന്നില്ലെങ്കിൽ എതിർക്കാൻ ഡെൻമാർക്കിന് കഴിയുമായിരുന്നില്ല. കാരണം, ഗ്രീൻലൻഡിന്‍റെ സുരക്ഷ ഉറപ്പിക്കാനുള്ള സൈനിക ശക്തി അന്ന് അമേരിക്കക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ധാരണയിലൊപ്പിട്ടു. തുലെ (Thule) എന്നാണത് അന്നറിയപ്പെട്ടത്. പകരം ഡെൻമാർക്കിന് ചില ചെറിയ വിട്ടുവീഴ്ചകൾ ചെയ്തു കൊടുത്തു.
1951 -നും 53 -നുമിടയിൽ Thule Air Base (Pituffik Space Base), പൂർത്തിയായി. 10,000 അമേരിക്കൻ സൈനികരുമെത്തി. സോവിയറ്റ് യൂണിയന് അമേരിക്കയിലെത്താനുള്ള ദൂരം കുറഞ്ഞ വ്യോമപാത ആർട്ടിക് വഴിയാണ്. അറ്റ്ലാന്‍റിക് കടന്ന് ന്യൂയോർക്കിലെത്താൻ എളുപ്പം. തുലെ ആസ്ഥാനത്തുനിന്ന് അമേരിക്കൻ വിമാനങ്ങൾ ലെനിൻഗ്രാഡിലും മോസ്കോയിലുമെത്താൻ മണിക്കൂറുകൾ മതിയെന്ന അവസ്ഥയായതോടെ, തുലെ വ്യോമാസ്ഥാനം ആ ഭീതിക്ക് അന്ത്യം കുറിച്ചു.
പക്ഷേ, ശീതയുദ്ധം കഴിഞ്ഞതോടെ ഭീഷണിയൊഴിഞ്ഞു. സൈനികർ കുറഞ്ഞു. എങ്കിലും ധാരണ നിലനിന്നു. ഗ്രീൻലൻഡിന്‍റെ ഹോം റൂൾ അനുവദിച്ച് 1951 -ലെ ധാരണ പരിഷ്കരിച്ചു. പക്ഷേ, അമേരിക്കയുടെ അവകാശങ്ങൾ വെട്ടിക്കുറച്ചില്ല. അതിലാണ് ഇനി പരിഷ്കരണം ഉണ്ടാവുക എന്നാണിപ്പോഴത്തെ നിഗമനം. പക്ഷേ, അമേരിക്കയ്ക്ക് ആവശ്യത്തിൽ കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന ധാരണ ഇനി എങ്ങനെ പരിഷ്കരിക്കാൻ എന്നൊരു സംശയമുണ്ട്.